“നാളെ ഞാന്‍ ഉറക്കമുണരുന്നത് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര അവസാനിച്ചല്ലോ എന്ന ദുഃഖത്തോടെയായിരിക്കും. ” പറഞ്ഞത് ഇംഗ്ലണ്ടിന്‍റെ മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ ആണ്. ആവേശം കൊടുമുടി കയറിയ അഞ്ചാം ടെസ്റ്റിന്‍റെ അവസാന ദിവസം ഇന്ത്യയുടെ അവിശ്വസനീയവും വീരോചിതവുമായ വിജയത്തിനു ശേഷം പരമ്പരയെ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. നാസര്‍ ഹുസൈന്‍ പറഞ്ഞതു തന്നെയാണ് ക്രിക്കറ്റ് ലോകവും പറഞ്ഞുകൊണ്ടിരിക്കുന്നത്. സമീപകാല ക്രിക്കറ്റ് ചരിത്രത്തില്‍ ഇത്രയും ആവേശകരമായ മറ്റൊരു ടെസ്റ്റ് പരമ്പര ഉണ്ടായിട്ടില്ലെന്ന് കളിയെഴുത്തുകാരും വിശകലന വിദഗ്ധരും ഒരേ സ്വരത്തില്‍ പറയുന്നു.
അഞ്ചാം ടെസ്റ്റിന്‍റെ നാലാം ദിവസം കളിയവസാനിക്കുമ്പോള്‍ മുന്‍തൂക്കം ഇംഗ്ലണ്ടിനു തന്നെയായിരുന്നു. പരമ്പര 3-1 എന്ന നിലയില്‍ അവസാനിക്കുമെങ്കില്‍ അതൊരിക്കലും പരമ്പരയുടെ പ്രതിഫലനമായിരിക്കില്ലെന്നും ഈ ഇന്ത്യന്‍ ടീം സമനില അര്‍ഹിക്കുന്നു എന്നും മുന്‍ ക്യാപ്റ്റന്‍ മൈക്ക് ആതര്‍ട്ടണും നാസര്‍ ഹുസൈനും നാലാം ദിവസം കളിയവസാനിച്ചപ്പോള്‍ പറഞ്ഞിരുന്നു. അഞ്ചു ടെസ്റ്റും അഞ്ചാം ദിവസത്തിലേക്ക് കടന്ന പരമ്പരയില്‍ 25 ദിവസവും ബാറ്റും പന്തും കയ്യും മെയ്യും പല്ലും നഖവുമെല്ലാം ഉപയോഗിച്ച് തുല്യനിലയില്‍ രണ്ടു ടീമും പൊരുതി. 22 വാരയ്ക്കുള്ളില്‍ ബാറ്റും പന്തും ഉപയോഗിച്ചും, അതിനു പുറത്ത് വാക്കുകള്‍ കൊണ്ടും അവര്‍ പരസ്പരം ആക്രമിച്ചു. ഗ്രൗണ്ടിനുള്ളില്‍ വിട്ടുവീഴ്ചയില്ലാതെ പൊരുതിയെങ്കിലും ഗ്രൗണ്ടിനു പുറത്ത് ശരിയായ പോരാളികളെപ്പോലെ പരസ്പരം ബഹുമാനിച്ചു.
ഓവലില്‍ നടന്ന അഞ്ചാം ടെസ്റ്റിലേക്ക് ഇന്ത്യ വരുന്നതു തന്നെ മുറിവേറ്റ പോരാളികളായിട്ടാണ്. നാലാം ടെസ്റ്റില്‍ തോല്‍ക്കുമെന്നു കരുതിയിടത്തു നിന്ന് പൊരുതി നേടിയ സമനിലയുടെ അവസാനം രവീന്ദ്ര ജഡേജയെയും വാഷിങ്ടണ്‍ സുന്ദറിനെയും സെഞ്ചുറി തികയ്ക്കാന്‍ അനുവദിക്കാതെ കളിയവസാനിപ്പിക്കാന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് തീരുമാനിച്ചപ്പോള്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. കളി തുടരാന്‍ നിര്‍ബന്ധിതനായ സ്റ്റോക്സ് ജഡേജയുടെയും സുന്ദറിന്‍റെയും പോരാട്ടത്തെ നിസ്സാരവല്‍കരിക്കാന്‍ നടത്തിയ ശ്രമം ഇന്ത്യയെ വല്ലാതെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.

