അഞ്ച് മില്യൺ കാഴ്ചക്കാരേയും കടന്ന് 'ലോക- ചാപ്റ്റർ വൺ: ചന്ദ്ര' ട്രെയ്ലർ; 28-ന് തീയേറ്ററുകളിൽ

4 months ago 5

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാം ചിത്രമായ 'ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര'യുടെ ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. റിലീസ് ചെയ്ത് രണ്ടുദിവസം തികയുന്നതിനു മുമ്പ് തന്നെ അഞ്ച് മില്യണ്‍ കാഴ്ചക്കാരില്‍ കൂടുതലാണ് ട്രെയ്ലര്‍ യൂട്യൂബില്‍നിന്ന് നേടിയത്. വലിയ ചര്‍ച്ചയായി മാറിയ ട്രെയ്ലറിന് പ്രേക്ഷകരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം ആഗോള റിലീസായെത്തും.

ഓഗസ്റ്റ് 28 ന് രാവിലെ 9.30 മുതലാണ് ചിത്രത്തിന്റെ ഷോകള്‍ ആരംഭിക്കുക. കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന 'ലോക' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. 'ലോക' എന്ന് പേരുള്ള സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'.

മലയാള സിനിമയില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ഫാന്റസി സൂപ്പര്‍ഹീറോ ചിത്രമാണിതെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന സംഗീതവും കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിച്ച ട്രെയ്ലര്‍, ആക്ഷന്‍, ത്രില്‍, വൈകാരിക നിമിഷങ്ങള്‍, ഫണ്‍, സസ്‌പെന്‍സ് എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും സൂചന നല്‍കി. മലയാള സിനിമയുടെ ലെവല്‍ മാറ്റും ഈ ചിത്രം എന്ന പ്രതീക്ഷയാണ് പ്രേക്ഷകര്‍ പങ്ക് വെക്കുന്നത്. കഴിഞ്ഞ ദിവസം അഡ്വാന്‍സ് ബുക്കിങ് ഓപ്പണ്‍ ആയ ചിത്രത്തിന് ഓണ്‍ലൈന്‍ ബുക്കിങ്ങിലും ഗംഭീരപ്രതികരണമാണ് ലഭിക്കുന്നത്.

സൂപ്പര്‍ഹീറോ ആയ ചന്ദ്ര എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദര്‍ശന്‍ വേഷമിട്ടിരിക്കുന്ന ചിത്രത്തില്‍ സണ്ണി എന്നാണ് നസ്ലിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്‍സ്പെക്ടര്‍ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാന്‍ഡിയും വേണു ആയി ചന്ദുവും, നൈജില്‍ ആയി അരുണ്‍ കുര്യനും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് 'ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര'.

കേരളത്തില്‍ ബിഗ് റിലീസായി വേഫെറര്‍ ഫിലിംസ് എത്തിക്കുന്ന ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിലും എത്തിക്കുന്നത് വമ്പന്‍ വിതരണക്കാരാണ്. തമിഴില്‍ എജിഎസ് സിനിമാസ്, കര്‍ണാടകയില്‍ ലൈറ്റര്‍ ബുദ്ധ ഫിലിംസ് എന്നിവര്‍ വിതരണം ചെയ്യുന്ന ചിത്രം, തെലുങ്കില്‍ സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ്, നോര്‍ത്ത് ഇന്ത്യയില്‍ പെന്‍ മരുധാര്‍ എന്നിവരാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. തെന്നിന്ത്യയിലെ എപിക് സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും.

ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റര്‍: ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ: ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബംഗ്ലാന്‍, കലാസംവിധായകന്‍: ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്: റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, അമല്‍ കെ. സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍: യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്.

Content Highlights: Lokah: Chapter One - Chandra Trailer Out Now!

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article