അഞ്ച് സെഞ്ചുറിയും തോല്‍വിയുടെ ഇഞ്ചുറിയും; സ്‌കോറിങ്ങ് റേറ്റോ സ്‌കോറിങ് സമയമോ പ്രധാനം?

6 months ago 6

ണ്ട് 1990-കളിലും 2000-ന്റെ തുടക്കത്തിലും സച്ചിനെ ചുറ്റിപ്പറ്റി ഇന്ത്യന്‍ ക്രിക്കറ്റ് സഞ്ചരിച്ച കാലം. സച്ചിന്‍ സെഞ്ചുറി നേടുന്നു, എന്നിട്ടും ഇന്ത്യ തോല്‍ക്കുന്നു. സച്ചിനും സച്ചിന്റെ ആരാധകരും നിരന്തരം കേട്ടിരുന്ന ആക്ഷേപമായിരുന്നു ഇത്. സച്ചിന്‍ നേടിയ റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ ബാക്കി എല്ലാവരുംകൂടി എത്ര കളിയില്‍ എത്ര റണ്‍സ് നേടി എന്നചോദ്യം അപ്പോഴും ശേഷിച്ചിരുന്നു.

ഇന്നിതാ സച്ചിനും കോലിയും അടക്കം മഹാരഥന്മാരൊക്കെ പാഡഴിച്ചു. പുതിയ താരങ്ങള്‍ പകരക്കാരായി. യുവനായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ ലീഡ്സ് ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലുമായി അഞ്ച് സെഞ്ചുറുകള്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നേടി. എന്നിട്ടും ഇന്ത്യ തോറ്റു. ആരാധാകര്‍ക്കും അത് വിശ്വസിക്കാനാകുന്നില്ല. നായകനായി സെഞ്ചുറിയോടെ ഗില്‍ അരങ്ങേറി. ഉപനായകന്‍ പന്ത് രണ്ട് ഇന്നിങ്സിലും സെഞ്ചുറി അടിച്ചു. വിദേശ പച്ചുകളില്‍ ബാറ്റിങ് മറന്നവരല്ല ഈ യുവനിര. മിന്നും പ്രകടനം തന്നെ. പക്ഷേ തോറ്റു. എത്ര സെഞ്ചുറി നേടിയിട്ട് എന്ത് കാര്യം കളി തോറ്റാല്‍.

ടെസ്റ്റ് ക്രിക്കറ്റിന്റെ 148 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് അഞ്ച് സെഞ്ചുറി ഇന്നിങ്സുകളുണ്ടായിട്ടും ആ ടീം കളിയില്‍ തോല്‍ക്കുന്നത്. രണ്ട് ഇന്നിങ്സിലുമായി ഇന്ത്യയും ഇംഗ്ലണ്ടും കൂടി അടിച്ചെടുത്തത് 1673 റണ്‍സ്. ഇരുടീമുകളും(ഇന്ത്യയും ഇംഗ്ലണ്ടും) ചേര്‍ന്ന് ഒരു ടെസ്റ്റില്‍ ഇത്രയും റണ്‍സ് നേടുന്നതും ഇതാദ്യം. 1990-ല്‍ മാഞ്ചെസ്റ്റര്‍ ടെസ്റ്റില്‍ 1614 റണ്‍സ് പിറന്നതാണ് ഇതിന് മുമ്പത്തെ റെക്കോഡ്. ആ കളി പക്ഷേ സമനിലയില്‍ പിരിഞ്ഞു.

ലീഡ്സ് ടെസ്റ്റില്‍ ഇന്ത്യക്ക് എവിടെയാണ് പിഴച്ചത്. ഒരിക്കലും തോല്‍ക്കില്ലെന്ന് ഉറപ്പിച്ചിരുന്ന ഒരു കളിയാണ് ഇന്ത്യ തോറ്റത്. ജയം അല്ലെങ്കില്‍ സമനില അതിനുള്ള സേഫ് സോണിലായിരുന്നു കളിയിലുടനീളം ഇന്ത്യ. എന്നിട്ടും തോറ്റു. കുറ്റം ബൗളര്‍മാരുടെയാണോ അതോ കൂട്ടത്തോടെ ക്യാച്ച് നഷ്ടപ്പെടുത്തിയ ഫീല്‍ഡിങ് പിഴവോ. അതോ ഇത്രയൊക്കെ സ്‌കോര്‍ ചെയ്തിട്ടും ബാറ്റര്‍മാരാണോ പ്രതികള്‍. ടെസ്റ്റിലും തോല്‍ക്കില്ലെന്ന് ഉറപ്പിക്കാവുന്ന ഒരു സ്‌കോര്‍ എത്ര എന്നതും പുനര്‍നിര്‍വചിക്കേണ്ടിവരും.

