അഞ്ച് സെറ്റുകൾ, മൂന്നു ടൈ ബ്രേക്കുകൾ, എന്നിട്ടും കിരീടം കൈവിടാതെ അല്‍കാരസ്, പൊരുതി വീണ് യാനിക് സിന്നർ

7 months ago 8

ഓൺലൈൻ ഡെസ്ക്

Published: June 08 , 2025 07:52 PM IST Updated: June 09, 2025 01:19 AM IST

2 minute Read

 ALAIN JOCARD / AFP)
കാർലോസ് അൽകാരസ് ഫ്രഞ്ച് ഓപ്പൺ ട്രോഫിയുമായി. (Photo: ALAIN JOCARD / AFP)

പാരിസ്∙ അഞ്ചു സെറ്റുകൾ നീണ്ട പോരാട്ടം, മൂന്നു ടൈ ബ്രേക്കുകൾ, അഞ്ചര മണിക്കൂറോളം പാരിസിലെ കളിമൺ കോർട്ടിൽ വിയർത്തുകളിച്ചിട്ടും ഫ്രഞ്ച് ഓപ്പൺ കിരീടം കാർലോസ് അൽകാരസിൽനിന്ന് തട്ടിയെടുക്കാൻ യാനിക് സിന്നറിനു സാധിച്ചില്ല. ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്പാനിഷ് താരം കാർലോസ് അല്‍കാരസ് നിലനിർത്തി. സ്കോർ– 6–4, 7–6 (7–4), 4–6, 6–7 (3–7), 6–7 (2–10). അൽകാരസിന്റെ അഞ്ചാം ഗ്രാൻഡ്സ്‍ലാം വിജയമാണിത്. ഫ്രഞ്ച് ഓപ്പണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നിനാണ് ഇന്ന് പാരിസിലെ കളിമൺ കോർട്ട് സാക്ഷ്യം വഹിച്ചത്. ഫ്രഞ്ച് ഓപ്പണിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനല്‍ പോരാട്ടം കൂടിയാണിത്.

മത്സരത്തിന്റെ 12 മിനിറ്റോളം നീണ്ട ഓപ്പണിങ് ഗെയിം യാനിക് സിന്നറാണു ആദ്യം വിജയിച്ചത്. തുടർന്ന് അൽകാരസും തിരിച്ചടിച്ചതോടെ സ്കോർ 2–2 എന്ന നിലയിലായി. എന്നാൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിൽ സിന്നർ 5–4ന് മുന്നിലെത്തി. പിന്നാലെ അൽകാരസിന്റെ കണ്ണിനു ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ മത്സരം കുറച്ചുനേരത്തേക്കു നിർത്തിവച്ചു. എന്നാൽ സിന്നറിന്റെ വിജയം വൈകിക്കാനെ അത് ഉപകരിച്ചുള്ളൂ. ആദ്യ സെറ്റ് 6–4ന് സ്വന്തമാക്കിയ സിന്നർ നിലവിലെ ചാംപ്യനെ പ്രതിരോധത്തിലാക്കി.

രണ്ടാം സെറ്റിന്റെ തുടക്കം മുതൽ ഇറ്റാലിയൻ താരത്തിനായിരുന്നു ആധിപത്യം. സിന്നർ 3–0ന് മുന്നിലെത്തിയതോടെ അല്‍കാരസ് സമ്മർ‍ദത്തിലായി. പൊരുതിക്കയറിയ അൽകാരസ് ഒരു ഘട്ടത്തിൽ മത്സരം 5–5 എന്ന നിലയിലെത്തിച്ചു. തിരിച്ചുവരവ് സാധ്യമായില്ലെങ്കിലും രണ്ടാം സെറ്റ് 7–6ന് ട്രൈ ബ്രേക്കറിലേക്കു നീട്ടിയെടുക്കാൻ അൽകാരസിനു സാധിച്ചു. എന്നാൽ ടൈ ബ്രേക്കറ്റില്‍ സിന്നറുടെ ആധിപത്യം പ്രകടമായിരുന്നു. 7–4ന് സിന്നർ വിജയിച്ചു. ആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷം കരിയറിൽ ഒരു മത്സരവും അൽകാരസിനു ജയിക്കാൻ സാധിച്ചിട്ടില്ല എന്നൊരു ചരിത്രം കൂടിയുണ്ടായിരുന്നു. പക്ഷേ അതു തിരുത്താനായിരുന്നു സ്പാനിഷ് താരത്തിന്റെ തീരുമാനം.

