മുജീബുര്‍റഹ്മാന്‍ കരിയാടന്‍
'ആരാ അത്,
വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്റെ മോന്‍
ഏത്, ആ ഇന്റര്‍വ്യൂ കൊടുക്കുന്ന കുട്ടിയാ
അല്ലാ, മൂത്തയാള്‍
'
തിയേറ്റര്‍ ഇളകിമറിയുന്നൊരു സംഭാഷണവും രംഗവുമാണത്. സിനിമ കാഴ്ചക്കാരനോടൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുന്ന പല ഉദാഹരണങ്ങളിലൊന്ന്. നമ്മള്‍ പറയണമെന്നും കേള്‍ക്കണമെന്നും കാണണമെന്നുമൊക്കെ ആഗ്രഹിക്കുന്നത് വെള്ളിത്തിരയില്‍ മറ്റു ചിലര്‍ ആടിത്തിമര്‍ക്കുമ്പോള്‍ 'അത് ഞാനാണ്' എന്ന് സാധാരണ പ്രേക്ഷകര്‍ ചിന്തിക്കാറുള്ളത് അമാനുഷിക നായകരെയാണെങ്കില്‍ അതിരടിയിലത് സാധാരണക്കാര്‍ തന്നെയാണ്- വെറും സാധാരണക്കാര്‍!
ബേസില്‍ ജോസഫ് എന്ന നടന്റെ വളരെ വ്യത്യസ്തമായൊരു 'രൂപം' തന്നെയാണ് സിനിമയുടെ ആദ്യപകുതിയുടെ ആകര്‍ഷണം. എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിയാകാന്‍ വേണ്ടി തന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തി ഇരുപതുകാരനിലേക്ക് ചുരുങ്ങിയെത്തിയ ബേസിലിനെ ഈ സിനിമയുടെ ആദ്യ പകുതിയില്‍ കാണാനാവും. തടി കുറച്ച് പ്രായം കുറവ് അനുഭവിപ്പിച്ച്, മുടി പിന്നിലേക്ക് നീട്ടി, പല്ലിന് കമ്പിയിട്ട സാം കുട്ടി.
എന്‍ജിനിയറിംഗ് കോളജിന് മുമ്പില്‍ കാഴ്ചാ സൗന്ദര്യത്തിനും സെല്‍ഫിയെടുക്കാനുമൊക്കെ വെച്ച 'എന്‍ജിനില്ലാത്ത' ബസ്സു പോലെ 'യഥാര്‍ഥ ഉപയോഗമില്ലാത്ത' സാം കുട്ടിക്ക് യോജിച്ച വില്ലനാണ് ടോവിനോ തോമസിന്റെ ഗാനഗുണ്ട തോട്ടക്കുട്ടന്‍. ബേസില്‍ ജോസഫ് നായകനും നിര്‍മാതാവുമായ സിനിമയില്‍ ടോവിനോയാണ് വില്ലനും സഹനിര്‍മാതാവും. മിന്നല്‍ മുരളിയില്‍ തുടങ്ങിയ ഇവരുടെ സൗഹൃദം മരണമാസും കടന്നാണ് അതിരടിയിലെത്തിയിരിക്കുന്നത്.
ബേസില്‍ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന സിനിമയെന്ന രീതിയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന എല്ലാ മാസും ഈ സിനിമ തരുന്നുണ്ട്. കോമഡി, ഇമോഷന്‍, തല്ലുപിടുത്തം, പാട്ട്, സംഗീതം, കഥ, അവതരണം തുടങ്ങി യുവത്വത്തെ തിയേറ്ററിനുള്ളില്‍ ഒരു നിമിഷം വെറുതെ ഇരിക്കാന്‍ അനുവദിക്കാതെ അതിരടി ആസ്വദിപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ട്.
അതിരടി എന്ന മലയാള വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് സ്‌ഫോടനാത്മകം, അതിശയോക്തിപരം, സംഭ്രമജനകം, കരുത്തുറ്റ, സംഭവബഹുലമായ എന്നൊക്കെയാണ്. ഈ സിനിമയ്ക്ക് ഇതിലും മികച്ച രീതിയിലൊരു പേര് തെരഞ്ഞെടുക്കാനില്ല.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് എന്‍ജിനിയറിംഗ് കോളജിന്റെ പശ്ചാതലത്തിലൊരു മാസ് സിനിമ വരുന്നത്. ബി ടെക് പഠനവും സപ്ലി സമ്മര്‍ദ്ദങ്ങളും അതിനിടയില്‍ താരമാവാന്‍ ശ്രമിക്കലുമൊക്കെയായി ഒരു സാധാരണക്കാരന്റെ കോളജ് ജീവിത കാഴ്ചകളാണ് ബേസിലിന്റെ സാം കുട്ടിയെന്ന സാം ബോയ് കാണിക്കുന്നത്. സാം കുട്ടിയുടെ ജ്യേഷ്ഠന്‍ പഠിച്ച് പൂര്‍ത്തിയാകാതെ പോയ അതേ എന്‍ജിനിയറിംഗ് കോളജിലാണ് സാം കുട്ടിയും പഠിക്കാനെത്തുന്നത്.
