Published: November 22, 2025 09:37 AM IST
1 minute Read
ദോഹ∙ റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പ് സൂപ്പർ ഓവർ വരെയെത്തി കളി കൈവിട്ട ഇന്ത്യയ്ക്ക് രൂക്ഷവിമർശനം. സൂപ്പർ ഓവറിൽ ബംഗ്ലദേശിനെതിരെ റണ്ണൊന്നുമെടുക്കാതെ പുറത്തായ ഇന്ത്യ, രണ്ടാം പന്തിൽ തോൽവി സമ്മതിച്ചിരുന്നു. വിജയത്തോടെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പാക്കിസ്ഥാനെ ബംഗ്ലദേശ് നേരിടും. തകർപ്പൻ പോരാട്ടത്തിനൊടുവിൽ ടൈ ആയി സൂപ്പർ ഓവർ വരെയെത്തിച്ചിട്ടും ദയനീയമായി മത്സരം കൈവിട്ടതാണ് ആരാധകരെ ചൊടിപ്പിച്ചത്. ആദ്യ പന്തു മുതൽ ബൗണ്ടറികൾ കണ്ടെത്തുന്ന കൗമാരതാരം വൈഭവ് സൂര്യവംശിയെ പുറത്തിരുത്തി ക്യാപ്റ്റൻ ജിതേഷ് ശർമയും രമൺദീപ് സിങ്ങുമാണ് ഇന്ത്യയ്ക്കായി സൂപ്പർ ഓവർ കളിക്കാനിറങ്ങിയത്.
റിപോണ്‍ മൊണ്ടലിന്റെ ആദ്യ പന്തിൽ ജിതേഷ് ശർമ പുറത്തായപ്പോഴും വൈഭവിനെ ഇറക്കിയില്ല. മൊണ്ടലിന്റെ യോർക്കർ നേരിട്ട ജിതേഷ് ശർമയുടെ വിക്കറ്റ് തെറിക്കുകയായിരുന്നു. വൺഡൗണായി അശുതോഷ് ശർമയായിരുന്നു ബാറ്റിങ്ങിന് ഇറങ്ങിയത്. രണ്ടാം പന്തിൽ അശുതോഷിനെ എക്സ്ട്രാ കവറിൽനിന്ന് സവാദ് അബ്രാർ ക്യാച്ചെടുത്തു പുറത്താക്കിയതോടെ സൂപ്പർ ഓവറിൽ ഒരു റൺ പോലുമില്ലാതെ ഇന്ത്യ മടങ്ങുകയായിരുന്നു. 234 റൺസാണ് ഏഷ്യാകപ്പിൽ വൈഭവ് അടിച്ചുകൂട്ടിയത്. റൺവേട്ടക്കാരുടെ പട്ടികയിൽ മുന്നിലുള്ള വൈഭവിനെ പുറത്തിരുത്തിയത് എന്തിനെന്നു വ്യക്തമല്ല.
ബംഗ്ലദേശിന്റെ മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ യാസിർ അലിയെ സുയാഷ് ശർമ പുറത്താക്കി. പക്ഷേ രണ്ടാം പന്ത് വൈഡായതോടെ ബംഗ്ലദേശ് വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 194 റണ്‍സാണു നേടിയത്.23 പന്തിൽ 44 റൺസടിച്ച ഓപ്പണർ പ്രിയൻഷ് ആര്യയാണ് മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ടോപ് സ്കോറർ. വൈഭവ് സൂര്യവംശി (15 പന്തിൽ 38), ജിതേഷ് ശർമ (23 പന്തിൽ 33), നേഹൽ വധേര (29 പന്തിൽ 32) എന്നിവരും തിളങ്ങിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചിരുന്നില്ല.
English Summary:








English (US) ·