'അടിക്കാന്‍ നിങ്ങള്‍ക്ക് സമയമുണ്ട്'; 'പത്തുതല'യ്‌ക്കെതിരായ ഭീഷണിയില്‍ വേടന്‍

7 months ago 8

05 June 2025, 02:19 PM IST

Vedan

വേടൻ | ഫോട്ടോ: മാതൃഭൂമി

കൊച്ചി: നേരത്തെ പ്രഖ്യാപിച്ച 'പത്തുതല' എന്ന പാട്ട് പുറത്തിറക്കാതിരിക്കാന്‍ ഭീഷണിയുണ്ടെന്ന് റാപ്പര്‍ വേടന്‍. പാട്ട് പുറത്തിറങ്ങിയാല്‍ മര്‍ദിക്കുമെന്ന് ഒരാള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്ന് വേടന്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'പത്തുതല' ഏറെ സമയമെടുത്ത് ചെയ്യേണ്ട പാട്ടാണെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.

'തോല്‍ തിരുമാവളവന്‍ അയ്യ വിളിച്ച് സംസാരിച്ചിരുന്നു. സാധാരണസംഭാഷണമായിരുന്നു. അദ്ദേഹം 35 വര്‍ഷത്തോളമായി സംസാരിക്കുന്ന രാഷ്ട്രീയമാണ് നമ്മളും പാടുന്നത്. കൂടെയുണ്ട് എന്ന് അറിയിക്കുക മാത്രമാണ് ചെയ്തത്. എന്താണ് പ്രശ്‌നങ്ങള്‍ എന്ന് ചോദിച്ചപ്പോള്‍, 'കുറച്ച് പ്രശ്‌നങ്ങളുണ്ട് മാഷേ ബേജാറാക്കണ്ടാ നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളേയുള്ളൂ', എന്നാണ് പറഞ്ഞത്. സുഹൃത്തുക്കള്‍ തമ്മില്‍ സംസാരിക്കുന്നതുപോലെയുള്ള സംഭാഷണമേ ഉണ്ടായുള്ളൂ', തമിഴ്‌നാട് എംപിയും വിസികെ നേതാവുമായ തോല്‍ തിരുമാവളവനുമായുള്ള സംഭാഷണത്തെക്കുറിച്ചുള്ള ചോദ്യത്തോട് വേടന്‍ പ്രതികരിച്ചു.

'ഒരുപാട് ഗവേഷണംചെയ്ത് ചെയ്യേണ്ടതാണ് 'പത്തുതല'. ഭയങ്കര സമയമെടുത്ത് ചെയ്യേണ്ട പാട്ടാണ്. കുറേ പഠിക്കാനൊക്കെയുണ്ട്. കുറച്ചുസമയമെടുത്തേ 'പത്തുതല' ഇറങ്ങുകയുള്ളൂ. 'പത്തുതല'യാണ് ഇപ്പോള്‍ ഭയങ്കര പ്രശ്‌നമായിക്കൊണ്ടിരിക്കുന്നത്. 'പത്തുതല' ഇറങ്ങിയാല്‍ അടിക്കും എന്നൊക്കെ പറഞ്ഞൊരു പോസ്‌റ്റൊക്കെ കണ്ടിരുന്നു. അടിക്കാന്‍ സമയമുണ്ട്, നിങ്ങള്‍ക്ക്. 'പത്തുതല' ഇറങ്ങാന്‍ സമയമെടുക്കും', വേടന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Rapper Vedan reports receiving threats for his upcoming opus `Pattuthala`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article