
തന്റെ തീസിസുമായി മുത്തുമണി, മുത്തുമണിയും ഗൈഡ് ഡോ. കവിത ചാലയ്ക്കലും | Photo: Instagram
'രസതന്ത്രം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടി മുത്തുമണിക്ക് ഡോക്ടറേറ്റ്. ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ മുത്തുമണി സോമസുന്ദരം കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യില്‍ നിന്ന് നിയമത്തിലാണ് ഡോക്ടറേറ്റ് നേടിയത്.
'ഇന്ത്യന്‍ സിനിമയിലെ സംവിധായകരുടേയും എഴുത്തുകാരുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പകര്‍പ്പവകാശനിയമം 1957-ന്റെ പ്രസക്തി' എന്ന വിഷയത്തിലായിരുന്നു ഗവേഷണം.
ഡോ. കവിത ചാലയ്ക്കലിന്റെ കീഴിലാണ് മുത്തുമണി ഗവേഷണം പൂര്‍ത്തിയാക്കിയത്. റിസര്‍ച്ച് ഡിഫെന്‍സിന് ശേഷം ഡോക്ടറേറ്റ് പ്രഖ്യാപിക്കുന്നതും നടി നന്ദിപ്രകടനം നടത്തുന്നതുമടക്കമുള്ളവയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.
മുത്തുമണിയുടെ ഭര്‍ത്താവും സംവിധായകനും തിരക്കഥാകൃത്തുമായ പി.ആര്‍. അരുണ്‍ സോഷ്യല്‍മീഡിയയില്‍ താരത്തിന്റെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് പങ്കുവെച്ചിരുന്നു.
മുത്തുമണിയില്‍നിന്ന് അഡ്വ. മുത്തുമണിയിലേക്കും അഭിനേത്രി മുത്തുമണിയില്‍നിന്ന് ഡോക്ടർ മുത്തുമണിയിലേക്കും ഉള്ള യാത്രയ്ക്ക് സാക്ഷ്യംവഹിച്ചതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സംതൃപ്തിയും സന്തോഷവും നിറഞ്ഞ കാര്യം- മുത്തുമണിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അരുണ്‍ കുറിച്ചു.
ഒട്ടേറെ പേരാണ് നടിയുടെ പുതിയ നേട്ടത്തിന് ആശംസകളറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍നിന്ന് ബിരുദം നേടിയ മുത്തുമണി കേരള ഹൈക്കോടതിയില്‍ അഭിഭാഷകയായി എൻറോള്‍ ചെയ്തിരുന്നു. എറണാകുളം സ്വദേശിയാണ്.
വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം, മാണിക്യക്കല്ല്, ഹൗ ഓള്‍ഡ് ആര്‍ യു, സു..സു..സുധി വാത്മീകം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ മുത്തുമണി അഭിനയിച്ചിട്ടുണ്ട്. 'ഗെറ്റ് സെറ്റ് ബേബി'യാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന ചിത്രം.
Content Highlights: Muthumani Gets Doctorate successful Law
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·