അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടകന്‍; സാഹിത്യോത്സവം ബഹിഷ്‌കരിക്കുന്നതായി ധന്യാരാമനും ശ്യാംകുമാറും

5 months ago 6

Adoor, Dhanya Raman, TS Syamkumar

അടൂർ ഗോപാലകൃഷ്ണൻ, ധന്യാരാമൻ. ടി.എസ് ശ്യാംകുമാർ

ടൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കില്ലെന്ന് ധന്യാരാമനും ടി.എസ് ശ്യാംകുമാറും. ഫേസ്ബുക്കിലൂടെയാണ് ഇരുവരും നിലപാട് അറിയിച്ചത്. ഉദ്ഘാടകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആയതിനാലാണ് താന്‍ വിട്ടുനില്‍ക്കുന്നതെന്ന് ദളിത് ആക്ടിവിസ്റ്റും സാമൂഹികപ്രവര്‍ത്തകയുമായ ധന്യാരാമന്‍ പറഞ്ഞു. ഓഗസ്റ്റ് പതിനഞ്ചിനാണ് അടൂര്‍ സാഹിത്യോത്സവം ആരംഭിക്കുന്നത്.

അടൂര്‍ സാഹിത്യോസ്തവത്തില്‍ എന്നെയും ക്ഷണിച്ചിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനാണ് ഉദ്ഘാടകന്‍. അതുകൊണ്ട് ഈ പരിപാടിയില്‍ ഞാന്‍ പങ്കെടുക്കില്ല. ഞാന്‍ അതില്‍ നിന്നും വിട്ടുനില്‍ക്കും- ധന്യാരാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തന്റെ ജനതയെയും തൊഴിലാളികളെയും ജാത്യധിക്ഷേപം നടത്തിയ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി ദളിത് ആക്ടിവിസ്റ്റും അധ്യാപകനുമായ ടി.എസ് ശ്യാംകുമാറും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

അടൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ ക്ഷണിക്കപ്പെട്ടിരുന്നു. പ്രസ്തുത സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുന്നത് അടൂര്‍ ഗോപാലകൃഷ്ണനാണ്. എന്റെ ജനതയെയും തൊഴിലാളികളെയും ജാത്യധിക്ഷേപം നടത്തിയ അടൂര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കുന്നു- ടി.എസ് ശ്യാംകുമാര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ സിനിമാ കോണ്‍ക്ലേവില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ധനസഹായത്താല്‍ സിനിമകള്‍ നിര്‍മ്മിക്കുന്ന വനിതാ സംവിധായകര്‍ക്കും പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള സംവിധായകര്‍ക്കുമെതിരെയാണ് അടൂര്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. അടൂരിന്റെ പ്രസംഗത്തിനിടെ തന്നെ വിമര്‍ശനമുയര്‍ന്നെങ്കിലും അദ്ദേഹം അധിക്ഷേപ പരാമര്‍ശങ്ങള്‍ തുടര്‍ന്നു.

സിനിമാ കോണ്‍ക്ലേവിന്റെ സമാപനവേദിയിലാണ് അടൂര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനമാണ് നല്‍കേണ്ടതെന്നാണ് അടൂര്‍ പറഞ്ഞത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വെറുതേ പണം മുടക്കരുത്, ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ പറഞ്ഞു.

പിന്നാലെ വേദിയിലുണ്ടായിരുന്ന സിനിമാ പ്രവര്‍ത്തകയും ഗായികയും സംഗീതനാടക അക്കാദമി ഉപാധ്യക്ഷയുമായ പുഷ്പവതി പ്രതിഷേധമുയര്‍ത്തി. സംവിധായകനായ ഡോ. ബിജുവിനെ ഉള്‍പ്പെടെ ചൂണ്ടിക്കൊണ്ടാണ് അവര്‍ അടൂരിന് മറുപടി പറയാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് വകവെക്കാതെ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രസംഗം തുടരുകയായിരുന്നു.

കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സമരത്തിനെതിരെയും അടൂര്‍ തുറന്നടിച്ചു. നടന്നത് മോശം സമരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് സമരം നടത്തിയത്. ആ സ്ഥാപനത്തെ ഇപ്പോള്‍ ഒന്നുമല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കാന്‍ പാടില്ല. ടെലിവിഷന്‍ നശിച്ച അവസ്ഥയിലാണ്. ഒരു നല്ല പരിപാടി പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Dhanya Raman And TS Syamkumar volition boycott Adoor Literature Festival

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article