എന്‍ ഐ ടിക്കാരുടെ കലോത്സവമായ രാഗ പോലെയാണ് തിരുവനന്തപുരത്തെ എന്‍ജിനിയറിംഗ് കാംപസായ ബി സി ഇ ടിക്കാര്‍ക്ക് ആരോഹണ. പക്ഷേ, അപ്രതീക്ഷിതമായുണ്ടായൊരു സംഭവത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തിലേറെയായി ആരോഹണ നടക്കുന്നില്ല. അതില്‍ കോളജ് വിദ്യാര്‍ഥികള്‍ രോഷാകുലരും നിരാശരുമാണ്. അഞ്ച് വര്‍ഷമായി നടക്കാത്ത ആരോഹണ നടത്തിയെടുക്കാന്‍ സാം കുട്ടിക്കു താത്പര്യം ജനിക്കുന്നതിന് പല കാരണങ്ങളുണ്ടായിരുന്നു. കോളജ് വിദ്യാര്‍ഥികളുടെ പൊതുതാത്പര്യം എന്നതിനപ്പുറം വ്യക്തിപരമായ ഒന്നുരണ്ടു കാരണങ്ങള്‍ വേറെയും.
കോളജ് കലോത്സവത്തോടെ ആരംഭിക്കുന്ന സിനിമ ആദ്യത്തെ ഏതാനും നിമിഷങ്ങള്‍ പ്രേക്ഷകര്‍ക്ക് കണക്ടാവാന്‍ പ്രയാസമുണ്ടാക്കുന്നുണ്ട്. എന്നാല്‍ പതിയെ അതിരടി പ്രേക്ഷകരുടെ കൂടെ സഞ്ചരിക്കാന്‍ തുടങ്ങും. കുസാറ്റില്‍ നടന്ന യഥാര്‍ഥ സംഭവമാണ് അതിരടി അടിസ്ഥാന പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്.
ബേസില്‍ ജോസഫിന്റെ ഗെറ്റപ്പ് മാറ്റം തന്നെയാണ് സിനിമയില്‍ ആദ്യംതന്നെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കാര്യം. പിന്നാലെ സര്‍വ്വംമായയില്‍ ഡെലൂലുവായെത്തിയ റിയ ഷിബു കൂടി ചേരുന്നതോടെ ഇരുവരും തമ്മിലുള്ള കോംബിനേഷനുകള്‍ മനോഹരമാകുന്നു. വളരെ വൃത്തിയോടെയാണ് ഇവര്‍ തമ്മിലുള്ള രംഗങ്ങള്‍ തിരക്കഥയിലും സിനിമയിലും ഒരുക്കിവെച്ചിരിക്കുന്നത്.
ഒന്നാം പകുതിയുടെ വേഗതയും ആകാംക്ഷയും രണ്ടാം പകുതിയില്‍ ഒരല്‍പം തണുത്തുപോകുന്നുണ്ടെങ്കിലും സിനിമ ക്ലൈമാക്‌സിലെത്തുമ്പോഴേക്കും അതെല്ലാം തിരിച്ചുപിടിക്കുന്നുണ്ട്. രണ്ടാം പകുതി കണ്ടു തുടങ്ങുമ്പോള്‍ തന്നെ സിനിമ എങ്ങനെയായിരിക്കും അവസാനിക്കുകയെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാക്കിയെടുക്കാനാവും. പ്രേക്ഷകര്‍ അത് തിരിച്ചറിയുമെന്നത് തന്നെയാണ് സിനിമയെ ഒരുക്കിയെടുക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ നേരിട്ട വെല്ലുവിളിയും. അതുകൊണ്ടുതന്നെ അതിമനോഹരമായി ക്ലൈമാക്‌സിലേക്ക് സിനിമ എത്തിക്കാനായിട്ടുണ്ട്. ആക്ഷനും സസ്‌പെന്‍സും ഇമോഷനുമെല്ലാം ചേര്‍ത്തുവെച്ച ക്ലൈമാക്‌സ് കാണുമ്പോള്‍ പ്രേക്ഷകന്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയല്ല, കഥാപാത്രങ്ങളോടൊപ്പം നില്‍ക്കുകയാണ് ചെയ്യുക. ക്ലൈമാക്‌സ് ക്ലീഷേയാണെങ്കിലും അതിലേക്ക് പുതുമയും നിര്‍മാണ കൗശലവും കൊണ്ടുവരാനായിട്ടുണ്ട്.
