മിലാന്‍: ആദ്യ പാദം പോലെ തന്നെ അടിയും തിരിച്ചടിയും തിരിച്ചുവരവുമെല്ലാം കണ്ട നാടകീയ മത്സരത്തില്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയെ കീഴടക്കി ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാന്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍. സ്വന്തം തട്ടകത്തില്‍ അധികസമയത്തേക്കു നീണ്ട ആവേശപ്പോരില്‍ ബാഴ്‌സയെ 4-3ന് മറികടന്നാണ് ഇന്ററിന്റെ ഫൈനല്‍ പ്രവേശനം. ബാഴ്‌സയുടെ മൈതാനത്ത് കഴിഞ്ഞയാഴ്ച നടന്ന ആദ്യ പാദ സെമി 3-3ന് സമനിലയില്‍ കലാശിച്ചിരുന്നു. സെമിയില്‍ ഇരുപാദങ്ങളിലുമായി 7-6ന്റെ ജയത്തോടെ ഇന്റര്‍ കലാശപ്പോരിന് ടിക്കറ്റെടുത്തു. ഇന്ററിന്റെ മൂന്നാം ചാമ്പ്യന്‍സ് ലീഗ് ഫൈനലാണിത്. കഴിഞ്ഞ മൂന്ന് സീസണുകള്‍ക്കിടെ രണ്ടാം ഫൈനലും. ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി നടക്കുന്ന പിഎസ്ജി - ആഴ്‌സണല്‍ മത്സര വിജയികളെ ജൂണ്‍ ഒന്നിന് മ്യൂണിക്കില്‍ നടക്കുന്ന ഫൈനലില്‍ ഇന്റര്‍ നേരിടും.
ലൗട്ടാരോ മാര്‍ട്ടിനസ് (21), ഹാക്കന്‍ ചലനോളു (45), ഫ്രാന്‍സെസ്‌കോ അചെര്‍ബി (90+3), ഡേവിഡ് ഫ്രാറ്റെസി (99) എന്നിവര്‍ ഇന്ററിനായി സ്‌കോര്‍ ചെയ്തപ്പോള്‍ എറിക് ഗാര്‍സിയ (54), ഡാനി ഓല്‍മോ (60), റഫീഞ്ഞ്യ (87) എന്നിവരായിരുന്നു ബാഴ്‌സയുടെ സ്‌കോറര്‍മാര്‍.
ആദ്യ പകുതിയില്‍ രണ്ടു ഗോളിന് മുന്നിലായിരുന്ന ഇന്ററിനെതിരേ രണ്ടാം പകുതിയില്‍ മൂന്നു ഗോള്‍ തിരിച്ചടിച്ച് ബാഴ്‌സ വിജയത്തിന്റെ വക്കിലെത്തിയിരുന്നു. ഇന്റര്‍ ഗോള്‍കീപ്പര്‍ യാന്‍ സോമറിന്റെ തകര്‍പ്പന്‍ പ്രകടനവും ടീമിന്റെ ഫൈനല്‍ പ്രവേശനത്തില്‍ നിര്‍ണായകമായി.
രണ്ടാം പാദത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് തലയുയര്‍ത്തിയാണ് ബാഴ്‌സയുടെ യുവനിര മിലാനില്‍ നിന്ന് മടങ്ങിയത്. 22 ഷോട്ടുകള്‍ ഗോളിലേക്ക് തൊടുത്ത അവരുടെ 10 ഷോട്ടുകള്‍ ലക്ഷ്യത്തിലേക്കായിരുന്നു. 72 ശതമാനം പന്ത് കൈവശം വെച്ചതും ബാഴ്‌സ തന്നെ.
ആദ്യ പാദത്തിലേതിനു സമാനമായിരുന്നു രണ്ടാം പാദവും. 21-ാം മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസിലൂടെ ഇന്റര്‍ മുന്നില്‍. പിന്നാലെ 42-ാം മിനിറ്റില് മാര്‍ട്ടിനസിലെ പാവു കുബാര്‍സി ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് 45-ാം മിനിറ്റില്‍ ചലനോളു ഇന്ററിന്റെ ലീഡ് രണ്ടാക്കി.
എന്നാല്‍ രണ്ടാം പകുതിയില്‍ സാന്‍ സിറോ സാക്ഷിയായത് ബാഴ്‌സയുടെ പതിവ് തിരിച്ചുവരവിനാണ്. 54-ാം മിനിറ്റില്‍ ജെറാര്‍ഡ് മാര്‍ട്ടിന്‍ നല്‍കിയ പന്ത് വലയിലെത്തിച്ച് എറിക് ഗാര്‍സിയ ആദ്യ ഗോള്‍ നേടി. പിന്നാലെ 60-ാം മിനിറ്റില്‍ മാര്‍ട്ടിന്റെ ക്രോസിന് തലവെച്ച് ഡാനി ഓല്‍മോ ബാഴ്‌സയെ ഒപ്പമെത്തിച്ചു. 90 മിനിറ്റ് അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കിനില്‍ക്കേ റഫീഞ്ഞ്യ ബാഴ്‌സയ്ക്ക് ലീഡ് സമ്മാനിച്ചു. സ്പാനിഷ് സംഘം വിജയമുറപ്പിച്ചിരിക്കേ ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ഡെന്‍സല്‍ ഡംഫ്രീസിന്റെ പാസില്‍ നിന്ന് വലകുലുക്കിയ അചെര്‍ബി മത്സരം അധികസമയത്തേക്ക് നീട്ടി. പിന്നാലെ ബാഴ്‌സയുടെ നെഞ്ചു തകര്‍ത്ത് 99-ാം മിനിറ്റില്‍ ഫ്രറ്റേസിയുടെ ഷോട്ട് വലയില്‍. തുടര്‍ന്ന് ഇന്റര്‍ പ്രതിരോധവും ഗോളി യാന്‍ സോമറും ഉറച്ചുനിന്നതോടെ ബാഴ്‌സയ്ക്ക് മടക്കം.
Content Highlights: Inter Milan defeats Barcelona 4-3 successful a thrilling Champions League semi-final clash








English (US) ·