നടി രോഹിണി സംവിധാനം ചെയ്ത അപ്പാവിന്‍ മീസൈ എന്ന ചിത്രത്തിലാണ് സലിം കുമാര്‍ വളരെ മികച്ചൊരു വേഷം ചെയ്തത്. ആ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ അദ്ദേഹം മരിച്ചതിലെ വേദന രോഹിണി ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
2007 ല്‍ തന്നെ ഇന്‍സ്‌പെയര്‍ ചെയ്ത ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് രോഹിണി അപ്പാവിന്‍ മീസൈ എന്ന സിനിമയ്ക്ക് തുടക്കം കുറിച്ചത്. 2012 ല്‍ ആണ് ചിത്രം ഔദ്യോഗികമായി പങ്കുവച്ചത്. ആദ്യമായി രോഹിണി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് 2013 ല്‍ പൂര്‍ത്തിയാവുകയും ചെയ്തു. എന്നാല്‍ നിത്യ മേനോന്‍, പശുപതി, ചേരന്‍, സലിം കുമാര്‍ തുടങ്ങിയവര്‍ അഭിനയിച്ച സിനിമ 13 വര്‍ഷത്തോളമായി ഇന്നും പെട്ടിക്കകത്ത് തന്നെയാണ്. എന്താണ് അതിന് കാരണം എന്ന് രോഹിണി പറയുന്നില്ല. പക്ഷേ സലിം കുമാര്‍ ആ സിനിമ കാണണം എന്ന് താന്‍ ആഗ്രഹിച്ചിരുന്നതായി രോഹിണി പറയുന്നു
അപ്പാവിന്‍ മീസൈ എന്ന ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു റോള്‍ ആണ് സലിം കുമാര്‍ ചെയ്തത്. അത്രയും പവര്‍ഫുളായ ഒരു പെര്‍ഫോമന്‍സ് ആണ് അദ്ദേഹം സിനിമയില്‍ ചെയ്തത്. ആ സിനിമ തന്നെ അദ്ദേഹത്തെ കുറിച്ചുള്ളതാണ്. അദ്ദേഹം തന്നെ ആ കഥാപാത്രം ചെയ്യണം എന്നത് എന്റെ ആഗ്രഹമായിരുന്നു. ഞാന്‍ പറഞ്ഞ പ്രതിഫലത്തില്‍, പകുതി മാത്രമേ അദ്ദേഹത്തിന് നല്‍കിയിരുന്നുള്ളൂ. അതിനൊന്നും സലിം കുമാരിന് യാതൊരു പ്രശ്‌നവും ഇല്ലായിരുന്നു.
സലിം കുമാര്‍ സെറ്റിലേക്ക് വന്നത്, അഭിനയിച്ചത് എല്ലാം എന്നെ അത്ഭുതപ്പെടുത്തി. ചില ഇടങ്ങളില്‍ ഞാന്‍ അദ്ദേഹത്തെ വിട്ടുകളഞ്ഞു, ഞാന്‍ എഴുതിയതിലും മികച്ചതായിരുന്നു അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ്. അന്നേ സലിം കുമാറിന് ലിവര്‍ ട്രാന്‍സ്പ്ലാന്‍ ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. ഞാനിപ്പോള്‍ അധികം സിനിമകള്‍ ചെയ്യാറില്ല, എന്നാലും നിങ്ങളുടെ സിനിമ ചെയ്യാം എന്ന് പറഞ്ഞാണ് അദ്ദേഹം വന്ന് ചെയ്തത്. അതിന് ശേഷം അദ്ദേഹം ഒരുപാട് സിനിമകള്‍ ചെയ്തു, സംവിധാനം ചെയ്തു. എന്നാലും ഈ സിനിമ റിലീസ് ആവാതെ പോയതില്‍ എനിക്ക് വിഷമമുണ്ട്.
എപ്പോള്‍ റിലീസ് ചെയ്യും എന്ന് ഇടയ്ക്ക് സലിം കുമാര്‍ വിളിച്ച് ചോദിക്കാറുണ്ടായിരുന്നു. ആ സിനിമ റിലീസ് ചെയ്തിരുന്നുവെങ്കില്‍, അദ്ദേഹത്തിന് ഞാനൊരു നന്ദി പറയുന്ന നിമിഷമായി മാറിയേനെ. തീര്‍ച്ചയായും അദ്ദേഹത്തോട് എനിക്ക് നന്ദിയുണ്ട്. പക്ഷേ റിലീസിന് ശേഷം ഒരു നന്ദി പറയണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.




English (US) ·