ടെസ്റ്റ് തുടങ്ങുന്നതിന് രണ്ടു ദിവസം മുന്‍പ് ഓവല്‍ ഗ്രൗണ്ട് ക്യുറേറ്റര്‍ ലീ ഫോര്‍ട്ടിസും ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറുമായുള്ള വാക്കേറ്റവും മാധ്യമശ്രദ്ധ പിടിച്ചുപറ്റി. ലോകകപ്പ് ജേതാവ് കൂടിയായ ഗംഭീറിനെക്കുറിച്ച് “എനിക്കയാളെ അറിയില്ല. എന്താണയാളുടെ പ്രശ്നം എന്ന് നിങ്ങള്‍ ചോദിക്കൂ, ” എന്ന് ഇംഗ്ലണ്ടുകാര്‍ക്കു സഹജമായ ഔദ്ധത്യത്തോടെ ഫോര്‍ട്ടിസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞു. “ഗ്രൗണ്ട് നോക്കാന്‍ വന്നവന്‍ അതു ചെയ്താല്‍ മതി. ഞങ്ങള്‍ എന്തു ചെയ്യണം എന്നു പറയരുത് , ” എന്ന് ഗംഭീര്‍ തിരിച്ചടിക്കുകയും ചെയ്തു. ചെറുതെങ്കിലും ഈ സംഭവവും ഇന്ത്യയുടെ പോരാട്ടവീര്യത്തെ ഉണര്‍ത്തിയിരിക്കണം.
അടിക്കു തിരിച്ചടി എന്ന നിലയില്‍ പരമ്പര തുല്യനിലയില്‍ അവസാനിക്കുമ്പോള്‍ 2005ലെ ആഷസ് പരമ്പരയ്ക്കു തുല്യം എന്നാണ് പലരും വിലയിരുത്തുന്നത്. അന്ന് റിക്കി പോണ്ടിങ്ങിന്‍റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയയ്ക്കു മുന്നില്‍ ഇംഗ്ലണ്ട് തകര്‍ന്നടിയും എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, മൈക്കല്‍ വോണിന്‍റെ നേതൃത്വത്തില്‍ ഫ്ലിന്‍റോഫും ഹാര്‍മിസണും പീറ്റേഴ്സണുമെല്ലാം തകര്‍ത്തു കളിച്ചപ്പോള്‍ അത് ഇംഗ്ളണ്ട് ക്രിക്കറ്റില്‍ ഒരു പുതുയുഗപ്പിറവി കൂടിയായിരുന്നു.
ഇതിഹാസ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും രവിചന്ദ്രന്‍ അശ്വിനും ഇല്ലാത്ത ഇന്ത്യ വളരെ നിര്‍ണായകമായ വിദേശ പരമ്പരയ്ക്ക്, അതും കാറ്റ് പിടിച്ചതു പോലെ പന്ത് സ്വിങ് ചെയ്യുന്ന ഇംഗ്ലണ്ടിലേക്ക് പുറപ്പെടുമ്പോള്‍ ഒരു “വൈറ്റ് വാഷ് ” ആണ് എല്ലാവരും പ്രതീക്ഷിച്ചത്. അനുഭവ സമ്പത്തില്ലാത്ത, അപക്വമായ മുന്‍നിരയും മധ്യനിരയും. വിദേശ പര്യടനങ്ങളില്‍ ഇതുവരെ തിളങ്ങിയിട്ടില്ലാത്ത ചെറുപ്പക്കാരനായ പുതിയ ക്യാപ്റ്റന്‍. ഇതിനൊക്കെ പുറമെ, ടീമിന്‍റെ ആക്രമണത്തിന്‍റെ കുന്തമുനയായ ജസ്പ്രീത് ബുംറയ്ക്ക് എല്ലാ ടെസ്റ്റും കളിക്കാനാവില്ലെന്ന അസാധാരണമായ സ്ഥിതിവിശേഷവും.
പക്ഷേ, അശുഭ പ്രവാചകരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഇന്ത്യയുടെ യുവനിര കുതിച്ചുയര്‍ന്നു. ഓരോരുത്തരും പോരാളികളായി മാറുന്ന അവിശ്വസനീയമായ കാഴ്ചയാണ് അഞ്ചു ടെസ്ററുകളിലായി കളിക്കമ്പക്കാര്‍ വിസ്മയത്തോടെ വീക്ഷിച്ചത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ റണ്‍സ് വാരിക്കൂട്ടി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ പരിചയസമ്പന്നനായ കെ.എല്‍. രാഹുല്‍ ബാറ്റ് കൊണ്ട് കവിതയെഴുതുകയായിരുന്നു.
