തോൽവികൾ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്... ഇത് തലമുറമാറ്റത്തിന്റെ കാലമാണ്... എല്ലാം ശരി. പക്ഷേ, കഴിഞ്ഞ ഒൻപത് ടെസ്റ്റുകളിൽ ഒന്നിൽമാത്രമാണ് ഇന്ത്യ ജയിച്ചത്. ഒരെണ്ണം സമനിലയും. ന്യൂസീലൻഡിനെതിരേ ഇന്ത്യൻ മണ്ണിൽ ‘വൈറ്റ് വാഷ്’... പതിറ്റാണ്ടിനുശേഷം ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയോട് പരമ്പര തോൽവി. ലീഡ്‌സിൽ ഇംഗ്ലണ്ടിനെതിരേ രണ്ടാം ഇന്നിങ്‌സിൽ 371 എന്ന റൺമലപോലും പ്രതിരോധിക്കാനാകാതെ മുട്ടുകുത്തി. അടുത്ത കളി എഡ്ജ്ബാസ്റ്റണിലാണ്, ഇന്ത്യ ഇന്നേവരെ ഒരു മത്സരം ജയിക്കാത്ത ഗ്രൗണ്ട്...!
ലീഡ്‌സിൽ ഇംഗ്ലണ്ട് ടീമിലെ രണ്ടുപേർ മാത്രമാണ് സെഞ്ചുറി നേടിയത്. ആദ്യ ഇന്നിങ്‌സിൽ ഓലി പോപ്പും (106) രണ്ടാം ഇന്നിങ്‌സിൽ ബെൻ ഡക്കറ്റും (149). ഇന്ത്യൻനിരയിൽ അഞ്ച് സെഞ്ചുറികളുണ്ടായിരുന്നു. ആദ്യ ഇന്നിങ്‌സിൽ യശസ്വി ജയ്‌സ്വാൾ (101), ശുഭ്മാൻ ഗിൽ (147), ഋഷഭ് പന്ത് (134). രണ്ടാമിന്നിങ്‌സിൽ കെ.എൽ. രാഹുൽ (137), ഋഷഭ് പന്ത് (118) എന്നിവർ. ഫലമോ, അഞ്ച് സെഞ്ചുറി നേടിയശേഷം ടെസ്റ്റ് അടിയറവെക്കുന്ന ലോകത്തെ ആദ്യടീമായി ഇന്ത്യ. ലീഡ്‌സിലെ വിജയം ഇംഗ്ലണ്ട് അടിച്ചെടുത്തതല്ല, ഇന്ത്യ എതിരാളിയുടെ ഉള്ളംകൈയിൽ വെച്ചുകൊടുത്തതാണ്. രണ്ട് ഇന്നിങ്‌സിലുമായി ഇന്ത്യ 835 റൺസ് അടിച്ചു. ഇത്രയും റൺസ് നേടിയശേഷം തോൽക്കുന്ന നാലാമത്തെ ടീമുമായി. ഇംഗ്ലണ്ട് (861), പാകിസ്താൻ (847), ന്യൂസീലൻഡ് (837) ടീമുകളാണ് മുന്നിൽ.
ടേണിങ് പോയിന്റ്
ആദ്യ ഇന്നിങ്‌സിൽ നായകൻ ഗില്ലിന്റെ പുറത്താകലാണ് ഇന്ത്യയുടെ താളം തെറ്റിച്ചത്. ഇന്ത്യ നാലിന് 430 എന്ന സ്‌കോറിലെത്തിയപ്പോൾ ശുഭ്മാനും (147) ഋഷഭ് പന്തു(134)മായിരുന്നു ക്രീസിൽ. റൺറേറ്റ് ഉയർത്തേണ്ടത് അത്യാവശ്യമായിരുന്നു. പക്ഷേ, ആ ചുമതല ഋഷഭിനെ ഏൽപ്പിക്കുന്നതിനുപകരം ഗിൽ സ്വയം അതേറ്റെടുത്ത് സ്പിന്നർ ഷോയിബ് ബഷീറിനെ സിക്‌സറടിക്കാൻ നോക്കി, പന്ത് ഡീപ് മിഡ് വിക്കറ്റിൽ ജോഷ് ടങ്ങിന് ക്യാച്ച്. അവിടെ ഇന്ത്യയുടെ കൂട്ടത്തകർച്ച തുടങ്ങി. ശുഭ്മാനും ഋഷഭും തുടർന്നിരുന്നെങ്കിൽ സ്കോർ 500 കടന്നേനെ.