മൂന്നാം സെറ്റ് സ്വന്തമാക്കാൻ തകർത്തുകളിച്ച അൽകാരസ്, ആദ്യ ഗെയിമുകളിൽ 2–1ന് മുന്നിലെത്തി. പിന്നീടും അൽകാരസ് സിന്നറെ പ്രതിരോധത്തിലാക്കി. സ്കോര്‍ 4–1. എന്നാൽ സിന്നർ തിരിച്ചുവരവിന് ശ്രമിച്ചതോടെ മൂന്നാം സെറ്റ് 4–5 എന്ന നിലയിലെത്തി. സിന്നറുടെ ആധിപത്യം കൈവിട്ടതോടെ വീണ്ടും മൂന്നാം സെറ്റിലെ പോരാട്ടം കടുത്തു. മൂന്നാം സെറ്റ് 4–6നാണ് സ്പാനിഷ് താരം വിജയിച്ചത്. ഒരു തിരിച്ചുവരവിന്റെ തുടക്കം കൂടിയായിരുന്നു ഇത്.

നാലാം സെറ്റിന്റെ തുടക്കത്തിൽ തുല്യശക്തികളുടെ പോരാട്ടത്തിനാണ് കളിമൺ കോർട്ട് സാക്ഷ്യം വഹിച്ചത്. എന്നാൽ പിന്നീട് ഇറ്റാലിയൻ താരം 5–3ന് മുന്നിലെത്തി. അപ്പോഴും അൽകാരസ് വിട്ടുകൊടുക്കാതെ പോരാടി. ഒടുവിൽ നാലാം സെറ്റിന്റെ അവസാന ഘട്ടത്തിൽ സ്കോര്‍ 6–6 എന്ന നിലയിൽ. ഇതോടെ നാലാം സെറ്റിലും ടൈ ബ്രേക്ക്. പക്ഷേ ടൈ ബ്രേക്കറിലും വിട്ടുകൊടുക്കാൻ സ്പാനിഷ് താരം തയാറായിരുന്നില്ല. 3–7ന് അല്‍കാരസ് നാലാം സെറ്റിലെ ടൈ ബ്രേക്കർ വിജയിച്ചു. മത്സരം ആവേശകരമായ അഞ്ചാം സെറ്റിലേക്ക്.

അഞ്ചാം സെറ്റിലും പരസ്പരം വിട്ടുകൊടുക്കാതെയുള്ള പോരാട്ടമായിരുന്നു സിന്നറും അൽകാരസും തമ്മിൽ. അഞ്ചാം സെറ്റും 6–6 എന്ന സ്കോറിലെത്തിയതോടെ ഫൈനലിൽ മൂന്നാം തവണയും ടൈ ബ്രേക്ക്. അവസാന ടൈ ബ്രേക്കിൽ 2–10ന് വിജയിച്ചതോടെ അൽകാരസ് ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നിലനിർത്തി. 2024ലും അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് കാർലോസ് അൽകാരസ് ഫ്രഞ്ച് ഓപ്പൺ വിജയിച്ചത്. ആദ്യ സെറ്റ് അൽകാരസും രണ്ടും മൂന്നു സെറ്റുകൾ ജർമൻ താരം അലക്സാണ്ടർ സ്വരേവും വിജയിച്ചു. പിന്നീടുള്ള രണ്ടു സെറ്റുകളും സ്വന്തമാക്കിയാണ് അൽകാരസ് ഫ്രഞ്ച് ഓപ്പണിലെ ആദ്യ കിരീടം വിജയിച്ചത്. 

English Summary:

French Open Mens Singles Final Updates, Carlos Alcaraz vs Jannik Sinner Match Updates

Read Entire Article