ലണ്ടൻ ∙ 10 താരങ്ങളാണു ക്ലബ് മാറുന്നതെങ്കിൽ അവരെ ചുറ്റിപ്പറ്റി പ്രചരിക്കുന്നത് 100 കഥകളാണ്. യൂറോപ്പിൽ പുതിയ ഫുട്ബോൾ സീസൺ അടുത്തയാഴ്ച തുടങ്ങാനിരിക്കെ, താരങ്ങളെ സ്വന്തമാക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് ടീമുകൾ. ഒരു താരത്തെ സ്വന്തമാക്കാൻ ഒന്നിലേറെ ക്ലബ്ബുകൾ രംഗത്തു വരുന്നതോടെ അഭ്യൂഹങ്ങൾക്കും എണ്ണംകൂടും.
ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ലൊവേനിയ സ്ട്രൈക്കർ ബെന്യമിൻ ഷെഷ്കോയെ സ്വന്തമാക്കിയതോടെ അതുവരെ പ്രചരിച്ചിരുന്ന അനേകം അഭ്യൂഹങ്ങൾക്കാണ് അവസാനമായത്. സെപ്റ്റംബർ ഒന്നുവരെയാണ് ഇത്തവണത്തെ യൂറോപ്യൻ സമ്മർ ട്രാൻസ്ഫർ വിൻഡോ.
∙ ലുക്മാൻ ഹോട്ട് സീറ്റിൽ
പല ക്ലബ്ബുകളുടെയും വിഷ്‌ലിസ്റ്റിലുള്ള താരമാണ് ഇറ്റാലിയൻ ക്ലബ് അറ്റലാന്റയുടെ ഇരുപത്തേഴുകാരൻ ഫോർവേഡ് അഡമോള ലുക്മാൻ. ഇംഗ്ലിഷ് ക്ലബ് ആർസനൽ, ഇറ്റാലിയൻ ക്ലബ് നാപ്പോളി, സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് തുടങ്ങിയവർ ലുക്മാനു പിന്നാലെ സജീവമായി രംഗത്തുണ്ട്.
ക്രിസ്റ്റൽ പാലസ് താരം എബരേച്ചി എസ്സയെ ടീമിലെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആർസനൽ ലുക്മാനെ കൊത്തിപ്പറക്കുമെന്നാണ് അഭ്യൂഹങ്ങൾ. ലുക്മാനെ ഇറ്റലിയിൽ തന്നെ വിൽക്കാൻ അറ്റലാന്റ ഇഷ്ടപ്പെടുന്നില്ല. അതിനാൽ മുൻപു 2 വട്ടവും ഇന്റർ മിലാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും നടപടിയുണ്ടാകാതെ പോവുകയായിരുന്നു.
∙ എന്തു ചെയ്യും ജാക്സൻ?
ചെൽസി സ്ട്രൈക്കർ നിക്കോളാസ് ജാക്സനെ സ്വന്തമാക്കാൻ ഇംഗ്ലണ്ടിലെ ടോട്ടനം ഹോട്സ്പറും ജർമനിയിലെ ബയൺ മ്യൂണിക്കും രംഗത്തുണ്ട്. ഇരുപത്തിനാലുകാരൻ ജാക്സനു 2033 ജൂൺ വരെ ചെൽസിയുമായി കരാറുണ്ട്. ജാക്സൻ സമ്മർ ട്രാൻസ്ഫറിൽ ക്ലബ് വിടുമെന്ന സൂചനയുണ്ട്. 6.7 കോടി ഡോളറാണ് (ഏകദേശം 5,900 കോടി രൂപ) താരത്തിന്റെ വിപണി മൂല്യം.
ബ്രസീലിയൻ സ്ട്രൈക്കറായ റിച്ചാലിസൺ ക്ലബ് വിട്ടാൽ പകരക്കാരനായി ജാക്സനെ ടോട്ടനം പരിഗണിച്ചേക്കും. ഇംഗ്ലിഷുകാരൻ ഹാരി കെയ്ന് ഒപ്പം ജാക്സനെക്കൂടി സ്വന്തമാക്കാൻ ബയൺ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
∙ ന്യൂകാസിലിന്റെ നോട്ടം
നിക്കോളാസ് ജാക്സനെ സ്വന്തമാക്കാൻ രംഗത്തുള്ളവരിൽ ഇംഗ്ലിഷ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡുമുണ്ട്. പോർച്ചുഗൽ സ്ട്രൈക്കർ സാമു അഗഹോവ, പിഎസ്ജി സ്ട്രൈക്കർമാരായ റൻഡാൽ കോളോ മുവാനി, ഗോൺസാലോ റാമോസ്, ആസ്റ്റൻ വില്ലയുടെ ഒലി വാറ്റ്കിൻസ് എന്നിവരാണ് ന്യൂകാസിൽ ലക്ഷ്യം വയ്ക്കുന്ന മറ്റു താരങ്ങൾ.
∙ ഡിഫൻഡറെ ആവശ്യമുണ്ട്
ചെൽസി താരം ലീവൈ കോൾവില്ലിനു പരുക്ക്മൂലം സീസണിലെ ആദ്യമത്സരങ്ങൾ നഷ്ടമായേക്കും. ഈ സാഹചര്യത്തിൽ ക്രിസ്റ്റൽ പാലസിലെ ഇംഗ്ലിഷ് ഡിഫൻഡർ മാർക് ഗ്വീയെ ചെൽസി നോട്ടമിടുന്നതായി റിപ്പോർട്ടുകളുണ്ട്. മാർക് ഗ്വീയെ സ്വന്തമാക്കാൻ ലിവർപൂളും രംഗത്തുണ്ട്. ഇറ്റാലിയൻ താരം പതിനെട്ടുകാരനായ ജിയോവാനി ലിയോണിയെയും ലിവർപൂൾ ലക്ഷ്യമിടുന്നുണ്ട്.
English Summary:








English (US) ·