അടിച്ചുതകർക്കാൻ നോക്കി ഔട്ടാകരുത്! ജയ്സ്വാളിനെ ഉപദേശിച്ച് നേരെയാക്കാൻ ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

7 months ago 11

ഓൺലൈൻ ഡെസ്ക്

Published: June 13 , 2025 10:35 AM IST

1 minute Read

 DibyangshuSankar/SaeedKhan/AFP
ഗൗതം ഗംഭീർ, യശസ്വി ജയ്സ്വാൾ. Photo: DibyangshuSankar/SaeedKhan/AFP

ലണ്ടൻ∙ ഇംഗ്ലണ്ട് ലയൺസിനെതിരായ ഇന്നിങ്സുകളിൽ അനാവശ്യ ഷോട്ടുകളിലൂടെ തകർത്തടിക്കാൻ ശ്രമിച്ച് പുറത്താകുന്നത് തുടർകഥയാക്കിയ യശസ്വി ജയ്സ്വാളിനെ ‘ഉപദേശിച്ച് നേരെയാക്കാൻ’ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ. വെള്ളിയാഴ്ച ഇന്ത്യ എ ടീമും സീനിയർ ടീമും തമ്മിൽ കെന്റിൽ പരിശീലന മത്സരം കളിക്കാനിരിക്കെയാണ് ഗംഭീർ, ജയ്സ്വാളിനോട് ഏറെ നേരം സംസാരിച്ചത്. പരിശീലനത്തിനിടെ രണ്ടു തവണ ഗംഭീറും ജയ്സ്വാളും സംസാരിച്ചു. അതിനു ശേഷം നെറ്റ്സിൽ വ്യത്യസ്തങ്ങളായ ഷോട്ടുകൾ പരീക്ഷിക്കുകയാണ് ജയ്സ്വാൾ ചെയ്തതെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

കൂടുതൽ മത്സര പരിചയം ലഭിക്കുന്നതിനായി ഇന്ത്യ എ ടീമിനൊപ്പം യശസ്വി ജയ്സ്വാളിനെയും ബിസിസിഐ നേരത്തേ ഇംഗ്ലണ്ടിലേക്ക് അയച്ചിരുന്നു. എന്നാൽ ആദ്യമായി ഇംഗ്ലണ്ടിൽ ബാറ്റു ചെയ്യാനിറങ്ങിയ ജയ്സ്വാളിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ഇംഗ്ലണ്ട് ലയൺസിനെതിരായ നാല് ഇന്നിങ്സുകളിൽ 24, 64, 17, 5 എന്നിങ്ങനെയാണ് ജയ്സ്വാളിന്റെ സ്കോറുകൾ. ഇംഗ്ലണ്ടിനെതിരെ ടോപ് ഓർഡറിൽ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയാണ് ജയ്സ്വാൾ. ഇതോടെയാണ് ജയ്സ്വാളിനെ ഉപദേശിക്കാൻ ഗംഭീർ തന്നെ ഇറങ്ങിയത്.

സീനിയർ ടീമിൽ ബാക്ക് അപ് ഓപ്പണറായുള്ള അഭിമന്യു ഈശ്വരൻ ഇംഗ്ലണ്ട് ലയൺസിനെതിരെ രണ്ട് അർധ സെഞ്ചറികൾ സ്വന്തമാക്കിയിരുന്നു. കെ.എൽ. രാഹുൽ ഒരു സെഞ്ചറിയും ഒരു അർധ സെഞ്ചറിയും നേടി. 2023ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ ജയ്സ്വാൾ, 19 മത്സരങ്ങളിൽനിന്ന് 1798 റൺസാണ് അടിച്ചെടുത്തത്. ഇംഗ്ലണ്ടിനെതിരെ ഒൻപത് ഇന്നിങ്സുകളിൽനിന്ന് രണ്ട് സെഞ്ചറികളും മൂന്ന് അർധ സെഞ്ചറികളും ഉൾപ്പടെ 712 റൺസ് ജയ്സ്വാൾ നേടിയിട്ടുണ്ട്. പക്ഷേ ഇതെല്ലാം ഇന്ത്യയില്‍ നടന്ന മത്സരങ്ങളിലായിരുന്നു. ഇന്ത്യ– ഇന്ത്യ എ മത്സരത്തിലും ജയ്സ്വാൾ കളിക്കാനിറങ്ങും.

English Summary:

Gautam Gambhir's lengthy animated chats with Yashasvi Jaiswal

Read Entire Article