Published: December 28, 2025 08:44 AM IST
1 minute Read
മുംബൈ ∙ അടുത്തമാസം ആരംഭിക്കുന്ന അണ്ടർ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ രണ്ടു മലയാളികൾ. ഓൾറൗണ്ടർ മുഹമ്മദ് ഇനാനും ടോപ് ഓർഡർ ബാറ്റർ ആരോൺ ജോർജുമാണ് 15 അംഗ ടീമിൽ ഇടംനേടിയത്. ആയുഷ് മാത്രെ നയിക്കുന്ന ടീമിൽ സൂപ്പർ ബാറ്റർ വൈഭവ് സൂര്യവംശിയുമുണ്ട്. ജനുവരി 15 മുതൽ ഫെബ്രുവരി 6 വരെ ആഫ്രിക്കൻ രാജ്യങ്ങളായ സിംബാബ്‍വെയിലും നമീബിയയിലുമായാണ് അണ്ടർ 19 ലോകകപ്പ്.
ഈ മാസം ദുബായിൽ നടന്ന അണ്ടർ 19 ഏഷ്യാ കപ്പിൽ റണ്ണറപ്പായ ടീമിൽ ഏതാനും മാറ്റങ്ങളുമായാണ് ഇന്ത്യ ലോകകപ്പിനൊരുങ്ങുന്നത്. ഏഷ്യാ കപ്പ് ടീമിൽ ഉൾപ്പെട്ടിരുന്നില്ലെങ്കിലും യൂത്ത് ഏകദിനങ്ങളിലെ സമീപകാലത്തെ പ്രകടനങ്ങളുടെ കരുത്തിലാണ് തൃശൂർ പുന്നയൂർക്കുളം പരൂർ സ്വദേശിയായ മുഹമ്മദ് ഇനാൻ ലോകകപ്പ് ടീമിലെത്തിയത്. ലെഗ് സ്പിന്നറായ ഇനാൻ കഴിഞ്ഞമാസം നടന്ന ടൂർണമെന്റിൽ ഇന്ത്യ എ ടീമിനായി എട്ടാമനായി ബാറ്റിങ്ങിന് ഇറങ്ങി സെഞ്ചറിയും നേടിയിരുന്നു.
ആഭ്യന്തര മത്സരങ്ങളിൽ ഹൈദരാബാദിനായി കളിക്കുന്ന കോട്ടയം സ്വദേശി ആരോൺ ജോർജ് ഏഷ്യാ കപ്പിൽ 3 അർധ സെഞ്ചറികളുമായി കരുത്തുകാട്ടി. ലോകകപ്പിന് മുൻപ് ജനുവരി ആദ്യവാരം ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തും. ഈ പരമ്പര ടീമിൽ ഇനാനും ആരോണുമുണ്ട്. വൈഭവ് സൂര്യവംശി നയിക്കുന്ന ദക്ഷിണാഫ്രിക്കൻ പരമ്പര ടീമിന്റെ വൈസ് ക്യാപ്റ്റനും ആരോണാണ്.
അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീം– ആയുഷ് മാത്രെ (ക്യാപ്റ്റൻ), വിഹാൻ മല്‍ഹോത്ര (വൈസ് ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, ആരോണ്‍ ജോർജ്, വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു (വിക്കറ്റ് കീപ്പർ), ഹർവൻഷ് സിങ് (വിക്കറ്റ് കീപ്പർ), ആർ.എസ്. അംബരീഷ്, കനിഷ്ക് ചൗഹാൻ, ഖിലൻ പട്ടേൽ, മുഹമ്മദ് ഇനാൻ, ഹേനിൽ പട്ടേൽ, ഡി. ദീപേഷ്, കിഷൻ കുമാർ സിങ്, ഉദ്ദവ് മോഹൻ.
English Summary:








English (US) ·