Published: August 30, 2025 02:42 AM IST
1 minute Read
പാരിസ് ∙ ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലെ 6–ാം മെഡൽ എന്ന ചരിത്രനേട്ടം പി.വി.സിന്ധുവിനു നേരിയ വ്യത്യാസത്തിൽ വഴുതിപ്പോയി. വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ സിന്ധു, ഇന്തൊനീഷ്യയുടെ കുസുമ വാർദാനിയോട് കീഴടങ്ങി (14-21, 21-13, 16-21). സെമിയിലേക്കു മുന്നേറിയ ഇന്തൊനീഷ്യൻ താരം ലോക ചാംപ്യൻഷിപ്പിലെ തന്റെ കന്നി മെഡൽ ഉറപ്പാക്കുകയും ചെയ്തു. വനിതാ സിംഗിൾസ് മെഡൽ നേട്ടത്തിന്റെ റെക്കോർഡിൽ തനിക്കൊപ്പമുള്ള ചൈനയുടെ ഷാങ് നിങ്ങിനെ (5 മെഡലുകൾ) മറികടക്കാനുള്ള അവസരമാണ് സിന്ധുവിന് ഇന്നലെ നഷ്ടമായത്.
9–ാം സീഡായ വാർദാനിക്കെതിരെ 64 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു കീഴടങ്ങിയത്. അതിവേഗ നീക്കങ്ങളിലൂടെ സിന്ധുവിനെ സമ്മർദത്തിലാക്കിയ ഇരുപത്തിമൂന്നുകാരി ആദ്യ ഗെയിം നേടിയപ്പോൾ നെറ്റ് പ്ലേയിലെയും ക്രോസ് കോർട്ട് സ്മാഷുകളിലെയും ആധിപത്യത്തോടെ രണ്ടാം ഗെയിമിൽ സിന്ധു തിരിച്ചടിച്ചു. നിർണായകമായ മൂന്നാം ഗെയിമിൽ 9–9, 17–16 എന്നിങ്ങനെ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും അവസാന നിമിഷത്തെ പിഴവുകളിൽ സിന്ധു ഗെയിമും മത്സരവും നഷ്ടമാക്കി.
ധ്രുവ്–തനിഷ സഖ്യം പുറത്ത്
ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ നിരാശ ഇരട്ടിയാക്കി മിക്സ്ഡ് ഡബിൾസ് സഖ്യവും ക്വാർട്ടറിൽ പുറത്തായി. ധ്രുവ് കപില –തനിഷ ക്രാസ്റ്റോ സഖ്യം ലോക നാലാം നമ്പർ മലേഷ്യയുടെ ചെൻ ടാങ്ജെ– തോ യിവെ സഖ്യത്തോടാണ് (15-21, 13-21) പരാജയപ്പെട്ടത്. മിക്സ്ഡ് ഡബിൾസിലെ ആദ്യ ലോക ചാംപ്യൻഷിപ് മെഡലാണ് ഒരു ജയം അകലെ ഇന്ത്യയ്ക്കു നഷ്ടമായത്
English Summary:








English (US) ·