Published: January 10, 2026 10:34 AM IST
1 minute Read
വഡോദര ∙ ആഭ്യന്തര ക്രിക്കറ്റിൽ ‘അടിച്ചു പഠിച്ച’ ഇന്ത്യൻ താരങ്ങൾക്ക് ഇനി ന്യൂസീലൻഡ് പരീക്ഷ. ഇന്ത്യ– ന്യൂസീലൻഡ് 3 മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ വഡോദര രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. സീനിയർ താരം വിരാട് കോലി ഉൾപ്പെടെയുള്ളവർ ബുധനാഴ്ച വഡോദരയിൽ എത്തി പരിശീലനം ആരംഭിച്ചു. നിലവിൽ വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്ന ഋഷഭ് പന്ത്, ശ്രേയസ് അയ്യർ തുടങ്ങിയ താരങ്ങൾ ഇന്നലെ ടീമിനൊപ്പം ചേർന്നു.
കോലി, ശുഭ്മൻ ഗിൽ, കെ.എൽ.രാഹുൽ, രോഹിത് ശർമ എന്നിവർ ഇന്നലെ നെറ്റ്സിൽ ബാറ്റിങ് പരിശീലനം നടത്തി. രോഹിത് ശർമയുടെയും വിരാട് കോലിയുടെയും സാന്നിധ്യമാണ് പരമ്പരയെ ശ്രദ്ധേയമാക്കുന്നത്. ബോളർമാരിൽ, പേസ് ബോളിങ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയാണ് നെറ്റ്സിൽ കൂടുതൽ സമയം ചെലവഴിച്ചത്. ഇതോടെ നിതീഷ് ആദ്യ ഏകദിനത്തിൽ കളിക്കുമെന്ന് ഉറപ്പായി.
6ന് ഇന്ത്യയിൽ എത്തിയ ന്യൂസീലൻഡ് ടീം ബുധനാഴ്ച മുതൽ പരിശീലനം ആരംഭിച്ചിരുന്നു. ക്യാപ്റ്റൻ മൈക്കൽ ബ്രേസ്‌വെൽ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ഡെവൻ കോൺവേ, കൈൽ ജയ്മിസൻ തുടങ്ങിയ ന്യൂസീലൻഡ് താരങ്ങളും ഇന്നലെ നെറ്റ്സിൽ പരിശീലനം നടത്തി.
തിലക് പുറത്തേക്ക്വിജയ് ഹസാരെ ട്രോഫി മത്സരത്തിനിടെ പരുക്കേറ്റ യുവതാരം തിലക് വർമയ്ക്ക് ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയും നഷ്ടമാകും. വിജയ് ഹസാരെയിൽ ഹൈദരാബാദ് ടീം ക്യാപ്റ്റനായ തിലകിന് മത്സരത്തിനിടെയാണ് വാരിയെല്ലിനു പരുക്കേറ്റത്. ഇതോടെ ഏകദിന പരമ്പരയിൽ നിന്ന് തിലകിനെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്കു വിധേയനായ തിലകിനു രണ്ടാഴ്ചയെങ്കിലും വിശ്രമം വേണമെന്ന് അറിയിച്ചതോടെയാണ് ട്വന്റി20 പരമ്പരയിലും ഇരുപത്തിമൂന്നുകാരൻ തിലകിന്റെ കാര്യം സംശയത്തിലായത്.
തിലകിനു പകരം ശ്രേയസ് അയ്യരെ ടീമിലേക്കു പരിഗണിക്കുമെന്നാണ് സൂചന. 5 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം 21ന് നടക്കും. ന്യൂസീലൻഡ് പരമ്പരയിൽ 25 റൺസ് കൂടി നേടിയാൽ രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കുറവ് ഇന്നിങ്സുകളിൽ നിന്ന് 28000 റൺസ് നേടുന്ന താരമായി വിരാട് കോലി മാറും. നിലവിൽ 623 ഇന്നിങ്സുകളിൽ നിന്ന് 27,975 റൺസാണ് കോലിയുടെ നേട്ടം. 644 ഇന്നിങ്സുകളിൽ നിന്ന് 28000 റൺസ് തികച്ച സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡാണ് കോലിയെ കാത്തിരിക്കുന്നത്.
English Summary:








English (US) ·