Published: November 23, 2025 11:31 AM IST
1 minute Read
മുംബൈ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയും സംഗീത സംവിധായകൻ പലാശ് മുച്ഛലും തമ്മിലുള്ള വിവാഹത്തിനൊരുങ്ങി സാംഗ്ലി. സ്മൃതിയുടെ ജന്മനാടാണ് മഹാരാഷ്ട്രയിലെ സാംഗ്ലി. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് വിവാഹച്ചടങ്ങുകൾ. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ ടീമിൽ സ്മൃതിയുടെ സഹതാരങ്ങളെല്ലാം ചടങ്ങിന് എത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, സമൂഹമാധ്യമങ്ങളിലാകെ വിവാഹത്തിന് മുൻപുള്ള ആഘോഷങ്ങളുടെ വിഡിയോയാണ് നിറയുന്നത്. ഹൽദി ആഘോഷങ്ങളുടെ വിഡിയോകൾ മുതൽ വരനും വധുവും നയിക്കുന്ന ടീമുകൾ തമ്മിലുള്ള സൗഹൃദ ക്രിക്കറ്റ് മത്സരത്തിന്റെ വിഡിയോകൾ വരെ പുറത്തുവന്നു. ഇവയെല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. വിവാഹത്തലേന്ന് സ്മൃതിയും പലാശും ഒന്നിച്ചു നൃത്തം ചെയ്യുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
പലാശിന്റെ കഴുത്തിൽ സ്മൃതി ഒരു മാല ചാർത്തുന്നതും പിന്നാലെ ഇരുവരും ഒന്നിച്ചു നൃത്തം ചെയ്യുന്നതുമാണ് വിഡിയോയിലുള്ളത്. പൊതുവേ അന്തർമുഖിയായി കാണപ്പെടാറുള്ള സ്മൃതി, കിടിലം ചുവടുകളുമായി നൃത്തം ചെയ്തത് പലരെയും അതിശയിപ്പിച്ചു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ താരങ്ങളും ഇവർക്കൊപ്പം ചുവടുവച്ചു.
കഴിഞ്ഞദിവസമാണ് സ്മൃതിയും പലാശും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. സഹതാരങ്ങളായ രാധ യാദവ്, ജമീമ റോഡ്രീഗ്സ്, ശ്രേയങ്ക പാട്ടീൽ, അരുന്ധതി റെഡ്ഡി എന്നിവർക്കൊപ്പമുള്ള ഇൻസ്റ്റഗ്രാം റീലിലൂടെയാണ് സ്മൃതി വിവാഹനിശ്ചയ വാർത്ത ഔദ്യോഗികമായി വെളിപ്പെടുത്തിയത്. പിന്നാലെ ഇന്ത്യ വനിതാ ഏകദിന ലോകകപ്പ് ഉയർത്തിയ മുംബൈ ഡി.വൈ.പാട്ടിൽ സ്റ്റേഡിയത്തിൽ വച്ച് സ്മൃതിയെ പലാശ് വിവാഹമോതിരം അണിയിക്കുന്ന വിഡിയോയും പുറത്തുവന്നു.
ഹൽദി, മെഹന്തി ചടങ്ങളുകളുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് സ്മൃതി ഹൽദി ചടങ്ങിനെത്തി. ഷെഫാലി വർമ, രേണുക സിങ് ഠാക്കൂർ, രാധ യാദവ് എന്നിവരുൾപ്പെടെയുള്ള ‘ടീം ബ്രൈഡും’ സ്മൃതിക്കൊപ്പമുണ്ടായിരുന്നു. പർപ്പിൾ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് മെഹന്തി ചടങ്ങിൽ സ്മൃതി എത്തിയത്.
English Summary:








English (US) ·