
യുഎഇയ്ക്കെതിരായ മത്സരത്തിൽ പാകിസ്താൻ ടീം ലിസ്റ്റ് മാച്ച് റഫറി ആൻഡി പൈക്രോഫ്‌റ്റിന്‌കൈമാറുന്ന ക്യാപ്‌റ്റൻ സൽമാൻ ആഗ | AP
ദുബായ്: ഏഷ്യാകപ്പിലെ പാകിസ്താൻ-യുഎഇ മത്സരത്തിനുമുൻപ് നാടകീയ സംഭവങ്ങളാണ് നടന്നത്. ഒടുവിൽ നാണക്കേട് ബാക്കിയാക്കി പാകിസ്താൻ ടീമിന് മൈതാനത്തേക്കിറങ്ങേണ്ടിയും വന്നു.
ഇന്ത്യ-പാകിസ്താൻ മത്സരത്തിലെ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെച്ചൊല്ലിയായിരുന്നു പാകിസ്താൻ നാടകീയ സംഭവങ്ങൾ സൃഷ്ടിച്ചത്. ഹസ്തദാന വിവാദത്തിൽപ്പെട്ട പൈക്രോഫ്റ്റായിരുന്നു ഈ മത്സരത്തിന്റെയും മാച്ച് റഫറി. എന്നാൽ, പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കിൽ മത്സരം ബഹിഷ്‌കരിക്കുമെന്ന നിലപാടിലേക്ക് കുറച്ചുസമയത്തേക്കെങ്കിലും പാക് ബോർഡ് നീങ്ങിയിരുന്നു. ഇതോടെ ടീം സ്‌റ്റേഡിയത്തിലേക്ക് എത്താനും വൈകി.
എന്നാൽ, മാച്ച് റഫറിയെ മാറ്റില്ലെന്ന നിലപാടിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഉറച്ചുനിന്നു. ഏതെങ്കിലും ബോർഡിന് വഴങ്ങുന്നത് ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നായിരുന്നു ഐസിസി വാദം. പാക് ടീം ഹോട്ടലിൽ തുടർന്നതോടെ കളി ഉപേക്ഷിച്ചെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നു.
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാക് ക്രിക്കറ്റ് ബോർഡ് മേധാവിയുമായ മൊഹ്‌സിൻ നഖ്‌വി, മുൻ പാക് ബോർഡ് ചെയർമാന്മാരായ റമീസ് രാജ, നജീം സേത്തി എന്നിവരുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് പാക് ടീം സ്റ്റേഡിയത്തിലേക്കുവന്നത്. മത്സരം ഒരു മണിക്കൂർ വൈകി തുടങ്ങണമെന്ന പാക് ബോർഡിന്റെ അപേക്ഷ ഐസിസി അംഗീകരിക്കുകയും ചെയ്തു. മാച്ച് റഫറി പാക് ക്യാപ്റ്റനോടും ടീം മാനേജരോടും മാപ്പുപറഞ്ഞെന്നും ഇന്ത്യ-പാകിസ്താൻ മത്സരത്തിലെ ചട്ടലംഘനങ്ങളിൽ അന്വേഷണം നടത്താമെന്ന് ഐസിസി സമ്മതിച്ചെന്നുമാണ് പാക് ബോർഡ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ടീം കളിക്കാനിറങ്ങിയതെന്നാണ് ബോർഡ് പറഞ്ഞുവെക്കുന്നത്. പാക് ബോർഡ് തെളിവുനൽകിയാൽ മാത്രം അന്വേഷിക്കാമെന്നാണ് ഐസിസി നിലപാട്.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ സ്വീകരിച്ച കർശനനിലപാടാണ് പാകിസ്താനെ ബഹിഷ്‌കരണത്തിൽനിന്ന് പിന്മാറാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. ടൂർണമെന്റിൽനിന്ന് പിന്മാറിയാൽ പാകിസ്താന് 141 കോടിയുടെ നഷ്ടം സംഭവിക്കും. ഇതിനുപുറമേ അച്ചടക്ക നടപടിയുടെ ഭാഗമായി ഐസിസി കനത്ത പിഴ ചുമത്താനും സാധ്യതയേറെയാണ്.
ഈ സാമ്പത്തികാഘാതത്തിൽ നിന്ന് എളുപ്പത്തിൽ കരകയറാൻ പാക് ബോർഡിനാകില്ല. ഇതിനുപുറമേ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാന്റെ രാജ്യംതന്നെ പിന്മാറുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന തിരിച്ചറിവും ആവേശത്തിനപ്പുറം വിവേകത്തോടെ ചിന്തിക്കാൻ പാക് ക്രിക്കറ്റ് ബോർഡിനെ പ്രേരിപ്പിച്ചിട്ടുണ്ട്. ബഹിഷ്‌കരണത്തിനൊരുങ്ങി പിന്മാറേണ്ടിവന്നത് ഹസ്തദാനവിവാദത്തിനു പുറമേ പാകിസ്താൻ ക്രിക്കറ്റിന് കനത്ത തിരിച്ചടിയും നാണക്കേടുമായി.
Content Highlights: pakistan uae lucifer quality asia cupful cricket lucifer referee








English (US) ·