അടുത്തെവിടെയോ മിസൈൽ വീണെന്നു പറഞ്ഞു, ഷൂ പോലും ഇടാതെയാണ് ഡുപ്ലേസി വന്നത്: ധരംശാലയിലെ ‘ഭീകരത’ വിവരിച്ച് ഹീലി

8 months ago 10

ഓൺലൈൻ ഡെസ്‌ക്

Published: May 13 , 2025 10:07 PM IST

1 minute Read

ധരംശാല സ്റ്റേഡിയം, അലീസ ഹീലിയും ഭർത്താവ് മിച്ചൽ സ്റ്റാർക്കും (എക്സിൽ പങ്കുവച്ച ചിത്രം)
ധരംശാല സ്റ്റേഡിയം, അലീസ ഹീലിയും ഭർത്താവ് മിച്ചൽ സ്റ്റാർക്കും (എക്സിൽ പങ്കുവച്ച ചിത്രം)

ന്യൂഡൽഹി∙ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹിമാചൽ പ്രദേശിലെ ധരംശാലയിൽ ഡൽഹി ക്യാപിറ്റൽസ് – പ‍ഞ്ചാബ് കിങ്സ് മത്സരത്തിനിടെ സ്റ്റേഡിയം ഒഴിപ്പിച്ച സംഭവത്തിന്റെ ഭീകരത പങ്കുവച്ച് ഡൽഹി താരം മിച്ചൽ സ്റ്റാർക്കിന്റെ ഭാര്യ കൂടിയായ ഓസ്ട്രേലിയൻ താരം അലീസ ഹീലി. വളരെ ആശങ്കപ്പെടുത്തുന്ന അന്തരീക്ഷത്തിലാണ് താരങ്ങളെയും കുടുംബാംഗങ്ങളെയും ഉൾപ്പെടെ സ്റ്റേഡിയത്തിൽനിന്ന് മാറ്റിയതെന്ന് ഹീലി വിവരിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് ആദ്യം ആർക്കും മനസ്സിലായില്ല. അടുത്തെവിടെയോ മിസൈൽ വീണെന്ന് ആരോ പറഞ്ഞു. ഷൂ പോലും ധരിക്കാതെയാണ് ഫാഫ് ഡുപ്ലേസി വാഹനത്തിൽ കയറാൻ എത്തിയതെന്നും ഹീലി വെളിപ്പെടുത്തി.

‘‘ഒരു സർ റിയൽ അനുഭവമായിരുന്നു അത്. മത്സരം വീക്ഷിച്ച് ഞങ്ങൾ ഗാലറിയിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് ലൈറ്റുകൾ ഓഫായത്. കളിക്കാരുടെ കുടുംബാംഗങ്ങളുടെ വലിയൊരു സംഘമായിരുന്നു ഞങ്ങൾ. അതിനു പുറമേ എക്സ്ട്രാ സപ്പോർട്ട് സ്റ്റാഫും ഉണ്ടായിരുന്നു. ഇതിനിടെ ഞങ്ങളുടെ ചുമതലയുള്ള വ്യക്തി ഓടി അടുത്തേക്ക് വന്നു. അയാളുടെ മുഖം വിളറിയിരുന്നു’ – അലീസ ഹീലി പറഞ്ഞു.

‘‘നമുക്ക് ഉടൻ ഇവിടെനിന്നു പോകണം എന്ന ലൈനിലായിരുന്നു അയാൾ. ഇതിനിടെ വേറൊരാൾ കൂടി ഓടിയെത്തി കൂട്ടത്തിലുണ്ടായിരുന്നു ഒരു കുഞ്ഞിനെ എടുത്ത് ഇവിടെനിന്ന് മാറണമെന്ന് പറഞ്ഞു. എന്താണ് സംഭവമെന്ന് മനസ്സിലാകാതെ ഞങ്ങൾ പരസ്പരം നോക്കി. അവിടെ നടക്കുന്നത് എന്താണെന്ന് ആരും ഞങ്ങളോട് പറഞ്ഞിരുന്നില്ല.’’

‘‘ഉടനടി ഞങ്ങളെ അടുത്തുള്ള ഒരു മുറിയിലേക്കു മാറ്റി. എല്ലാ കളിക്കാരും അവിടെയുണ്ടായിരുന്നു. ഫാഫ് ഡുപ്ലേസിക്കാണെങ്കിൽ ഷൂ പോലും ഇടാനുള്ള സമയം കിട്ടിയിരുന്നില്ല. ആശങ്ക നിറഞ്ഞ മുഖവുമായി പരസ്പരം നോക്കി ഞങ്ങൾ ആ മുറിയിൽ നിന്നു. എന്താണ് സംഭവമെന്ന് ഞാൻ മിച്ചിനോടു (മിച്ചൽ സ്റ്റാർക്ക്) ചോദിച്ചു. ഇവിടെനിന്ന് 60 കിലോമീറ്റർ ദൂരെ വരെ മിസൈൽ പതിച്ചെന്നും സമ്പൂർണ ബ്ലാക്ക് ഔട്ടാണെന്നും മിച്ച് പറഞ്ഞു. അതുകൊണ്ടാണ് ലൈറ്റുകൾ ഓഫാക്കിയതെന്നും പറഞ്ഞു.’’

‘‘അതിവേഗം ഞങ്ങളെ എല്ലാവരെയും മുറിയിൽനിന്ന് പുറത്തിറക്കി വാഹനത്തിൽ കയറ്റി. ടീം താമസിക്കുന്ന ഹോട്ടലിലേക്കായിരുന്നു യാത്ര. ആകെ ഭ്രാന്തമായ അന്തരീക്ഷമായിരുന്നു എങ്ങും’’ – ഹീലി വിശദീകരിച്ചു.

പഞ്ചാബ് കിങ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ ആദ്യ ഇന്നിങ്സ് പുരോഗമിക്കുന്നതിനിടെയാണ് അടിയന്തരമായി മത്സരം നിർത്തിവച്ചതും കളിക്കാരെയും കാണികളെയും ഉൾപ്പെടെ സ്റ്റേഡിയത്തിൽനിന്ന് ഒഴിപ്പിച്ചതും. ധരംശാലയിൽനിന്ന് ഒഴിപ്പിച്ച താരങ്ങളെയും കുടുംബാംഗങ്ങളെയും സപ്പോർട്ട് സ്റ്റാഫ്, ബ്രോഡ്കാസ്റ്റേഴ്സ് തുടങ്ങിയവരെയും ജലന്ധർ റെയിൽവേ സ്റ്റേഷനിലെത്തിച്ച ശേഷം പ്രത്യേകമായി ക്രമീകരിച്ച വന്ദേഭാരത് എക്സ്പ്രസിലാണ് ന്യൂഡൽഹിയിലേക്കു കൊണ്ടുപോയത്. 

English Summary:

‘Faf du Plessis didn’t person shoes on, Starc said a municipality was smacked by missile': Alyssa Healy

Read Entire Article