നെഞ്ചു നിവര്‍ത്തി, ഉദ്ധതനായി ക്രീസിലേക്ക് നടന്നെത്തുന്ന റിഷഭ് പന്ത് ഇംഗ്ലണ്ട് ബൗളർമാരുടെ മനസ്സില്‍ ഭീതി പടര്‍ത്തി. അപകടകരമെന്നു കരുതി വിട്ടുകളയേണ്ട പന്തുകള്‍ പോലും അസാമാന്യമായ ചങ്കുറപ്പോടെ അടിച്ചു പറത്തിയ പന്ത് അവസാന ടെസ്റ്റില്‍ പരുക്കു മൂലം പുറത്തിരിക്കേണ്ടി വന്നതു വരെ ഇന്ത്യന്‍ മധ്യനിരയുടെ കരുത്തായിരുന്നു. ആദ്യ പന്തു മുതല്‍ സാഹസികമായി ബാറ്റ് വീശുന്ന യശസ്വി ജെയ്സ്വാള്‍, ഭാവി വാഗ്ദാനമായി കരുതപ്പെടുന്ന സായി സുദര്‍ശന്‍, കരുണ്‍ നായര്‍…. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികവ് തെളിയിച്ച മുന്‍നിര.
പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞു പോലെ രവീന്ദ്ര ജഡേജയെന്ന കിടയറ്റ ഓൾറൗണ്ടർ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം രക്ഷാപ്രവര്‍ത്തനത്തിനെത്തി ടീമിന്‍റെ നെടുംതൂണായി മാറി. ജഡേജയ്ക്ക് കൂട്ടായി വാഷിങ്ടണ്‍ സുന്ദറുമെത്തിയതോടെ മധ്യനിരയുടെ സ്വഭാവം തന്നെ മാറുകയായിരുന്നു. അവസാന രണ്ടു ടെസ്റ്റുകളില്‍ നിര്‍ണായകമായ രണ്ടാം ഇന്നിങ്സുകളില്‍ സുന്ദറിന്‍റെ ബാറ്റിങ് പരമ്പരയുടെ ഗതി തന്നെ നിര്‍ണയിക്കുകയായിരുന്നു.

കോലിയുടെയും രോഹിതിന്‍റെയും അഭാവം പോലെ തന്നെ ചൂടേറിയ ചര്‍ച്ചയ്ക്കു വഴി തെളിച്ചതായിരുന്നു ബുംറയുടെ “ജോലി ഭാരം” എന്ന വിഷയവും. ടീമിന്‍റെ ഏറ്റവും വിലപിടിച്ച സ്വത്തായി കരുതപ്പെടുന്ന ബുംറയെ അമിതമായി പണിയെടുപ്പിച്ച് അകാലത്തില്‍ അവസാനിപ്പിക്കാന്‍ ഒരുക്കമല്ലെന്ന് മാനേജ്മെന്‍റ് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. മുഹമ്മദ് സിറാജ് ഒഴികെ വിശ്വസ്തനായ മറ്റൊരു ബാക്ക് അപ്പ് ബൗളർ ഇല്ല എന്ന ഗുരുതരമായ പ്രതിസന്ധിയും പരമ്പരയ്ക്കു മുന്‍പ് ചര്‍ച്ച ചെയ്യപ്പെട്ടു.
പക്ഷേ, സിറാജ് ചരിത്രദൗത്യത്തിനു തയാറെടുക്കുകയായിരുന്നു. “ജസ്സി ഭായി ” (ബുംറ) യുടെ കൂടെ എറിയാന്‍ ഇഷ്ടപ്പെടുന്ന സിറാജ് “ജസ്സി ഭായി ” കളിക്കാതിരുന്ന രണ്ടു ടെസ്റ്റിലും ചങ്കു പറിച്ചെറിഞ്ഞ് ടീമിനെ വിജയത്തിലെത്തിച്ചു. എഡ്ജ്ബാസ്റ്റണില്‍ ആകാശ് ദീപും ഓവലില്‍ പ്രസിദ്ധ് കൃഷ്ണയും സിറാജിനു പിന്തുണയുമായി എത്തി.
