അടിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞാല്‍ നമ്മള്‍ അത് വിശ്വസിക്കണം- മേജര്‍ രവി

7 months ago 8

major ravi battle  case

മേജർ രവി, ഉണ്ണി മുകുന്ദൻ | ഫോട്ടോ: മാതൃഭൂമി

മുന്‍മാനേജരുടെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ മേജര്‍ രവി. ഉണ്ണി മുകുന്ദന്‍ അടിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ നമ്മളത് വിശ്വസിക്കണമെന്ന് മേജര്‍ രവി ആവശ്യപ്പെട്ടു. ഉണ്ണി മുകുന്ദന്‍ കണ്ണാടി മാത്രമേ പൊട്ടിച്ചിട്ടുള്ളൂവെങ്കില്‍, അത് അങ്ങനെ തന്നെയായിരിക്കും. എന്താണ് അവിടെ നടന്നതെന്നും എന്തുകൊണ്ടാണ് ഉണ്ണി അങ്ങനെ ചെയ്തതെന്നും ആര്‍ക്കും അറിയാത്ത കാര്യമാണെന്നും മേജര്‍ രവി പറഞ്ഞു. പുറത്തിറങ്ങാനിരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ടുനടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മേജര്‍ രവി.

'ഞാനറിയുന്ന ഒരു ഉണ്ണിയുണ്ട്. പത്തിരുപത്തിയൊന്ന് വര്‍ഷം മുമ്പ് 21,000 രൂപ അഡ്വാന്‍സ് കൊടുത്തിട്ട് സിനിമയ്ക്ക് സൈന്‍ ചെയ്ത വ്യക്തിയാണ് മേജര്‍ രവി. അന്ന് നിങ്ങള്‍ ഈ ഉണ്ണി മുകുന്ദനെ അറിയുക പോലുമില്ല. അതിന് ശേഷം ഉണ്ണി മുകുന്ദന്‍ മേജര്‍ രവിയെ എടുത്തിട്ടിടിച്ചു എന്ന് ഭയങ്കര ഹാപ്പിയായി നിങ്ങളെല്ലാം പബ്ലിഷ് ചെയ്തു. നമ്മള്‍ എന്തെങ്കിലും കേള്‍ക്കുന്ന സമയത്ത് എടുത്ത് ചാടരുത്. ഉണ്ണി ഇടിച്ചു എന്നുപറഞ്ഞാല്‍, ചിലപ്പോ ഇടിച്ചിട്ടുണ്ടായിരിക്കും. പക്ഷേ, അതിന് എന്താ കാരണം എന്ന് നിങ്ങള്‍ക്ക് ആര്‍ക്കും അറിയുന്നുണ്ടാവില്ല', മേജര്‍ രവി പറഞ്ഞു.

'കണ്ണാടി മാത്രം പൊട്ടിക്കുന്നത് ഭയങ്കര ടെക്‌നിക് ആണ്. ഉണ്ണിയുടെ അടുത്തുനിന്ന് അത് പഠിക്കണം', എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പേരില്‍ പ്രചരിച്ച വിശദീകരണം ചൂണ്ടിക്കാട്ടിയപ്പോള്‍ തമാശരൂപേണ മേജര്‍ രവിയുടെ മറുപടി. 'ഉണ്ണി കേള്‍ക്കുന്നുണ്ടെങ്കില്‍, എനിക്ക് മമ്മൂക്ക തന്നൊരു കണ്ടാടിയുണ്ട്. മിഷന്‍ 90 ഡേയ്‌സ് കഴിഞ്ഞപ്പോള്‍. ഞാനത് ഇട്ടുവരുമ്പോള്‍ പറയാം, നീയത് പൊട്ടിക്കല്ലേ', എന്നും തമാശയായി കൂട്ടിച്ചേര്‍ത്തു.

'കാലത്തു ഞാന്‍ ഉണ്ണിയെ വിളിച്ചിരുന്നു. അവന്‍ ഫോണെടുത്തിട്ടില്ല. അവന് അറിയാം ഞാന്‍ വിളിച്ചാല്‍ എന്താണ് സംസാരിക്കുക എന്ന്. ഉണ്ണി മുകുന്ദന്‍ കണ്ണാടി മാത്രമേ പൊട്ടിച്ചിട്ടുള്ളൂവെങ്കില്‍, അങ്ങനെ തന്നെയായിരിക്കും അത്. ഉണ്ണി മുകുന്ദനെ തെറിവിളിച്ചോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല, അല്ലെങ്കില്‍ എന്താ സംഭവിച്ചത് എന്നുള്ളത്. ഞാന്‍ അടിച്ചിട്ടില്ലെന്ന് ഉണ്ണി പറഞ്ഞല്ലോ. ഉണ്ണി മുകുന്ദന്‍ അടിച്ചില്ലെന്ന് പറഞ്ഞെങ്കില്‍ അടിച്ചില്ല. നമ്മളത് വിശ്വസിക്കണം. നിലപാട് അത്രയേയുള്ളൂ. ഉണ്ണി എന്തുപറഞ്ഞു, അത് അങ്ങനെ. ഇനി വിപിന്‍, എന്നെ അടിച്ചു ചേട്ടാ എന്ന് വിളിച്ചു പറഞ്ഞാല്‍, ആ അപ്പോ അടിച്ചു. അല്ലാതെന്ത്?. എന്താണ് അവിടെ നടന്നത്, എന്തുകൊണ്ട് ഉണ്ണി അങ്ങനെ ചെയ്തു എന്ന് നമുക്ക് അറിയാത്ത കാര്യമാണ്. ആദ്യം ഒരു നിഗമനത്തിലേക്കും എത്തരുത്', മേജര്‍ രവി വ്യക്തമാക്കി.

'ഉണ്ണി മുകുന്ദന്‍ ബിജെപിക്കാരനുമല്ല, ആര്‍എസ്എസുകാരനുമല്ല, ഒന്നുമല്ല. മോദിജിയുടെ കൂടെ ഇരുന്നൊരു ഫോട്ടോയെടുത്തു. ഗുജറാത്ത് ബന്ധത്തില്‍ കുറിച്ച് ഗുജറാത്തില്‍ സംസാരിച്ചു. അത്രയേയുള്ളൂ. ഉണ്ണി മുകുന്ദന് പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പോ ഒന്നുമില്ല. എനിക്ക് ഉണ്ണി മുകുന്ദനെ സംരക്ഷിക്കേണ്ട ബാധ്യതയില്ല. അവനെ വളരെ പക്വതയില്ലാത്ത കുട്ടി എന്നാണ് ഞാന്‍ കാണുന്നത്. രണ്ടുപേര്‍ക്കും എന്തെങ്കിലും കാര്യം കാണും. അത് പിന്നീടേ അറിയൂ', മറ്റൊരു ചോദ്യത്തിന് ഉത്തരമായി മേജര്‍ രവി പറഞ്ഞു.

Content Highlights: Director Major Ravi responds to the lawsuit against Unni Mukundan

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article