![]()
കോളജ് കാംപസായതിനാല്‍ തന്നെ ജെന്‍സി സംഭാഷണങ്ങളും എമ്പാടുമുണ്ട് ഈ ചിത്രത്തില്‍. ബേബി ബൂമേഴ്‌സ് മുതല്‍ ജെന്‍ എക്‌സും മില്ലേനിയല്‍സും ചില സംഭാഷണങ്ങള്‍ക്ക് കാതുകൂര്‍പ്പിച്ചിരിക്കണം, എന്നാലേ മനസ്സിലാവൂ. ജെന്‍ ആല്‍ഫകള്‍ ജെന്‍സിയേക്കാള്‍ ആ സംഭാഷണങ്ങളൊക്കെ അടിച്ചു കലക്കുമെന്നത് വേറെ കാര്യം.
തിരുവനന്തപുരത്തെ ഗുണ്ട സംഗീതത്തിലേക്ക് തിരിഞ്ഞാല്‍ എങ്ങനെയുണ്ടാകും- അതാണ് ടോവിനോയുടെ തോട്ടക്കുട്ടന്‍. നാടുവിറപ്പിച്ച തോട്ടക്കുട്ടനെ തന്റെ വാക്കിന്റേയും നാക്കിന്റേയും ബലത്തില്‍ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്ന അയാളുടെ ഭാര്യയെ സറിന്‍ ഷിഹാബും മികച്ചതായിരിക്കും.
പ്രേക്ഷകര്‍ കുടുകുടെ ചിരിച്ചേക്കാവുന്ന രണ്ട് കഥാപാത്രങ്ങള്‍ ജിയോ ബേബിയും 'നല്ല എസ് ഐ'യും ഷാന്‍ റഹ്മാന്റെ 'ഷാന്‍ റഹ്മാനും' ആയിരിക്കും. വിനീത് ശ്രീനിവസാന്‍ നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനയും ഷാന്‍ റഹ്മാന്‍ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനായും തന്നെയാണ് അതിരടിയില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തില്‍ ചലച്ചിത്ര താരമായി വേഷമിട്ട ഷാന്‍ റഹ്മാന്‍ പ്രസ്തുത ചിത്രത്തിലും കാഴ്ചക്കാര്‍ക്ക് കോമഡി കഥാപാത്രമായിരുന്നു. അതിരടിയിലും ഷാന്‍ തമാശയാണ് കൈകാര്യം ചെയ്യുന്നത്. കഥാപാത്രം 'ഗൗരവമുള്ള'താണെങ്കിലും പ്രേക്ഷകര്‍ക്കയാള്‍ 'തമാശ'യാണ്.
നിരവധി മലയാള സിനിമകളുടെ റഫറന്‍സ് കൂടിയുണ്ട് അതിരടിയിലെ സംഭാഷണങ്ങളില്‍. പല സിനിമകളും സൂപ്പര്‍ ഹിറ്റുകളായതിനാല്‍ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് കണക്ടാവുകയും പ്രേക്ഷകര്‍ ഉറക്കെ അതിനോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.
പേട്രിയറ്റിലേതു പോലെ അതിരടിയിലും ദര്‍ശന രാജേന്ദ്രന്‍ കഥയുടെ 'ട്വിസ്റ്റ്' തിരിച്ചുവെച്ച് കടന്നുപോകുന്നുണ്ട്. സിനിമയിലുടനീളം ഈ കഥാപാത്രം ഉള്ളതായി പ്രേക്ഷകര്‍ക്ക് തോന്നുന്നത് ആ കഥാപാത്രത്തിന്റെ പ്രാധാന്യംകൊണ്ടുതന്നെയാണ്.
മിന്നല്‍ മുരളിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ അരുണ്‍ അനുരദ്ധന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് അതിരടി. പുതിയ സംവിധായകനെന്ന നിലയില്‍ അരുണ്‍ അനിരുദ്ധന്‍ സിനിമയില്‍ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്.