അഞ്ചോ പത്തോ വര്‍ഷം മുമ്പത്തെ ടെസ്റ്റ് കാലം വച്ച് ഇന്ത്യ ഈ ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ നേടിയ 471 റണ്‍സെന്നാല്‍ സമനില ഉറപ്പായിരുന്നു. ഒരുവശത്ത് മികച്ച സ്‌കോറല്ല മികച്ച റണ്‍റേറ്റ് ആണ് കളിയുടെ ഗതി നിര്‍ണയിച്ചത് എന്നും വ്യാഖ്യാനിക്കാം. അതായത് സ്‌കോറിനെക്കാള്‍ സ്‌കോറിങ്ങിനെടുത്ത സമയം കുറഞ്ഞു. ഇന്നിങ്സ് സമയം കുറഞ്ഞു. ഇന്ത്യ നാല് റണ്‍സ് ശരാശരിയില്‍ 471, 364 റണ്‍സ് വീതം സ്‌കോര്‍ ചെയ്തു, ഇംഗ്ലണ്ട് അതിലും മുന്നിലെത്തി. 4.57 ശരാശരിയില്‍ 465, 373 റണ്‍സ് വീതം ഇരു ഇന്നിങ്സിലുമായി നേടി. നാല് പേര്‍ അഞ്ച് സെഞ്ചുറി നേടിയപ്പോള്‍ വാലറ്റത്ത് കൂട്ടത്തകര്‍ച്ച രണ്ട് ഇന്നിങ്സിലും സംഭവിച്ചതാണ് മറ്റൊരു കാരണം. ആദ്യ ഇന്നിങ്സില്‍ 41 റണ്‍സിന് ഏഴും രണ്ടാം ഇന്നിങ്സില്‍ 31 റണ്‍സിന് ആറ് വിക്കറ്റുമാണ് വീണത്. ഈ കൂട്ടത്തകര്‍ച്ചയില്‍ 10 പന്ത് തികച്ച് നേരിട്ടവര്‍ തന്നെ രണ്ടോ മൂന്നോ പേരാണ്.

ടെസ്റ്റില്‍ സ്‌കോര്‍ ചെയ്യുന്നതിന്റെ വേഗത്തേക്കാള്‍ ദൈര്‍ഘ്യമേറിയ ഇന്നിങ്സിനും വിലയുണ്ട് എന്ന് ഈ ടെസ്റ്റ് ഉത്തരം നല്‍കി. കുറച്ചുകൂടി ഡിഫന്‍സീവായി കൂടുതല്‍ ബോളുകള്‍ നേരിടാനുള്ള ക്ഷമയെങ്കിലും വാലറ്റത്തുള്ളവര്‍ കാണിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. ഒരു ഉദാഹരണം. രണ്ടാം ഇന്നിങ്സില്‍ നാലാം ദിവസത്തെ കളിശേഷിക്കാന്‍ ഏതാനും ഓവര്‍ മാത്രമുള്ളപ്പോള്‍ എല്ലാ ഓവറിലും അവസാന രണ്ട് പന്തുകളില്‍ ഒന്നില്‍ കൃത്യമായി സിംഗിളെടുത്ത് കൃത്യമായി സട്രൈക്ക് എടുത്ത് ഇന്നിങ്സ് മുന്നോട്ട് നീക്കിയ ജഡേജ നന്നായി ബാറ്റ് ചെയ്യുമ്പോഴാണ് സിക്സറടിക്കാനുള്ള ഹാരി ബ്രൂക്കിന്റെ പ്രകോപനം കേട്ട് പ്രസിദ്ധ് കൃഷ്ണ വിക്കറ്റ് വലിച്ചെറിഞ്ഞത്.

