
പ്രേംനസീർ, ഭതരൻ, എം.ഡി.രാജേന്ദ്രൻ (ഇടത്ത്) നസീറും ലതയും പാർവതിയിലെ കുറുനിരയോ എന്ന ഗാനരംഗത്തിൽ (വലത്ത്)
എവിഎം 'സി' തിയേറ്ററില്‍ വെച്ച് 'കുറുനിരയോ' ആദ്യം കേട്ടപ്പോള്‍ ഗാനരംഗത്ത് അഭിനയിക്കേണ്ട പ്രേംനസീറിന്റെ ചോദ്യം: 'മുഴുവന്‍ സെക്സാണല്ലോ? ഇതെങ്ങനെ ചിത്രീകരിക്കും?''
നസീറിന് മാത്രമല്ല, മറ്റ് പലര്‍ക്കുമുണ്ടായിരുന്നു അതേ സംശയം. അത്രയും 'ഇറോട്ടിക്' ആയ വരികളല്ലേ എംഡി രാജേന്ദ്രന്‍ എഴുതിവെച്ചിരിക്കുന്നത്. കാക്കനാടന്റെ 'അടിയറ'വിലെ ഉറുമീസിന്റെയും പാര്‍വ്വതീബായിയുടെയും മനസ്സിലെ രതിസങ്കല്പങ്ങള്‍ മുഴുവന്‍ പീലിവിടര്‍ത്തിയാടുന്ന വരികള്‍: 'കാര്‍കുഴലില്‍ കരിവരി വാര്‍കുഴലില്‍, വിരല്‍നഖ നാഗമിഴയും ഊടുവഴികളില്‍, കുന്നുകളില്‍ ശാദ്വല ഭംഗികളില്‍ രതിരസമെന്നുമൊഴുകുമേക മൂര്‍ച്ഛയില്‍, അടിമുടിയൊരു ദാഹം ഉടലുലയും മേളം അസ്ഥികള്‍ക്കുള്ളിലൊരു തീനാളം, തിരിനാളം...'' വരികള്‍ വായിച്ചു കേട്ടപ്പോള്‍ അര്‍ത്ഥഗര്‍ഭമായി ഒന്ന് മൂളി സംവിധായകന്‍ ഭരതന്‍. എന്നിട്ട് പറഞ്ഞു: 'സ്വയം അനുഭവിച്ചറിഞ്ഞ പോലെയാണല്ലോ താന്‍ എഴുതിവെച്ചിരിക്കുന്നത്. മിടുക്കന്‍.'
'പാര്‍വതി' (1981)യുടെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ കാക്കനാടന്‍ തന്നെയാണ് ഗാനസന്ദര്‍ഭങ്ങള്‍ എംഡിആറിന് വിശദീകരിച്ചുകൊടുത്തതും. 'ബേബിച്ചായന്റെ സംസാരത്തില്‍ നിന്നും ഭാവഹാവാദികളില്‍ നിന്നും ആ രംഗത്തിന്റെ വികാരതീവ്രത എളുപ്പം വായിച്ചെടുക്കാനായി എനിക്ക്. പ്രകൃതിയുടെ ഭാവങ്ങളെ കാമത്തിന്റെ നിറക്കൂട്ടുകളില്‍ ചാലിച്ച് കുറുനിരയോ മഴമഴ മുകില്‍ നിരയോ കുനുകുനു ചികുര മദന ലാസ്യ ലഹരിയോ, വനനിരയോ ഘനഘന നീലിമയോ അലകടലിളകിയാടും അമൃത മഥനമോ എന്നൊക്കെ എഴുതുമ്പോള്‍ അടിയറവിലെ അന്തരീക്ഷം തന്നെയായിരുന്നു മനസ്സില്‍. സത്യത്തില്‍ ബേബിച്ചായനെ ധ്യാനിച്ചെഴുതിയ പാട്ടാണത് .' -എംഡിആര്‍.