കിടയറ്റ സമ്പൂര്‍ണ തിരക്കഥയെന്നൊന്നും അതിരടിയെ വിശേഷിപ്പിക്കാനാവില്ല. പക്ഷേ, പ്രേക്ഷകരെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നതെല്ലാം ഒന്നിനു പിറകെ ഒന്നായി അതിരടി അവതരിപ്പിക്കുന്നുണ്ട്. പട്ടി ഷോ പാട്ടും അമ്മപ്പുതപ്പ് പാട്ടുമൊക്കെ സന്ദര്‍ഭത്തിനനുസരിച്ച് കടന്നുവരുന്നുണ്ട്.
കാംപസിന് അനുയോജ്യമായ വിധത്തില്‍ വിഷ്ണു വിജയ് ഒരുക്കിവെച്ച സംഗീതം എടുത്തുപറേയണ്ടതാണ്. ഒരു ഭാഗത്ത് നിറപ്പകിട്ടാര്‍ന്ന കാംപസാണെങ്കില്‍ മറുഭാഗത്തൊരു ഗുണ്ടയുടെ ജീവിതവും അമ്പലക്കമ്മിറ്റി സംഘാടകനുമുണ്ട്. അയാള്‍ക്കായി മറ്റൊരു രീതിയിലുള്ള സംഗീതവും ഒരുക്കിയിട്ടുണ്ട്.
സാമുല്‍ ഹെന്റി തന്റെ ക്യാമറക്കാഴ്ചയില്‍ എന്‍ജിനിയറിംഗ് കോളജില്‍ അക്ഷരാര്‍ഥത്തില്‍ അഴിഞ്ഞാടുകയാണ്. ഒപ്പം ചമന്‍ ചാക്കോയുടെ എഡിറ്റിംഗും. ചടുല വേഗത്തിലുള്ള കഥപറച്ചിലിന് അനുയോജ്യമായി രംഗങ്ങള്‍ ചേര്‍ത്തുവെച്ചിരിക്കുന്നു ചമന്‍ ചാക്കോ.
സംവിധായകന്‍ അരുണ്‍ അനിരുദ്ധനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് അതിരടി രചിച്ചിരിക്കുന്നത്. ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ഡോ. അനന്തു എന്റര്‍ടെയ്‌ന്മെന്റ്‌സിന്റെ ബാനറില്‍ ഡോ. അനന്തു എസും ചേര്‍ന്ന് നിര്‍മിച്ച അതിരടിയുടെ സഹനിര്‍മാതാക്കള്‍ ടോവിനോ തോമസും സമീര്‍ താഹിറുമാണ്.
മനോഹരമായൊരു വിഷ്വല്‍ ലോഗോയോടെയാണ് സിനിമ ആരംഭിക്കുന്നതെന്ന് പറയാതെ വയ്യ. ദി പെറ്റ് ഡിറ്റക്ടീവ് ആരംഭിക്കുമ്പോള്‍ ഷറഫുദ്ദീന്‍ പ്രൊഡക്ഷന്‍സ് കാണിച്ചതുപോലെ മനോഹരമായ വിഷ്വല്‍ ലോഗോയാണ് ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റേത്. ചെരിഞ്ഞ ഗോപുരത്തെ നേരെയാക്കാന്‍ ശ്രമിക്കുന്ന 'ബേസില്‍ മാന്‍' സൂപ്പര്‍ ഹീറോ അത് നേടിയെടുക്കുക മാത്രമല്ല, മറിച്ചിടുക കൂടി ചെയ്യുന്നു. സാധാരണക്കാരനായി സിനിമയിലേക്ക് വന്ന് പിന്നീട് ഓരോരോ മേഖലകളിലായി തന്റെ കഴിവ് പ്രകടമാക്കുന്ന ബേസില്‍ ജോസഫ് ആദ്യമായി നിര്‍മിച്ച സിനിമയാണ് അതിരടി. അതിരടി കാണുന്നതുപോലെ ഈ വിഷ്വല്‍ ലോഗോയും പ്രേക്ഷകര്‍ കണ്ടിരിക്കണം.
പൂര്‍ണമായും തിയേറ്റര്‍ അനുഭവം നല്‍കുന്ന അതിരടി പ്രേക്ഷകനെ നിരാശപ്പെടുത്തില്ലെന്ന് മാത്രമല്ല, ഒരിക്കല്‍ കൂടി കാണണമെന്ന് തോന്നിപ്പിക്കുകയും ചെയ്യും.





English (US) ·