അഡ്രിയൻ ലൂണയ്ക്കും മതിയായി, ബ്ലാസ്റ്റേഴ്സിന് ‘എൻജിൻ’ നഷ്ടമാകും? മിഡ്ഫീൽഡറെ റാഞ്ചാൻ എഫ്സി ഗോവയും മുംബൈ സിറ്റിയും

7 months ago 9

മനോജ് മാത്യു

മനോജ് മാത്യു

Published: May 30 , 2025 12:35 PM IST Updated: May 31, 2025 10:13 AM IST

1 minute Read

  • ലൂണയ്ക്കായി ഗോവ, മുംബൈ ടീമുകൾ രംഗത്ത്

adrian-luna
അഡ്രിയൻ ലൂണ

കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സിന്റെ യുറഗ്വായ് മിഡ്‌ഫീൽഡർ അഡ്രിയൻ ലൂണ ടീം വിട്ടേക്കും. എഫ്‌സി ഗോവ, മുംബൈ സിറ്റി എഫ്‌സി ടീമുകൾ ലൂണയെ ടീമിലെത്തിക്കാൻ രംഗത്തുണ്ട്. ബ്ലാസ്റ്റേഴ്സും ലൂണയും പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും വഴിപിരിയൽ സാധ്യത ശക്തം. ലൂണയ്ക്ക് അപ്പുറത്തേക്കു ചിന്തിക്കാനാണു ബ്ലാസ്റ്റേഴ്സിന്റെ നീക്കമെങ്കിൽ 4 സീസണുകളിൽ ടീമിന് ഊർജം പകർന്ന ‘എൻജിൻ’ നഷ്ടമാകും. തൽക്കാലം പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ലൂണ.

സന്തോഷം, പക്ഷേ...

2027 മേയ് 31 വരെ കരാർ കാലാവധി ബാക്കിയിരിക്കെയാണു വിട പറയൽ നീക്കം. കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രകടനം മോശമായതു ലൂണയെ കടുത്ത നിരാശയിലാഴ്ത്തിയിരുന്നു. ആഗ്രഹമുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിൽ അർഥമില്ലെന്ന സൂചനകളും അദ്ദേഹം നൽകിയിരുന്നു. മാർച്ച് 7 ന് ഐഎസ്എൽ അവസാന ഘട്ടത്തിൽ മുംബൈ സിറ്റിയെ തോൽപിച്ച ശേഷം ലൂണ പറഞ്ഞു. ‘‘ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിൽ ഞാൻ സന്തോഷവാനാണ്. പക്ഷേ, നിരാശാജനകമായ ഒരു സീസണു ശേഷം തീർച്ചയായും പുനർവിചിന്തനം നടത്തണം, സാഹചര്യങ്ങൾ വിലയിരുത്തണം.’’ – ലീഗിൽ ഒരു മത്സരം മാത്രം അവശേഷിക്കെയായിരുന്നു ആ തുറന്നു പറച്ചിൽ. പുതിയ കോച്ച് ദവീദ് കറ്റാല ചുമതലയേറ്റ ശേഷം നടന്ന സൂപ്പർ കപ്പിലും ബ്ലാസ്റ്റേഴ്സ് എങ്ങുമെത്താതെ വന്നതോടെ വഴിപിരിയൽ ആലോചനകൾ ശക്തമായി.

‌പരുക്കിൽ മങ്ങിയ മാജിക്

കഴിഞ്ഞ സീസണിൽ ഒരു ഗോൾ പോലും നേടാതെയാണു ലൂണയുടെ മടക്കം. 22 കളികളിൽ ഇറങ്ങിയ ലൂണ പക്ഷേ, 6 അസിസ്റ്റുകൾ സമ്മാനിച്ചു. കഠിനാധ്വാനം ചെയ്തെങ്കിലും ആദ്യ മൂന്നു സീസണുകളിലെ തിളക്കം ഇത്തവണയുണ്ടായില്ല. സെർബിയൻ സൂപ്പർ കോച്ച് ഇവാൻ വുക്കോമനോവിച്ചിനൊപ്പം 2021 – 22 ൽ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയ ലൂണ 6 ഗോളടിച്ചു തിളങ്ങി. ടീമിനെ ഫൈനലിലുമെത്തിച്ചു. അടുത്ത രണ്ടു വർഷം കൂടി മിന്നും പ്രകടനവും പ്ലേ ഓഫ് ബെർത്തും. കഴിഞ്ഞ സീസണിൽ വുക്കോമനോവിച്ചിനു പകരമെത്തിയ മികേൽ സ്റ്റാറെയുടെ ഗെയിം പ്ലാനിൽ ലൂണയ്ക്കു മതിയായ റോൾ ലഭിച്ചിരുന്നില്ല.

English Summary:

Adrian Luna's Kerala Blasters Exit Looms: FC Goa and Mumbai City Vie for Midfielder

Read Entire Article