Published: May 10, 2026 07:34 AM IST
1 minute Read
മുംബൈ ∙ സൂപ്പർതാരം രോഹിത് ശര്‍മയ്ക്കൊപ്പം ഒരു സെല്‍ഫി എല്ലാ ക്രിക്കറ്റ് ആരാധകരുടെയും ഒരു സ്വപ്നമായിരിക്കും. എന്നാല്‍ സെല്‍ഫിക്ക് രോഹിതിന് മുന്നിലെത്തുമ്പോള്‍ ഫോണ്‍ ബാറ്ററി തീര്‍ന്ന് ഓഫായാലോ? ഇതില്‍പരം നിരാശ വേറെയുണ്ടാകാന്‍ ഇടയില്ല. റായ്പുരില്‍ ആര്‍സിബിക്കെതിരായ മല്‍സരത്തിന് മുന്നോടിയായി മുബൈ താരായ രോഹിത് പരിശീലനത്തിനെത്തിയപ്പോഴാണ് അത്തരമൊരു സംഭവമുണ്ടായത്. മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഔദ്യോഗിക എക്സ് പേജിൽ വിഡിയോ പങ്കുവച്ചത്.
രോഹിതിനെ കണ്ട സന്തോഷത്തില്‍ യുവതി ആഹ്ലാദത്തോടെ ഓടിയെത്തുന്നതും സെൽഫിയെടുക്കാൻ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ ക്യാമറ ഓണാക്കിയതും ബാറ്ററി തീര്‍ന്ന് ഫോണ്‍ ഓഫായി. എന്ത് ചെയ്യണമെന്നറിയാതെ നിന്ന രോഹിത് പിന്നാലെ വന്ന കുട്ടിക്കൊപ്പം ചിത്രമെടുത്തു. ചുറ്റും നിന്നവരോട് യുവതി ഫോണ്‍ ചോദിക്കുന്ന നേരത്ത് താരം ടീം ബസിലേക്ക് കയറാന്‍ പോകുകയും ചെയ്തു.
പിന്നാലെ പാഞ്ഞെത്തിയ യുവതിയോട് ‘ഞാന്‍ എന്ത് ചെയ്യാനാണെന്നായിരുന്നു’ താരത്തിന്‍റെ ചോദ്യം. പെട്ടെന്ന് ആരോ കൈമാറിയ ഫോണുമായി യുവതി എത്തുകയും വീണ്ടും ചിത്രമെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ‘ഒന്നു വേഗം എടുക്കാമോ?’ എന്നായിരുന്നു ആകെ അസ്വസ്ഥനായി രോഹിതിന്‍റെ മറുപടി. ക്ഷമിക്കണമെന്ന് തുടരെത്തുടരെ യുവതി പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. സെല്‍ഫി എടുത്തതും സന്തോഷത്തോടെ ആർപ്പുവിളിച്ചാണ് യുവതി നടന്നുനീങ്ങുന്നത്.
പേശിവലിവിനെ തുടർന്ന് രോഹിതിന് സീസണിലെ അഞ്ച് മത്സരങ്ങളാണ് ഇതിനകം നഷ്ടമായത്. ലക്നൗവിനെതിരെ വാങ്കഡെയില്‍ നടന്ന മത്സരത്തിലാണ് താരം മടങ്ങി വന്നത്. 44 പന്തില്‍ നിന്ന് ആറു ഫോറും ഏഴു സിക്സുമടക്കം 84 റണ്‍സും താരം നേടി. കളിയില്‍ 10 പന്ത് ബാക്കി നില്‍ക്കെ മുംബൈ ജയം കാണുകയും ചെയ്തു. പത്തു മത്സരങ്ങളിൽ മൂന്നെണ്ണം മാത്രം ജയിച്ച മുംബൈ, പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. പ്ലേഓഫ് സാധ്യത ഏറെക്കുറെ അസ്തമിക്കുകയും ചെയ്തു. ഞായറാഴ്ച ആർസിബിക്കെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.
English Summary:







English (US) ·