
അച്യുത് പോട്ദാർ, ആമിർ ഖാൻ | photo:instagram/shalinithackeray,PTI
മുംബൈ: 'ത്രീ ഇഡിയറ്റ്സ്' എന്ന ചിത്രത്തിലെ സഹതാരം അച്യുത് പോട്ദാറിൻ്റെ മരണത്തിൽ അനുശോചനമറിയിച്ച് ആമിർ ഖാൻ. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അച്യുത് പോട്ദാർ തിങ്കളാഴ്ചയാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗവാർത്തയറിഞ്ഞ് സിനിമയിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
"അച്യുത് ജിയുടെ വിയോഗവാർത്ത കേട്ടതിൽ ഞാൻ അതീവ ദുഃഖിതനാണ്. അദ്ദേഹം ഒരു മികച്ച നടനും, നല്ല മനുഷ്യനും, ഒരു നല്ല സഹപ്രവർത്തകനുമായിരുന്നു. അച്യുത് ജി, വീ വിൽ മിസ് യൂ, അദ്ദേഹത്തിൻ്റെ കുടുംബത്തിന് എൻ്റെ ഹൃദയംഗമമായ അനുശോചനം."-ആമിർ ഖാന്റെ നിർമ്മാണ കമ്പനിയായ ആമിർ ഖാൻ പ്രൊഡക്ഷൻസ്, അവരുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ അനുശോചനക്കുറിപ്പ് പങ്കുവെച്ചു.
'ത്രീ ഇഡിയറ്റ്സ്' എന്ന ആമിർ ചിത്രത്തിൽ ദേഷ്യക്കാരനായ പ്രൊഫസറുടെ വേഷം കൈകാര്യം ചെയ്തത് അച്യുത് പോട്ദാർ ആയിരുന്നു.
സംവിധായകൻ ഹൻസൽ മേത്തയും നടനെ അനുസ്മരിച്ചു. "അംഗാർ എന്ന സിനിമയിലെ ജഗ്ഗു ദാദയുടെ അച്ഛൻ എന്ന അദ്ദേഹത്തിൻ്റെ കഥാപാത്രത്തിൻ്റെ ആരാധകനായിരുന്നു ഞാൻ. 'ഏ ജഗ്ഗു' എന്ന ഡയലോഗ് എന്നെ അദ്ദേഹത്തിൻ്റെ ആരാധകനാക്കി മാറ്റി. എൻ്റെ ആദ്യ സംവിധാന സംരംഭമായ 'ജയതേ'യിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഒരു ഭാഗ്യമായിരുന്നു. ഒരു പ്രൊഫഷണൽ മെഡിക്കൽ സാക്ഷിയുടെ വേഷമാണ് അദ്ദേഹം ചെയ്തത്. അതിശയകരമായ ടൈമിംഗും നർമ്മബോധവും അദ്ദേഹത്തിനുണ്ടായിരുന്നു. വിട, അച്യുത്."- തൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഹൻസൽ മേത്ത ഓർമ്മകൾ പങ്കുവെച്ചു.
പോട്ദാറിനൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച നടൻ ജാക്കി ഷ്രോഫും അദ്ദേഹത്തോടൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചു. "അച്യുത് ജിക്കൊപ്പമുള്ള ഈ ചിത്രം എപ്പോഴും എൻ്റെ ഹൃദയത്തിലുണ്ടാകും"- അദ്ദേഹം കുറിച്ചു.
വിവിധ ആരോഗ്യപ്രശ്നങ്ങളാൽ ദീർഘകാലം ചികിത്സയിലായിരുന്ന അച്യുത് പോട്ദാർ തിങ്കളാഴ്ച മുംബൈയിലെ താനെയിലുള്ള വസതിയിൽ വെച്ചാണ് അന്തരിച്ചത്. തൊണ്ണൂറ്റിയൊന്ന് വയസ്സായിരുന്നു. ഹിന്ദിയിലും മറാഠിയിലുമായി 125-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആക്രോശ്, ആൽബർട്ട് പിന്റോ കോ ഗുസ്സ ക്യോം ആതാ ഹേ, അർദ്ധ് സത്യ, തേസാബ്, പരിന്ദ, രാജു ബൻ ഗയാ ജെൻ്റിൽമാൻ, ദിൽവാലെ, രംഗീല, വാസ്തവ്, ഹം സാത്ത് സാത്ത് ഹേ, പരിണീത, ലഗേ രഹോ മുന്നാ ഭായ്, ദബാംഗ് 2, വെൻ്റിലേറ്റർ എന്നിവ അവയിൽ ചിലതാണ്.
സിനിമയിലെത്തും മുമ്പ് ഇന്ത്യൻ സായുധ സേനയിലും ഇന്ത്യൻ ഓയിൽ കമ്പനിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. അഭിനയത്തോടുള്ള അഭിനിവേശം 1980-കളിൽ അദ്ദേഹത്തെ സിനിമയിലേക്കും ടെലിവിഷനിലേക്കും എത്തിച്ചു. നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്നതായിരുന്നു അദ്ദേഹത്തിൻ്റെ അഭിനയ ജീവിതം.
Content Highlights: aamir khan shares condolences to 3 idiots co-actor achyut potdar
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·