ആ പാട്ടുമായി ബന്ധപ്പെട്ട മിക്കവരും ഇന്നില്ല എന്നത് എംഡിആറിനെ നൊമ്പരപ്പെടുത്തുന്ന സത്യം. കാക്കനാടന്‍, ഭരതന്‍, പ്രേംനസീര്‍, സംഗീതസംവിധായകന്‍ ജോണ്‍സണ്‍, ഗായകരായ ജയചന്ദ്രനും വാണി ജയറാമും, ക്യാമറാമാന്‍ വിപിന്‍ദാസ്... എല്ലാവരും ഓര്‍മ്മയായി. മറക്കാനാവാത്ത മറ്റൊരാള്‍ കൂടി ചേര്‍ന്നാലേ ആ പട്ടിക പൂര്‍ണ്ണമാകൂ: അജയന്‍, തോപ്പില്‍ ഭാസിയുടെ മകന്‍. കയ്യില്‍ ഒരു കെട്ട് കടലാസുമായി ചെന്നൈ രാജ് ഹോട്ടലിന്റെ പടവുകള്‍ തിടുക്കത്തില്‍ ഓടിക്കയറിവരുന്ന ക്ഷീണിതനായ ചെറുപ്പക്കാരനാണ് എംഡിആറിന്റെ ഓര്‍മ്മയിലെ അജയന്‍. മഴയില്‍ കുതിര്‍ന്ന കടലാസു ചുരുളുകള്‍ മേശപ്പുറത്ത് നിവര്‍ത്തിവെച്ച് ഭവ്യതയോടെ അയാള്‍ പറഞ്ഞു: 'ധൈര്യമായി എഴുതിക്കോളൂ സാര്‍. ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറഞ്ഞാല്‍ മതി...''
കോരിച്ചൊരിയുന്ന മഴയുടെ രൗദ്ര സംഗീതമാസ്വദിച്ച് ആ രാത്രി എഴുതിത്തീര്‍ത്തതാണ് കുറുനിരയോ മഴമഴ മുകില്‍ നിരയോ. 'പാര്‍വ്വതി''യുടെ സംവിധാന സഹായികളില്‍ ഒരാളായി മാത്രമേ അന്ന് അജയനെ അറിയൂ രാജേന്ദ്രന്‍. ഭരത കല്‍പ്പനകള്‍ നടപ്പാക്കാന്‍ ഓടിപ്പാഞ്ഞു നടക്കുന്ന വിനയാന്വിതനായ ആ യുവാവ് മഹാനായ തോപ്പില്‍ ഭാസിയുടെ മകനെന്നറിഞ്ഞത് പിന്നീടാണ്. 'പടത്തിലെ മറ്റു പാട്ടുകള്‍ എല്ലാം എഴുതിക്കഴിഞ്ഞു. ഈ പാട്ടു കൂടി ഉടന്‍ എഴുതിക്കിട്ടണമെന്ന് ഭരതന്റെ ആജ്ഞ. പിറ്റേന്ന് ഷൂട്ടിംഗാണ്. എഴുതാനുള്ള കടലാസിനായി ഹോട്ടല്‍ മുറിയില്‍ കൊതുകിന്റെ കടിയേറ്റ് ഉറക്കം തൂങ്ങി കാത്തിരിക്കുകയാണ് ഞാന്‍. രാത്രി ഏറെ വൈകിയിരുന്നതുകൊണ്ട് കടലാസ് സംഘടിപ്പിക്കാന്‍ ഏറെ പണിപ്പെട്ടിരിക്കാം അജയന്‍. നനഞ്ഞു കുതിര്‍ന്ന ആ കടലാസില്‍ ഞാന്‍ തിടുക്കത്തില്‍ പാട്ടെഴുതുന്നത് കൗതുകത്തോടെ നോക്കി നില്‍ക്കുന്ന അജയന്റെ ചിത്രം ഇന്നുമുണ്ട് ഓര്‍മ്മയില്‍.'' അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു പാട്ടെഴുതിത്തീര്‍ന്നപ്പോള്‍. എഴുതിക്കിട്ടിയ വരികളിലേക്കും എഴുത്തുകാരന്റെ ഉറക്കച്ചടവുള്ള മുഖത്തേക്കും മാറിമാറി നോക്കി അജയന്‍ പതുക്കെ പറഞ്ഞു: 'അസ്സലായി സാര്‍; പ്രത്യേകിച്ച് ആ ചരണം..''
'നീള്‍മിഴികള്‍ പതയും നിര്‍വൃതിയില്‍
പിണയും നിഴലുകളുടെ പദവിന്യാസം
നീര്‍മണികള്‍ ചിതറും ചില്ലുകളില്‍
തെളിയും ശൈവശക്തി ഏകമാത്രയില്‍
അടിമുടിയൊരു ജാലം അതിലലിയും കാലം
അസ്ഥികള്‍ക്കുള്ളിലൊരു തീനാളം തിരിനാളം...'