ക്യാച്ചസ് വിൻ മാച്ചസ്
‘ക്യാച്ചസ് വിൻ മാച്ചസ്’ എന്നത് ക്രിക്കറ്റിലെ ക്ലീഷേ വാചകമാണെങ്കിലും അത് ഇപ്പോഴും സത്യമാണ്. ലീഡ്‌സിൽ ഇന്ത്യ ആറ് ക്യാച്ചുകൾ കൈവിട്ടു. അതിൽ നാലെണ്ണം ചോർന്നത് ഗള്ളി സ്‌പെഷ്യൽ ഫീൽഡർ എന്നു പേരെടുത്ത ജയ്‌സ്വാളിൽനിന്നും. ജയ്‌സ്വാൾ നിലത്തിട്ട മൂന്ന് ക്യാച്ചുകളും ബുംറയുടെ പന്തിലായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് ജയത്തിലേക്ക് കുതിച്ചത് ബെൻ ഡക്കറ്റിന്റെ 149 എന്ന സ്‌കോറിന്റെ അടിത്തറയിലായിരുന്നു. ഡക്കറ്റ് 97-ൽനിൽക്കെ മുഹമ്മദ് സിറാജിന്റെ പന്തിൽ കളിച്ച പുൾഷോട്ട് എഡ്‌ജെടുത്ത് പൊങ്ങി, അനായാസമായൊരു ക്യാച്ചായി മാറേണ്ടത് ഡീപ് സ്‌ക്വയർ ലെഗ്ഗിൽ യശസ്വി വിട്ടുകളഞ്ഞു. രവീന്ദ്ര ജഡേജയുടെ പന്തിൽ ബെൻ സ്റ്റോക്‌സിന്റെ ഗ്ലൗവിൽത്തട്ടി ഉയർന്ന പന്ത് പിടിക്കാൻ രാഹുലോ കീപ്പർ ഋഷഭോ ശ്രമിക്കാത്തത് മറ്റൊരു ഉദാഹരണം.
വാലാട്ടമില്ലാതെ
ശക്തരായ ടീമുകളുടെ മത്സരത്തിൽ വാലറ്റത്തിന്റെ ബാറ്റിങ് പ്രകടനം പലപ്പോഴും ജയത്തിൽ നിർണായകമാകും. ഇക്കുറി ഇന്ത്യയുടെ വാലറ്റം രണ്ട് ഇന്നിങ്‌സിലും അമ്പേ പരാജയമായിരുന്നു. ആദ്യ ഇന്നിങ്‌സിൽ 430-ന് മൂന്ന് എന്നനിലയിൽനിന്ന് 471 ഓൾ ഔട്ട്. 41 റൺസിനിടെ വീണത് ഏഴുവിക്കറ്റ്. രണ്ടാം ഇന്നിങ്‌സിൽ നാലിന് 333 എന്നനിലയിൽനിന്ന് 364-ന് ഓൾ ഔട്ട്. 31 റൺസിനിടെ വീണത് ആറുവിക്കറ്റ്. രണ്ട് ഇന്നിങ്‌സുകളിലുമായി ശാർദൂൽ ഠാക്കൂർ മുതൽ പ്രസിദ്ധ് കൃഷ്ണവരെയുള്ള നാലു ബാറ്റർമാർ നേടിയത് ഒൻപതുറൺ മാത്രം.
ബുംറയില്ലെങ്കിൽ
ജിമ്മി ആൻഡേഴ്‌സണും സ്റ്റുവർട്ട് ബ്രോഡും വിരമിച്ചശേഷമുള്ള ഇംഗ്ലണ്ടിന്റെ യുവനിര അവസരത്തിനൊത്തുയർന്നു. പക്ഷേ, ഇന്ത്യയുടെ ബൗളിങ് ചോദ്യചിഹ്നമായി. ബുംറയൊഴികെ ഒരാൾപോലും ഇംഗ്ലണ്ടിന് ഭീഷണിയായില്ല. ബുംറയ്ക്കുമാത്രമേ വിക്കറ്റെടുക്കുമെന്ന തോന്നലുണ്ടാക്കാനാകുന്നുള്ളൂ എന്നതാണ് വെല്ലുവിളി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മുഴുവൻ ടെസ്റ്റുകളും ജസ്‌പ്രീത് ബുംറ കളിക്കുമോയെന്ന് ഇതുവരെ ഉറപ്പില്ല. ബുംറയുടെ ഫിറ്റ്‌നസ് അനുവദിക്കുമെങ്കിലേ അതിന് സാധ്യതയുള്ളൂ. എന്നിട്ടും ഇന്ത്യൻ പേസർമാരിൽ കൂടുതൽ ഓവറുകൾ എറിയേണ്ടിവന്നത് ബുംറയ്ക്കാണ് (44). ഓൾറൗണ്ടറായി ടീമിനൊപ്പം കൂട്ടിയ ശാർദൂൽ ഠാക്കൂർ രണ്ട് ഇന്നിങ്‌സുകളിലുമായി എറിഞ്ഞത് 16 ഓവർ മാത്രം. ഏക സ്പിന്നറായ രവീന്ദ്ര ജഡേജയ്ക്കും ഒന്നും ചെയ്യാനായില്ല.
രാഹുൽ ദ്രാവിഡിൽനിന്ന് ഗൗതം ഗംഭീർ ഹെഡ് കോച്ച് പദവി ഏറ്റെടുത്തശേഷം ഇന്ത്യ കളിച്ച 11 ടെസ്റ്റുകളിൽ ഏഴ് തോൽവി മൂന്ന് ജയം ഒരു സമനില എന്നതാണ് സ്ഥിതി. വിരാടും രോഹിതും അശ്വിനും ഒഴിച്ചിട്ടുപോയ വിടവ് നികത്താനുള്ള ശ്രമത്തിലാണ് ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീം. അതത്ര എളുപ്പമല്ലെന്ന് ലീഡ്സ് ടെസ്റ്റോടെ ബോധ്യപ്പെട്ടിട്ടുണ്ടാകും. തോൽവികളിൽ നിന്ന് പാഠം പഠിച്ചാൽ അടുത്ത ടെസ്റ്റിൽ ടീമിൽ വലിയ മാറ്റങ്ങളുണ്ടാകും.
Content Highlights: india england leeds trial england win








English (US) ·