01 June 2025, 09:31 AM IST
.jpg?%24p=8edaf34&f=16x10&w=852&q=0.8)
മോഹൻലാൽ, ഡോ. മധു വാസുദേവൻ | Photo: Mathrubhumi
തേവയ്ക്കൽ: 'എട്ടുവർഷം മുൻപ് പ്രിയ സുഹൃത്തായ നടൻ മോഹൻലാൽ എന്നോട് ചോദിച്ചു- സിനിമയിൽ കഥയും തിരക്കഥയുമൊക്കെ എഴുതാൻ സമയം കിട്ടുമോ? ഇതിന്റെ പിന്നാലെ ഇറങ്ങി തിരിച്ചാൽ അധ്യാപന ജീവിതത്തെ ബാധിക്കില്ലേ? എന്ന്'. ഒരു കഥയുടെ സൂചന നൽകിയപ്പോൾ അദ്ദേഹം അന്ന് പറഞ്ഞ വാക്കുകൾ മനസ്സിൽ തറപ്പിച്ചിട്ടുകൊണ്ട് എറണാകുളം മഹാരാജാസ് കോളേജിന്റെ പടിയിറങ്ങി. 31 വർഷത്തെ അധ്യാപന ജീവിതത്തിനുശേഷം കവിയും സംഗീത നിരൂപകനും ഗാനരചയിതാവും മഹാരാജാസ് കോളേജ് പ്രൊഫസറുമായ ഡോ. മധു വാസുദേവൻ ഇനി തിരക്കഥാ ലോകത്തേക്കിറങ്ങുകയാണ്. മഹാരാജാസ് കോളേജിലെ ഹിന്ദി അധ്യാപകനായിരുന്നു. സിനിമയിൽ പാട്ട് മാത്രം എഴുതിയിട്ടുള്ള മധു വാസുദേവന് തിരക്കഥയെഴുതാനുള്ള പല കഥകളും മനസ്സിൽ പൊട്ടിമുളച്ചെങ്കിലും ജോലിക്കിടയിലെ സമയക്കുറവായിരുന്നു പ്രശ്നം.
'എല്ലാവരുടെയും ആഗ്രഹമാണ് മോഹൻലാലിനെ പോലുള്ള ഒരു നടനോടൊപ്പം സിനിമയുടെ ഭാഗമാകണമെന്നത്. അദ്ദേഹത്തിന് പറ്റിയ സിനിമ കഥകളുടെ ഒരുപാട് പ്രമേയങ്ങൾ മനസ്സിലുണ്ട്. സിനിമാമേഖലയിലുള്ള പലരെയും അടുത്തറിയാം. ലാലുമായി വളരെ ആത്മാർഥ സൗഹൃദമുള്ളതുകൊണ്ട് നേരിട്ടുതന്നെ കഥ പറയാൻ കഴിയുമെന്നാണ് പ്രതീക്ഷ'യെന്നും മധു വാസുദേവൻ പറഞ്ഞു.
ലാലിനായി തിരക്കഥയൊരുക്കണമെന്നത് മറ്റെല്ലാ എഴുത്തുകാരെയും പോലെ തന്റെയും ആഗ്രഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാജാസിലെ പൂർവ വിദ്യാർഥി കൂടിയാണ് മധു. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി മഹാരാജാസിലെ അധ്യാപകനായിരുന്ന സമയത്താണ് സിനിമയിൽ നിരവധി പാട്ടുകൾ എഴുതിയത്.
പല പാട്ടുകൾക്കും നിരവധി അംഗീകാരങ്ങളും ലഭിച്ചു. 'ജലം' എന്ന സിനിമയിലെ നാലു ഗാനങ്ങൾ 2016-ലെ ഓസ്‌കാർ അവാർഡിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു. 'നടൻ' എന്ന സിനിമയ്ക്കായി രചിച്ച 'ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലെ' എന്ന ഗാനത്തെ തേടി സംസ്ഥാന ചലച്ചിത്ര അവാർഡെത്തി. മോഹൻലാലിന്റെ 'ഒപ്പം' എന്ന സിനിമയിലെ ചിന്നമ്മ എന്ന പാട്ട് ഫിലിം ഫെയർ അവാർഡ് നേടി. മധു വാസുദേവൻ എഴുതിയ സംഗീതാർഥമു എന്ന പുസ്തകം കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം നേടി.
ഇദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് വിദ്യാർഥിനിയായ മസ്താനി നൂർ ഗുരുഗീതകം എന്ന പേരിൽ എഴുതിയ പുസ്തകവും ഏറെ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹം എഴുതിയ ഏഴു പുസ്തകങ്ങൾ മോഹൻലാൽ പ്രകാശനം ചെയ്തിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി 11 പുസ്തകങ്ങൾ ഡോ. മധു വാസുദേവൻ രചിച്ചിട്ടുണ്ട്. എം. പുഷ്പ ആണ് ഭാര്യ. ബിലഹരി, ബിലാവൽ എന്നിങ്ങനെ സംഗീതത്തിലെ രാഗങ്ങളുടെ പേരാണ് മക്കൾക്ക് നൽകിയിട്ടുള്ളത്. തേവയ്ക്കലിലെ മൽഹാർ എന്ന വീട്ടിലാണ് താമസം.
Content Highlights: After 31 years arsenic a professor, Dr. Madhu Vasudevan, ventures into screenwriting
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·