Published: November 09, 2025 05:20 PM IST
1 minute Read
മോങ് കോക് (ഹോങ്കോങ്) ∙ ഹോങ്കോങ് സിക്സസ് ക്രിക്കറ്റ് ടൂർണമെന്റ് കിരീടം പാക്കിസ്ഥാന്. ഫൈനലിൽ കുവൈത്തിനെ 43 റൺസിനു തോൽപ്പിച്ചാണ് പാക്കിസ്ഥാൻ ചാംപ്യന്മാരായത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ, നിശ്ചിത ആറ് ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ കുവൈത്ത് 5.1 ഓവറിൽ 92 റൺസിന് ഓൾഔട്ടായി.
ഫൈനലിൽ 52 റൺസെടുക്കുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത പാക്കിസ്ഥാൻ ക്യാപ്റ്റൻ അബ്ബാസ് അഫ്രീദിയാണ് പ്ലെയർ ഓഫ് ദ് മാച്ചും പ്ലെയർ ഓഫ് ദ് ടൂർണമെന്റും. സെമിഫൈനലിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചായിരുന്നു പാക്കിസ്ഥാന്റെ ഫൈനൽ പ്രവേശം. ഒരു റൺസിനാണ് സെമിയിൽ ഓസീസിനെ പാക്കിസ്ഥാൻ തകർത്തത്. ഇംഗ്ലണ്ടിനെ 37 റൺസിനു തോൽപ്പിച്ചാണ് കുവൈത്ത് ഫൈനലിൽ കയറിയത്.
ടൂർണമെന്റിലെ നാലു പൂളുകളിൽനിന്നുമുള്ള അവസാന സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടുന്ന ബൗൾ ഗ്രൂപ്പ് ഫൈനലിൽ ശ്രീലങ്ക വിജയിച്ചു. യുഎഇയെ 21 റൺസിനാണ് ലങ്ക തോൽപ്പിച്ചത്. ശ്രീലങ്ക ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎഇക്ക് ആറ് ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 85 റൺസെടുക്കാനെ സാധിച്ചുള്ളൂ.
ഞായറാഴ്ച നടന്ന ബൗൾ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യയെ 48 റൺസിനു തോൽപ്പിച്ചാണ് ശ്രീലങ്ക ഫൈനലിൽ കയറിയത്. ആദ്യം ബാറ്റു ചെയ്ത ലങ്ക, ആറ് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 138 റണ്‍സെടുത്തപ്പോൾ, ഇന്ത്യയുടെ ഇന്നിങ്സ് ആറ് ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 90 റൺസിൽ അവസാനിച്ചു. 41 റൺസെടുത്ത ഭരത് ചിപ്ലി ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ദിനേഷ് കാർത്തിക്കിനു പകരം സ്റ്റുവർട്ട് ബിന്നിയാണ് ഇന്ത്യയെ നയിച്ചത്. ആറു ഓവറുകൾ മാത്രം കളിച്ച് ‘അതിവേഗം’ സ്കോർ കണ്ടെത്തേണ്ട ടൂർണമെന്റിൽ ഇന്ത്യയുടെ ഈ പ്രകടനം കണ്ണുതുറപ്പിക്കുന്നതാണ്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചെങ്കിലും പിന്നീട് കുവൈത്ത്, യുഎഇ, നേപ്പാൾ, ശ്രീലങ്ക ടീമുകളോട് തോൽക്കുകയായിരുന്നു.
അതേസമയം, ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ട ടീമുകൾ പരസ്പരം മത്സരിച്ചുള്ള, പ്ലേറ്റ് ഫൈനലിൽ ബംഗ്ലദേശിനെ ഒരു വിക്കറ്റിന് തോൽപ്പിച്ച് ഹോങ്കോങ് ചാംപ്യന്മാരായി. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് ആറ് ഓവറിൽ 120 റൺസെടുത്തപ്പോൾ, ഹോങ്കോങ് അവസാന പന്തിലാണ് ലക്ഷ്യം മറികടന്നത്.
English Summary:








English (US) ·