ആറ് വിലപ്പെട്ട ക്യാച്ച് നഷ്ടപ്പെടുത്തിയ ടീം ബൗളര്‍മാരോട് നിര്‍ഭാഗ്യമെന്ന് പറയുമ്പോള്‍ വലിയ ക്രൂരതയാണ് ചെയ്യുന്നത്. ബൗളര്‍മാരിലേക്ക് വന്നാല്‍ ആദ്യ ഇന്നിങ്സില്‍ ബുംറയ്ക്ക് ഒരു മികച്ച പങ്കാളിയില്ലാതെ പോയി. രണ്ടാം ഇന്നിങ്സില്‍ ബുംറയ്ക്ക് വിക്കറ്റും കിട്ടിയില്ല. പ്രസിദ്ധ് കൃഷ്ണ മാത്രം വിട്ടുനല്‍കിയത് 220 റണ്‍സാണ്. സിറാജ്-173, ജഡേജ-172, ബുംറ-140 ഇങ്ങനെ പോകുന്നു. ബാറ്റിങ്ങ് കരുത്തുകൂട്ടാന്‍ ടീമിലെടുത്ത ശാര്‍ദുല്‍ താക്കൂര്‍ സമ്പൂര്‍ണ പരാജയമായി. രണ്ടാം ഇന്നിങ്സില്‍ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ ഡക്കറ്റിന്റെയും ബ്രൂക്കിന്റെയും വിക്കറ്റ് ബാറ്റര്‍മാരുടെ കൂടി സംഭാവനയാണെന്ന് പറയാം.

മറുവശത്ത് ഇംഗ്ലീഷ് നിരയില്‍ ജോഷ് ടങ് ഒറ്റ ഓവര്‍, അതും മെയ്ഡനായി മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. ഓര്‍ക്കുക ഇംഗ്ലീഷ് നിരയിലും ആന്‍ഡേഴ്സണും ബ്രോഡും നയിച്ച പേസ് നിരയുടെ കുന്തമുന അവര്‍ക്ക് അന്യമായിട്ടും അവര്‍ ജയിച്ചു. വിരസമായി മാറിത്തുടങ്ങിയ ടെസ്റ്റ് ക്രിക്കറ്റിന് ജീവന്‍നല്‍കിയത് ഇംഗ്ലണ്ടിന്റെ ബാസ് ബോള്‍ ശൈലിയാണ്. സമനിലയ്ക്ക് വേണ്ടി കളിക്കാതെ റിസള്‍ട്ടിന് വേണ്ടി കളിക്കുക. അതുവഴി ടെസ്റ്റ് ഏകദിനമായി പരിണമിക്കുന്നു. ലീഡ്സിലും ഇംഗ്ലണ്ട് ആ ശൈലി നടപ്പാക്കി. ഗൗതം ഗംഭീര്‍ കോച്ചായി വന്നപ്പോള്‍ ബാസ് ബോള്‍ ശൈലി എന്ന് പേരിട്ടില്ലെങ്കിലും ആ ട്രാക്കിലാണ് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലും മാറ്റം നിര്‍ദേശിച്ചത്. തട്ടിയും മുട്ടിയും വേണ്ട റിസ്‌ക് എടുത്ത് ജയിക്കാം എന്ന സമീപനം. രണ്ടര ദിവസത്തോളം മഴ മുടക്കിയിട്ടും കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരെ ഇന്ത്യ ഒരു ടെസ്റ്റ് ജയിച്ചത് രോഹിത്തും സംഘവും ആക്രമണ ശൈലി പുറത്തെടുത്താണ്. അതിന് ശേഷം ഇങ്ങോട്ട് തോല്‍വിയുടെ തുടര്‍ക്കഥയാണ് ഗംഭീറിന് കീഴില്‍. ജയിക്കാന്‍ നോക്കി കളി തോല്‍ക്കണോ തോല്‍ക്കാതെ സമനിലയെങ്കിലും ഉറപ്പിക്കണോ എന്ന ചര്‍ച്ച ഈ പരമ്പരയ്ക്കിടെ ഇനി ഉയരാനിടയുണ്ട്.

Content Highlights: India`s Leeds Test decision contempt 5 centuries raises questions: Was it scoring rate

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article