ആ രാത്രി തന്നെ ആള്‍വാര്‍പേട്ടിലെ വാടകവീട്ടില്‍ ചെന്ന് ജോണ്‍സണെ വിളിച്ചുണര്‍ത്തി പാട്ട് ചൂടോടെ അദ്ദേഹത്തെ ഏല്‍പ്പിക്കുന്നു അജയന്‍. വരികള്‍ വായിച്ചു അത്ഭുതപ്പെട്ടു പോയെന്ന് പിന്നീട് ജോണ്‍സണ്‍ പറഞ്ഞുകേട്ടിട്ടുണ്ട്; പ്രത്യേകിച്ച് ചരണം. പാട്ടിന്റെ ആശയത്തെ തികഞ്ഞ കൈയൊതുക്കത്തോടെ സംഗീതവുമായി വിളക്കിച്ചേര്‍ത്തു ജോണ്‍സണ്‍. താരതമ്യേന തുടക്കക്കാരനായ ഒരു സംഗീത സംവിധായകന് അഭിമാനിക്കാവുന്ന സൃഷ്ടി. 'പാര്‍വതി'യില്‍ മറ്റൊരു നല്ല പാട്ട് കൂടിയുണ്ടായിരുന്നു: 'നന്ദസുതാവര തവജനനം.'
.jpg?$p=84f70bc&w=852&q=0.8)
നാലരപ്പതിറ്റാണ്ടിനിടെ പലരും 'കുറുനിര'യെ കുറിച്ച് മതിപ്പോടെ സംസാരിച്ചുകേട്ടിട്ടുണ്ട് എം ഡി രാജേന്ദ്രന്‍ -ഭരതനും പ്രേംനസീറും കാക്കനാടനും രഞ്ജി പണിക്കരും ഉള്‍പ്പെടെ. എങ്കിലും ആദ്യമായി നല്ലതു പറഞ്ഞ അജയന്റെ വാക്കുകള്‍ പകര്‍ന്ന ആത്മവിശ്വാസം ചില്ലറയല്ലായിരുന്നു അന്നത്തെ യുവ ഗാനരചയിതാവിന്. പിന്നീട് അപൂര്‍വമായേ അജയനെ കണ്ടിട്ടുള്ളൂ രാജേന്ദ്രന്‍. കാണുമ്പോഴെല്ലാം കുറുനിരയോ എന്ന ഗാനം ഓര്‍മ്മയില്‍ നിന്ന് മൂളും അദ്ദേഹം. 'രാജ് ഹോട്ടലിലെ ചോര്‍ന്നൊലിക്കുന്ന മുറിയും ഞരങ്ങുന്ന മേശയും മങ്ങിയ വെളിച്ചവുമെല്ലാം പൊടുന്നനെ ഞങ്ങളുടെ ഓര്‍മ്മയില്‍ കയറിവരും. എന്റെയും തുടക്കകാലമായിരുന്നല്ലോ അത്. പെരുന്തച്ചനിലൂടെ പ്രതിഭാശാലിയായ സംവിധായകനായി പേരെടുത്ത അജയന്‍ പിന്നീട് സിനിമയൊന്നും ചെയ്തില്ല എന്നറിഞ്ഞപ്പോള്‍ ദുഃഖം തോന്നി. ദേശീയ ബഹുമതി വരെ നേടിയ ആ സംവിധായകനോട് മലയാള സിനിമ നീതി കാണിച്ചുവോ?'' 2018 ലായിരുന്നു അജയന്റെ അപ്രതീക്ഷിത വിയോഗം.
പാടാന്‍ ജോണ്‍സണ്‍ മനസ്സില്‍ കണ്ടത് യേശുദാസിനേയും വാണിജയറാമിനെയുമാണ്. പക്ഷെ ദാസ് സ്ഥലത്തില്ല. എന്ന് വരുമെന്ന് അറിയുകയുമില്ല. ഭരതന്‍ പിന്നെ സംശയിച്ചില്ല. 'യേശുദാസ് ഇല്ലെങ്കില്‍ വേണ്ട; മ്മടെ ജയന്‍ പാടട്ടെ. അത് മതി.'' ഒരൊറ്റ പ്രശ്‌നം മാത്രം. സ്വരങ്ങളില്‍ നിന്നാണ് പാട്ട് തുടങ്ങുന്നത്. ശാസ്ത്രീയ സംഗീത വിശാരദ കൂടിയായ വാണിജയറാം അനായാസം ആ ഭാഗം പാടും. ശാസ്ത്രീയസംഗീതം അഭ്യസിച്ചിട്ടില്ലാത്ത ജയചന്ദ്രനോ? 'പക്ഷേ എല്ലാവരേയും അതിശയിപ്പിച്ചുകൊണ്ട് ജയന്‍ ആ ഭാഗം അസ്സലായി പാടി. സ്വരങ്ങള്‍ എഴുതി വായിച്ചു പാടുകയായിരുന്നു അദ്ദേഹം. എന്നിട്ടും വാണിയെക്കാള്‍ ഒരു പടി മുന്നില്‍ നിന്നില്ലേ ജയന്റെ ആലാപനം എന്നൊരു സംശയം മാത്രം. പാടാന്‍ അത്ര എളുപ്പമുള്ള ഈണമല്ല. പക്ഷേ ജയന്‍ ഗാനത്തിന്റെ ഭാവം പൂര്‍ണമായി ഉള്‍ക്കൊണ്ടു. മറ്റാരുടെയും ശബ്ദത്തില്‍ ആ പാട്ട് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല നമുക്ക്.''

