Published: April 25 , 2025 07:19 PM IST Updated: April 25, 2025 11:33 PM IST
1 minute Read
ചെന്നൈ∙ ഐപിഎൽ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനു വിജയം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ അഞ്ച് വിക്കറ്റ് വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ചെന്നൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യത്തിലേക്ക് 18.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് എത്തി. സീസണിൽ ഹൈദരാബാദിന്റെ മൂന്നാമത്തെ മാത്രം വിജയമാണിത്. ചെപ്പോക്ക് സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ സൺറൈസേഴ്സ് ആദ്യമായാണ് ഒരു കളി ജയിക്കുന്നത്.
34 പന്തിൽ 44 റൺസെടുത്ത ഇഷാൻ കിഷനാണ് മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദിന്റെ ടോപ് സ്കോറർ. കാമിന്ദു മെൻഡിസും (22 പന്തിൽ 32) ബാറ്റിങ്ങിൽ തിളങ്ങി. മറുപടി ബാറ്റിങ്ങില്‍ നേരിട്ട രണ്ടാം പന്തിൽ റണ്ണൊന്നുമെടുക്കാതെ അഭിഷേക് ശർമ വീണെങ്കിലും ഹൈദരാബാദ് പതറിയില്ല. ട്രാവിസ് ഹെഡും ഇഷാൻ കിഷനും കൈകോർത്തതോടെ സൺറൈസേഴ്സിന്റെ സ്കോർ ഉയർന്നു. സ്കോർ 37ൽ നിൽക്കെ 19 റൺസെടുത്ത ഹെഡിനെ അൻഷൂൽ കാംബോജ് ബോൾഡാക്കി.
പവര്‍പ്ലേ ഓവറുകളിൽ 37 റൺസ് നേടാൻ മാത്രമാണ് ഹൈദരാബാദിനു സാധിച്ചത്. വൺഡൗണായി ഇറങ്ങിയ ഇഷാൻ കിഷന്റെ ഇന്നിങ്സാണ് ഹൈദരാബാദിന്റെ നട്ടെല്ലായത്. അനികേത് വർമ 19 റൺസെടുത്തും മടങ്ങി. മധ്യനിരയിൽ കമിന്ദു മെൻഡിസ്– നിതീഷ് റെഡ്ഡി സഖ്യമാണ് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്. അവസാന 12 പന്തുകളിൽ ആറു റൺസ് മാത്രമായിരുന്നു ഹൈദരാബാദിനു ജയിക്കാൻ വേണ്ടിയിരുന്നത്. എട്ടു പന്തുകൾ ബാക്കി നിൽക്കെ സണ്‍റൈസേഴ്സ് ബാറ്റർമാർ വിജയ റണ്‍സ് കുറിച്ചു.
ടോസ് നഷ്ടപ്പട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 19.5 ഓവറിൽ 154 റൺസെടുത്തു പുറത്തായി. ചെന്നൈയ്ക്കായി സീസണിലെ ആദ്യ മത്സരം കളിക്കുന്ന ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസാണ് ടോപ് സ്കോറർ. 25 പന്തുകൾ നേരിട്ട ബ്രെവിസ് നാലു സിക്സുകൾ അടക്കം ബൗണ്ടറി കടത്തി 42 റൺസെടുത്തു. രണ്ടാം മത്സരം കളിക്കുന്ന ആയുഷ് മാത്രെ 19 പന്തിൽ 30 റൺസെടുത്തും തിളങ്ങി.
ദീപക് ഹൂഡ (21 പന്തില്‍ 22), രവീന്ദ്ര ജഡേജ (17 പന്തിൽ 21), ശിവം ദുബെ (ഒൻപതു പന്തിൽ 12) എന്നിവരാണു ചെന്നൈയുടെ മറ്റു സ്കോറർമാർ. 10 പന്തുകൾ നേരിട്ട എം.എസ്. ധോണി ആറു റണ്‍സ് മാത്രമെടുത്തു പുറത്തായത് ടീമിനു നിരാശയായി. സ്കോർ ബോർഡിൽ ഒരു റൺ കൂട്ടിച്ചേര്‍ക്കും മുൻപേ ചെന്നൈയ്ക്ക് ഓപ്പണിങ് ബാറ്റർ ഷെയ്ഖ് റാഷിദിനെ നഷ്ടമായിരുന്നു. പവർപ്ലേയിൽ 50 റൺസെടുക്കുന്നതിനിടെ ചെന്നൈയ്ക്കു മൂന്നു വിക്കറ്റുകൾ നഷ്ടമായി. 11.4 ഓവറിൽ ടീം 100 കടന്നെങ്കിലും, സൺറൈസേഴ്സ് ബോളർമാർ മധ്യഓവറുകൾ കടുപ്പിച്ചതോടെ ചെന്നൈ പ്രതിരോധത്തിലായി. ദീപക് ഹൂഡയുടെ ബാറ്റിങ്ങാണ് ചെന്നൈയെ 150 കടത്തിയത്. നാലോവറുകൾ പന്തെറിഞ്ഞ ഹർഷൽ പട്ടേൽ 28 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. പാറ്റ് കമിൻസ്, ജയ്ദേവ് ഉനദ്ഘട്ട് എന്നിവർ രണ്ടു വിക്കറ്റുകള്‍ വീതവും, കാമിന്ദു മെൻഡിസും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റും സ്വന്തമാക്കി.
English Summary:








English (US) ·