‘അതിനു വേണ്ടിയാണ് എന്നെ കളിപ്പിക്കുന്നത്..., കിട്ടാത്ത റോളിൽ വീട്ടിലിരിക്കാൻ നോക്കുക, സിംപിൾ!’– വിഡിയോ

3 months ago 5

ഓൺലൈൻ ഡെസ്‌ക്

Published: September 30, 2025 04:21 PM IST

1 minute Read

 X/@Cricketracker)
സഞ്ജു സാംസൺ ഷാർജയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു (Manorama News TV), സഞ്ജു സാംസൺ (ഫയൽ ചിത്രം: X/@Cricketracker)

ഷാർജ∙ ഏഷ്യ കപ്പ് ക്രിക്കറ്റിൽ ബാറ്റിങ്ങിനിറങ്ങിയപ്പോൾ സമ്മർദത്തെ അവസരമായാണ് കണ്ടതെന്ന് മലയാളി താരം സഞ്ജു സാംസൺ. ആ അവസരങ്ങൾ വിനിയോഗിക്കാൻ സാധിച്ചതിലും നന്നായി കളിക്കാൻ സാധിച്ചതിലും സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു. ഷാർജ സക്സസ് പോയന്‍റ് കോളജിൽ നൽകിയ സ്വീകരണശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സഞ്ജു.

സമ്മർദനിമിഷങ്ങളിലാണ് പലപ്പോഴും സഞ്ജു ക്രീസിലേക്കു വരാറുള്ളതെന്നും അതിനെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അതിനു വേണ്ടിയാണ് തന്നെ കളിപ്പിക്കുന്നതെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ‘‘സമ്മർദങ്ങൾ കൈകാര്യം ചെയ്യാനാണ് ഇത്രയും വർഷംകൊണ്ട് പഠിച്ചത്. സമ്മർദത്തേക്കാൾ ഉപരി അവസരമായിട്ടാണ് തോന്നിയിട്ടുള്ളത്. അവസരം വിനിയോഗിക്കാൻ സാധിച്ചതിലും നന്നായി കളിക്കാൻ സാധിച്ചതിലും സന്തോഷമുണ്ട്.’’ സഞ്ജു.

ബാറ്റിങ് പൊസിഷൻ സംബന്ധിച്ച ചോദ്യത്തോട് പ്രതികരണം ഇങ്ങനെ: ‘‘നേരത്തെ പറഞ്ഞപോലെ, ലാലേട്ടന്റെ ആറ്റിറ്റ്യൂ‍ഡ് അങ്ങ് എടുത്തിട്ടു. അപ്പോൾ ഏതൊരു റോളും എടുക്കാം. എവിടെ കളിപ്പിച്ചാലും നമ്മൾ അതു മനസ്സുകൊണ്ട് അംഗീകരിച്ചാൽ കുഴപ്പമില്ല. സാധാരണ കളിക്കുന്നതുപോലെ, ആദ്യം അങ്ങ് പാഡിട്ടു പോകുന്നതിനേക്കാൾ ടീമും കോച്ചും ആവശ്യപ്പെടുന്നതുപോലുള്ള റോൾ ചെയ്തു കൊടുക്കുകയാണ് ചെയ്യുന്നത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ, പെട്ടെന്ന് സ്കോർ ചെയ്യണമെന്നായിരുന്നു. ഫൈനലിൽ പാർട്ണർഷിപ് ബിൾഡ് ചെയ്യാനായിരുന്നു നിർദേശം. അതനുസരിച്ച് ചെയ്യാനുള്ള ഒരു അനുഭവജ്ഞാനമുണ്ട്. പത്തു വർഷമായി രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്നു. കുറേ മത്സരങ്ങൾ കാണുന്നുണ്ട്. അപ്പോൾ ഇതൊക്കെ ചെയ്യാൻ പറ്റുമെന്ന വിശ്വാസമുണ്ട്.’’– സഞ്ജു പറഞ്ഞു.