സുകുമാരനെയാണ് 'പാര്‍വതി'യില്‍ നായകനായി നിശ്ചയിച്ചിരുന്നത്. പാര്‍വതിത്തമ്പുരാട്ടിയായി എം ജി ആറിന്റെ പ്രിയനായിക ലതയെയും. എന്നാല്‍ ആ സമയത്ത് 'ബന്ധന'ത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സുകുമാരന്‍. ഗുരുവും മാര്‍ഗ്ഗനിര്‍ദേശിയുമെല്ലാമായ എംടിയുടെ പടം മുടക്കാന്‍ വയ്യ. പകരം നസീറിന്റെ പേര് കാക്കനാടന്‍ നിര്‍ദേശിച്ചപ്പോള്‍ പലര്‍ക്കും അത്ഭുതമായിരുന്നു. മുഖ്യധാരാ സിനിമയില്‍ തിളങ്ങിനില്‍ക്കുകയാണല്ലോ അന്ന് നസീര്‍ സാര്‍. ഇതാണെങ്കില്‍ അല്‍പ്പം നെഗറ്റിവ് ഷേഡുള്ള കഥാപാത്രവും. എന്നാല്‍ എല്ലാ ആശങ്കകളും കാറ്റില്‍ പറത്തി വെള്ളിത്തിരയിലെ ഉറുമീസിനു ജീവന്‍ പകര്‍ന്നു നസീര്‍. നിത്യഹരിതനായകന്റെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളില്‍ ഒന്ന്.
ഷൊര്‍ണൂരിലും ചെന്നൈയിലും വച്ചായിരുന്നു ഷൂട്ടിംഗ്. പ്രേംനസീര്‍ - ലതമാരുടെ കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ചത് ഷൊര്‍ണൂര്‍ ടിബിയിലും സമീപത്തുള്ള ഒരു വീട്ടിലും വെച്ച്. 'പവിത്രനും വിജയന്‍ കരോട്ടും ഞാനും ബേബിച്ചായനും ഒക്കെയുണ്ട് കാഴ്ചക്കാരായി.' - എംഡിആറിന്റെ ഓര്‍മ്മ. 'നസീര്‍ സാര്‍ ലതയ്ക്ക് അരഞ്ഞാണം കെട്ടിക്കൊടുന്ന രംഗം എത്തിയപ്പോള്‍ ഭരതന്‍ ഞങ്ങളുടെ നേരെ തിരിഞ്ഞ് ആജ്ഞാപിച്ചു: ഗെറ്റൗട്ട്, ആരെയും ഇവിടെ കണ്ടുപോകരുത്... പ്രതിഷേധിച്ചുകൊണ്ടാണ് ഞങ്ങള്‍ ഇറങ്ങിപ്പോയത്. അത് കണ്ടുനിന്ന കാക്കനാടന്റെ പ്രതികരണം പെട്ടെന്നായിരുന്നു. ആര്‍ക്കു വേണം അവന്റെ അരഞ്ഞാണം എന്നുറക്കെ പറഞ്ഞ് എന്നെയും കൂട്ടി അടുത്തുള്ള കള്ളുഷാപ്പിലേക്ക് വച്ചുപിടിച്ചു ബേബിച്ചായന്‍..'' എല്ലാം രസകരമായ ഓര്‍മ്മകള്‍.
Content Highlights: The untold communicative down the opus `Kuruniraayo` from the movie `Parvathy`johnson, ravi menon
ABOUT THE AUTHOR
ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·