
ഇംഗ്ലണ്ട് ഓപ്പണർമാരായ ബെൻ ഡക്കറ്റും സാക് ക്രോളിയും റണ്ണിനായി ഓടുന്നു | PTI
മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 358 റൺസിൽ അവസാനിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാംദിനം അവസാനിക്കുമ്പോള്‍ 46 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെന്ന ശക്തമായ നിലയിലാണ്. എട്ട് വിക്കറ്റുകൾ കൈയിലിരിക്കേ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക് ഇനി 133 റൺസ് അകലം . ഒലീ പോപ്പും (20) ജോ റൂട്ടും (11) ആണ് ക്രീസിൽ.
ഓപ്പണർമാരായ െബെൻ ഡക്കറ്റും സാക് ക്രോളിയും ഇന്ത്യൻ ബൗളർമാർക്കു മേൽ സമ്പൂർണ ആധിപത്യം സ്ഥാപിച്ചു. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 166 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. സാക് ക്രോളിയെ (113 പന്തിൽ 84) പുറത്താക്കി രവീന്ദ്ര ജഡേജ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. കെ.എൽ. രാഹുലിന് ക്യാച്ചായാണ് മടക്കം.
മറുവശത്ത് ഏകദിന ശൈലിയിൽ ബാറ്റുവീശിക്കൊണ്ടിരുന്ന ബെൻ ഡക്കറ്റ് സെഞ്ചുറിക്കരികേ, 94 റൺസിൽ പുറത്തായി. 100 പന്തുകളിൽനിന്നാണ് നേട്ടം. അരങ്ങേറ്റതാരം അൻഷുൽ കംബോജിനാണ് വിക്കറ്റ്. അപ്പോഴേക്കും ടീം സ്കോർ 197-ലെത്തിയിരുന്നു. പിന്നാലെ പോപ്പും റൂട്ടും ക്രീസിൽ തുടരുകയായിരുന്നു.
നേരത്തേ 114.1 ഓവറുകൾ നേരിട്ട ഇന്ത്യക്ക് 358 റൺസ് നേടുന്നതിനിടെ എല്ലാവരെയും നഷ്ടപ്പെട്ടു. അഞ്ചുവിക്കറ്റ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സാണ് സന്ദർശകരെ എറിഞ്ഞിട്ടത്. കഴിഞ്ഞ ദിവസം കാൽപ്പാദത്തിന് പരിക്കേറ്റ് റിട്ടയേഡ് ഹർട്ടായി മടങ്ങിയ ഋഷഭ് പന്ത്, ടീമിന്റെ ആവശ്യാനുസരണം വ്യാഴാഴ്ച വീണ്ടുമെത്തി ബാറ്റുചെയ്തു. പരിക്ക് വലച്ചിട്ടും 27 പന്തുകൾ നേരിട്ട താരം അർധ സെഞ്ചുറി (54) നേടി പുറത്തായി. ഒൻപതാമനായാണ് മടങ്ങിയത്.
തുടക്കം കരുതലോടെയായിരുന്നെങ്കിലും ഒടുക്കമെത്തിയതോടെ ഇന്ത്യൻ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല. 44 റൺസ് നേടുന്നതിനിടെയാണ് അവസാന അഞ്ച് വിക്കറ്റുകളും വീണത്. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് 72 റൺസ് വിട്ടുനൽകി അഞ്ചുവിക്കറ്റുകൾ നേടി. ജോഫ്ര ആർച്ചറിന് മൂന്ന് വിക്കറ്റുണ്ട്. രവീന്ദ്ര ജഡേജ (20), ഷാര്‍ദുല്‍ ഠാക്കൂര്‍ (41), വാഷിങ്ടണ്‍ സുന്ദര്‍ (27), അന്‍ഷുല്‍ കംബോജ് (0), ജസ്പ്രീത് ബുംറ (4), മുഹമ്മദ് സിറാജ് (5) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റര്‍മാരുടെ നേട്ടം.
കഴിഞ്ഞ ദിവസം നാലിന് 264 എന്ന നിലയിലായിരുന്ന ഇന്ത്യക്ക്, ഇന്ന് തുടക്കത്തില്‍ത്തന്നെ രവീന്ദ്ര ജഡേജയെ (20) നഷ്ടപ്പെട്ടു. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ 85-ാം ഓവറില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നൽകിയാണ് മടക്കം. പിന്നാലെ ഷാർദുൽ ഠാക്കൂറിനെ (41) സ്റ്റോക്സും മടക്കി. അരങ്ങേറ്റതാരം അൻഷുൽ കംബോജ് പൂജ്യത്തിന് പുറത്തായി.
കഴിഞ്ഞദിവസം ഇംഗ്ലീഷ് ബൗളര്‍ ക്രിസ് വോക്‌സിന്റെ യോര്‍ക്കര്‍ ലെങ്ത് പന്ത് റിവേഴ്‌സ് സ്വീപ്പിന് ശ്രമിക്കുന്നതിനിടെ പന്തിന് പരിക്കേറ്റിരുന്നു. തുടർന്ന് പന്ത് ഇനി പരമ്പരയിൽ കളിക്കില്ലെന്നും ആറാഴ്ച വിശ്രമം വേണമെന്നുമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ടീം ആവശ്യപ്പെട്ടതു പ്രകാരം പന്ത് വീണ്ടും ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്. 48 പന്തില്‍ 37 റണ്‍സെടുത്തുനില്‍ക്കേയാണ് റിട്ടയേർഡ് ഹർട്ടായി മടങ്ങിയിരുന്നത്. അതേസമയം ഇന്ത്യ ഫീല്‍ഡിങ്ങിനിറങ്ങുമ്പോള്‍ ധ്രുവ് ജുറേല്‍ വിക്കറ്റ് കീപ്പിങ് ചുമതല നിർവഹിക്കും.
264-ന് നാല് എന്ന നിലയിലായിരുന്നു ഇന്ത്യ ആദ്യ ദിനം. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും (58) കെ.എല്‍. രാഹുലും (46) മികച്ച തുടക്കം നല്‍കി. 30 ഓവര്‍ വരെ ഇരുവരും പിടിച്ചുനിന്നു. സായ് സുദര്‍ശനും (61) തിളങ്ങി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (12) വേഗം പുറത്തായി.
Content Highlights: india england trial cricket time 2








English (US) ·