11 August 2025, 05:31 PM IST

അണ്ടർ-20 ടീം വനിതാ ഏഷ്യാകപ്പിൽ യോഗ്യത നേടിയ ഇന്ത്യൻ ടീം | X.com/@IndianFootball
യാങ്കുൺ: ചേച്ചിമാർക്കു പിന്നാലെ അനുജത്തിമാരും എഷ്യാകപ്പ് ഫുട്‌ബോളിന് യോഗ്യത നേടി. യോഗ്യതാ റൗണ്ടിലെ നിർണായകമത്സരത്തിൽ ആതിഥേയരായ മ്യാൻമാറിനെ 1-0ത്തിന് കീഴടക്കിയാണ് ഇന്ത്യൻ അണ്ടർ-20 ടീം വനിതാ ഏഷ്യകപ്പിന്റെ ഫൈനൽ റൗണ്ട് ഉറപ്പിച്ചത്. 20 വർഷത്തിനുശേഷമാണ് ഇന്ത്യ യോഗ്യത നേടുന്നത്. നേരത്തേ ഇന്ത്യൻ സീനിയർ വനിതാ ടീമും ഏഷ്യാകപ്പിന് യോഗ്യത നേടിയിരുന്നു.
ഗ്രൂപ്പ് ഡി പോരാട്ടത്തിലെ 27-ാം മിനിറ്റിൽ പൂജ നേടിയ ഗോളിലാണ് ഇന്ത്യ ജയിച്ചത്. രണ്ടുജയവും ഒരു സമനിലയും വഴി ഏഴുപോയിന്റ് നേടിയ ടീം ഗ്രൂപ്പ് ചാമ്പ്യന്മാരായി. 2006-ലാണ് ഇന്ത്യ അവസാനമായി ഫൈനൽ റൗണ്ടിൽ കളിച്ചത്.
ഇരുടീമുകളും ആക്രമണഫുട്‌ബോൾ കളിച്ചതോടെ മത്സരം ആവേശകരമായിരുന്നു. 19-ാം മിനിറ്റിൽ ലഭിച്ച മികച്ച അവസരം പാഴാക്കിയതിനുശേഷമാണ് പൂജ വിജയഗോൾ നേടിയത്. നേഹയുടെ ക്രോസ് മ്യാൻമാർ ഗോൾകീപ്പർ ക്ലിയർ ചെയ്തതെങ്കിലും ലഭിച്ചത് പൂജയ്ക്കായിരുന്നു. പൂജയുടെ ഷോട്ട് വലകുലുക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ മ്യാൻമാർ സമനിലഗോളിനായി ആഞ്ഞുപൊരുതിയെങ്കിലും ഇന്ത്യൻ പ്രതിരോധം പിടിച്ചുനിന്നു.
സ്വീഡിഷ് പരിശീലകൻ ജോക്കീം അലക്സാണ്ടേഴ്‌സനാണ് ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചത്. ഗോൾകീപ്പിങ് കോച്ചായി തൃശ്ശൂർ സ്വദേശിയായ കെ.കെ. ഹമീദുമുണ്ട്. ഏഷ്യാകപ്പ് യോഗ്യതാറൗണ്ടിൽ 32 ടീമുകളാണ് കളിച്ചത്. ഇതിൽനിന്ന് 11 ടീമുകൾ ഫൈനൽ റൗണ്ടിലെത്തും. ആതിഥേയരടക്കം 12 ടീമുകൾ ഫൈനൽ റൗണ്ടിൽ കളിക്കും.
Content Highlights: india suffice for AFC U20 Womens Asian Cup








English (US) ·