ഇംഗ്ലണ്ട് ബൗളിങ് താരതമ്യേന ദുര്‍ബലമായിരുന്നു എന്നൊരു വാദം കളിവിദഗ്ധര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇതിഹാസതാരങ്ങളായിരുന്ന ആന്‍ഡേഴ്സണും ബ്രോഡും കളിയവസാനിപ്പിച്ചതിനു ശേഷം അവരുടെ അഭാവം നികത്താന്‍ തക്ക പ്രതിഭാശേഷിയുള്ള മറ്റൊരു ശക്തമായ ബൗളിങ് നിര വാര്‍ത്തെടുക്കാന്‍ ഇംഗ്ലണ്ടിന് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് അവര്‍ പറയുന്നുണ്ട്. “ബാറ്റര്‍ ഓള്‍ റൗണ്ടർ ആയ ബെന്‍ സ്റ്റോക്സ് ആണ് നിങ്ങളുടെ ഏറ്റവും മികച്ച ബൗളര്‍ എങ്കില്‍ ഇംഗ്ളണ്ട് ടീം മാനേജ്മെന്‍റ് ആ സാഹചര്യം കാര്യമായി വിലയിരുത്തണം, ” എന്നു പറഞ്ഞത് പ്രശസ്തനായ മുന്‍ താരവും കമന്‍റേറ്ററുമായ ജെഫ് ബോയ്കോട്ട് ആയിരുന്നു. പക്ഷേ, ഇതേ ബൗളിങ് നിരയാണ് രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യയെ എറിഞ്ഞിട്ട് തോല്‍പ്പിച്ചതെന്ന് മറുവാദക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
ബാറ്റിങ്ങിലാവട്ടെ, വെടിക്കെട്ടുകാരുടെ ഒരു നിര തന്നെയുണ്ടായിരുന്നു ഇംഗ്ലണ്ടിന്. ബെന്‍ ഡക്കറ്റ്, സാക്ക് ക്രോളി, ഹാരി ബ്രൂക്ക് എന്നിവര്‍ ഏത് ബൗളറെയും പെരുമ വക വയ്ക്കാതെ അടിച്ചോടിക്കാന്‍ കെല്‍പ്പുള്ളവരാണ്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ജോ റൂട്ട് ആവട്ടെ പുറത്താവുമെന്ന് തോന്നിപ്പിക്കാതെയാണ് പലപ്പോഴും ബാറ്റ് വീശിയത്. ഓലി പോപ്പ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ നങ്കൂരമിടാനും അടിച്ചു തകര്‍ക്കാനും ഒരുപോലെ കെല്‍പ്പുള്ളവരാണെന്ന് തെളിയിച്ച പരമ്പരയായിരുന്നു.
കളി കഴിഞ്ഞു. ഇന്ത്യ ഇനി ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഒക്ടോബറില്‍ മാത്രമേ, ടെസ്റ്റ് കളിക്കുന്നുള്ളൂ. ഇംഗ്ലണ്ടും ഉടനെയൊന്നും ടെസ്റ്റ് കളിക്കുന്നില്ല. നവംബറില്‍ പെര്‍ത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ആഷസ് പരമ്പരയിലാണ് ഇനി അവരുടെ ടെസ്റ്റ് പോരാട്ടം നടക്കാന്‍ പോകുന്നത്. വീഴ്ചകള്‍ പരിഹരിക്കാനുള്ള സമയമാണിനി.
ഏകദിനത്തിന്‍റെയും ടി20യുടെയും കുത്തൊഴുക്കില്‍ ടെസ്റ്റ് മരിച്ചു പോവുന്നു എന്ന വിലാപമായിരുന്നു ഇതു വരെ. പക്ഷേ, ഇന്ത്യ - ഇംഗ്ലണ്ട് പരമ്പര എല്ലാ സംശയങ്ങളും തുടച്ചുമാറ്റിയിരിക്കുന്നു. അഞ്ചു ടെസ്റ്റിലും ആവേശം വാനോളമുയര്‍ന്നപ്പോള്‍ കാണികളും കളികാണാന്‍ ഒഴുകിയെത്തി. “ടെസ്റ്റ് ക്രിക്കറ്റിന് ഇതിലും നല്ലൊരു പരസ്യം ലഭിക്കാനില്ല, ” ഓവല്‍ ടെസ്റ്റ് കഴിഞ്ഞപ്പോള്‍ കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ പറഞ്ഞു. കളിക്കമ്പക്കാരും സമ്മതഭാവത്തില്‍ തലയാട്ടുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഏറ്റവും മോഹനീയമായ ഒരധ്യായത്തിനായിരുന്നു തിരശീല വീണത്.
Content Highlights: Epic conflict of bat and ball, India-England bid captivated fans with thrilling twists and turns








English (US) ·