ഏഷ്യാ കപ്പിൽ പ്രതീക്ഷിച്ച പല മത്സരങ്ങളിലും ബാറ്റിങ്ങിന് അവസരം ലഭിച്ചില്ലല്ലോ എന്ന ചോദ്യത്തിനുള്ള സഞ്ജുവിന്റെ മറുപടി ചിരിപടർത്തി. ‘‘അങ്ങനെയൊന്നുമില്ല, എല്ലാ സിനിമകളും കിട്ടില്ലല്ലോ. ചില സിനിമകളെ കിട്ടൂ, അതിൽ പല റോളുകൾ കിട്ടും. അതങ്ങ് ചെയ്യാൻ നോക്കുക. കിട്ടാത്ത റോളിൽ വീട്ടിലിരിക്കാൻ നോക്കുക. സിംപിളാണ്.’’ സഞ്ജു പറഞ്ഞു. ക്രിക്കറ്ററായില്ലായിരുന്നെങ്കില്‍ സഞ്ജു സാംസണ്‍ സിനിമാ താരമാകുമായിരുന്നു എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു മറുപടി. ബേസില്‍ ജോസഫ് അടുത്ത കൂട്ടുകാരനല്ലെ ഒരു റോള്‍ ചോദിച്ചുകൂടെ എന്ന് ചോദിച്ചപ്പോള്‍ ബേസിലൊക്കെ അക്കാര്യത്തില്‍ വളരെ പ്രഫഷനല്‍ ആണെന്നും ഇങ്ങനെ തമാശയൊന്നും ചെയ്യില്ല സിനിമയില്‍ എന്നായിരുന്നു സഞ്ജുവിന്‍റെ മറുപടി.

ബാറ്റിങ് ഓർഡറിൽ ഏതു പൊസിഷനാണ് ഏറ്റവും സൗകര്യമെന്ന ചോദ്യത്തിന്, താൻ മോഹൻലാലിനെപ്പോലെ ഏതു റോളും ചെയ്യുമെന്ന്, കഴിഞ്ഞ ദിവസം സഞ്ജു പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ഏഷ്യാകപ്പിലെ ഇന്ത്യ– ബംഗ്ലദേശ് സൂപ്പർ ഫോർ മത്സരത്തിനു മുൻപ് കമന്റേറ്റർ കൂടിയായ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കറുടെ ചോദ്യത്തിനായിരുന്നു സഞ്ജുവിന്റെ പ്രതികരണം.

‘‘എപ്പോഴും നായകവേഷം തന്നെ ചെയ്യണമെന്ന് എനിക്ക് വാശിയില്ല. ചിലപ്പോൾ വില്ലന്റെ റോൾ, ചിലപ്പോൾ ജോക്കറുടെ റോൾ... അങ്ങനെ ഏതു വേഷവും ചെയ്യാൻ ഞാൻ തയാറാണ്. ഓപ്പണിങ് പൊസിഷനിൽ ഞാൻ നന്നായി കളിച്ചു എന്നതിനാൽ അവിടെ തന്നെ തുടരണമെന്ന് നിർബന്ധമില്ല. എല്ലാ പൊസിഷനും പരീക്ഷിക്കാൻ തയാറാണ്. ചിലപ്പോൾ നല്ലൊരു വില്ലനായും എനിക്കു തിളങ്ങാൻ സാധിച്ചാലോ’’– പുഞ്ചിരിയോടെ സഞ്ജു പറഞ്ഞു. അഭിമുഖത്തിന്റെ അവസാനം സഞ്ജു മോഹൻലാൽ സാംസൺ എന്നാണ് മലയാളി താരം സ്വയം വിശേഷിപ്പിച്ചത്.

English Summary:

Sanju Samson talks astir handling unit arsenic an accidental successful cricket. He expresses happiness successful utilizing those opportunities and playing well. He besides mentioned that helium is acceptable to play immoderate relation successful the team, conscionable similar Mohanlal.

Read Entire Article