Published: January 11, 2026 07:28 PM IST Updated: January 11, 2026 08:58 PM IST
1 minute Read
വഡോദര∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മറ്റൊരു റെക്കോർഡ് കൂടി തകർത്ത് ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി. ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിലെ ബാറ്റിങ്ങിനിടെ, രാജ്യാന്തര ക്രിക്കറ്റിൽ അതിവേഗം 28,000 റണ്‍സ് പിന്നിടുന്ന താരമെന്ന റെക്കോർഡ് വിരാട് കോലിയുടെ പേരിലായി. രാജ്യാന്തര ക്രിക്കറ്റിലെ 624 ഇന്നിങ്സുകളിൽനിന്നാണ് കോലി 28,000 റണ്‍സിലെത്തിയത്.
സച്ചിന്‍ തെൻഡുൽക്കര്‍ക്ക് 28,000 കടക്കാൻ 644 ഇന്നിങ്സുകളാണു വേണ്ടിവന്നത്. രാജ്യാന്തര ക്രിക്കറ്റിൽ 28,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണു വിരാട് കോലി. സച്ചിനും കോലിക്കും പുറമേ ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ കുമാർ സംഗക്കാരയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. കരിയറിലെ 666 ഇന്നിങ്സുകൾ എടുത്താണ് സംഗക്കാര 28,000 റണ്‍സ് നേട്ടം പിന്നിട്ടത്.
മത്സരത്തിൽ 91 പന്തുകൾ നേരിട്ട കോലി 93 റൺസടിച്ചാണു പുറത്തായത്. മത്സരത്തിന്റെ 39–ാം ഓവറിൽ കൈൽ ജാമീസന്റെ പന്തിലായിരുന്നു കോലിയുടെ മടക്കം. മിഡ് ഓഫിൽ കോലിയുടെ ഷോട്ട് മിച്ചൽ ബ്രേസ്‌വെല്ലാണു പിടിച്ചെടുത്തത്.
പുരുഷ ക്രിക്കറ്റിൽ രാജ്യാന്തര മത്സരങ്ങളിൽ കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് കോലി. 34,357 റൺസുള്ള സച്ചിൻ തെൻഡുൽക്കർ മാത്രമാണ് കോലിക്കു മുന്നിലുള്ളത്. 28,016 റൺസ് നേടിയ കുമാർ സംഗക്കാരയെയാണ് കോലി പിന്നിലാക്കിയത്.
37 വയസ്സുകാരനായ കോലി ഏകദിനത്തിൽ 309 ഉം, ട്വന്റി20യിൽ 125 ഉം ടെസ്റ്റിൽ 123 ഉം മത്സരങ്ങളാണ് കരിയറിൽ ഇതുവരെ കളിച്ചിട്ടുള്ളത്. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്നു വിരമിച്ച കോലി ഏകദിന ഫോര്‍മാറ്റിൽ മാത്രമാണു നിലവിൽ കളിക്കുന്നത്. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് വരെ താരം ടീമിനൊപ്പം തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
English Summary:








English (US) ·