ദുബായ്∙ ഏഷ്യാകപ്പിൽ ഇന്ത്യ–പാക്കിസ്ഥാൻ ഫൈനൽ പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആരാധകർ ആവേശത്തിലാണ്. ടൂർണമെന്റിൽ ഇതു മൂന്നാം തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടൂർണമെന്റിൽ തോൽവിയറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. ഗ്രൂപ്പ് ഘട്ടത്തിലെയും സൂപ്പർ ഫോറിലെയും എല്ലാ മത്സരങ്ങളും ഇന്ത്യ വിജയിച്ചു. ഈ വിജയങ്ങളിൽ ഓപ്പണർ അഭിഷേക് ശർമയുടെ സംഭാവന എടുത്തുപറയേണ്ടതാണ്. അഭിഷേക് ശർമ നൽകിയ മിന്നും തുടക്കമാണ് മിക്ക മത്സരങ്ങളിൽ ഇന്ത്യയ്ക്കു തുണയായത്. ടൂർണമെന്റിൽ റൺവേട്ടക്കാരിൽ ഒന്നാമനും അഭിഷേക് ശർമ തന്നെ.
എന്നാൽ ഇപ്പോഴിതാ, പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിനു മുന്നോടിയായ മറ്റൊരു അഭിഷേകാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നത്. അതു മാറ്റാരുമല്ല. ബോളിവുഡ് താരം അഭിഷേക് ബച്ചൻ തന്നെ. ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ മുൻ പാക്കിസ്ഥാൻ പേസർ ശുഐബ് അക്തർ അബദ്ധത്തിൽ അഭിഷേക് ബച്ചന്റെ പേരു പറഞ്ഞതാണ് താരത്തെ ‘കളത്തിൽ’ ഇറക്കിയത്. ഇതിനു മറുപടിയായി അഭിഷേക് ബച്ചൻ തന്നെ രംഗത്തെത്തുകയും ചെയ്തു.
‘‘ഒരു സാങ്കൽപ്പിക സാഹചര്യത്തിൽ അഭിഷേക് ബച്ചനെ നേരത്തെ പാക്കിസ്ഥാൻ പുറത്താക്കിയാൽ, ഇന്ത്യൻ മധ്യനിരയുടെ അവസ്ഥ എന്തായിരിക്കും? അവരുടെ മധ്യനിര ഇതുവരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ല.’’– തന്റെ യുട്യൂബ് ചാനലിലെ ക്രിക്കറ്റ് ചർച്ചയിൽ അക്തർ പറഞ്ഞു. അഭിഷേക് ശർമ എന്നതിനു പകരമാണ് അബദ്ധത്തിൽ അഭിഷേക് ബച്ചൻ എന്ന് അക്തർ പറഞ്ഞത്. ഇതു സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മറുപടിയായി അഭിഷേക് ബച്ചൻ തന്നെ രംഗത്തെത്തിയത്. ‘‘സർ, എല്ലാ ആദരവോടും കൂടി പറയട്ടെ... അതു പോലും അവർക്ക് താങ്ങാനാകുമെന്ന് കരുതുന്നില്ല! ഞാൻ ക്രിക്കറ്റ് കളിക്കാൻ പോലും മിടുക്കനല്ല.’’– അഭിഷേക് ബച്ചൻ എക്‌സിൽ എഴുതി. കായികരംഗത്തും സജീവമായ അഭിഷേക് ബച്ചൻ, വിവിധ ലീഗുകളിലായി ഒന്നിലധികം ടീമുകളുടെ ഉടമയാണ്.
∙ ആകാക്ഷയോടെ ആരാധകർഏഷ്യാ കപ്പിന്റെ 4 പതിറ്റാണ്ടു പിന്നിടുന്ന ചരിത്രത്തിൽ ആദ്യമായാണ് ബദ്ധവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിൽ നേർക്കുനേർ വരുന്നത്. ഫൈനലിൽ ആരു ജയിച്ചാലും അതു മറ്റൊരു ചരിത്രം. തുടർച്ചയായ മൂന്നു ഞായറാഴ്ചകളിൽ ഒരേ ടീമുകൾ ടൂർണമെന്റിന്റെ വ്യത്യസ്ത ഘട്ടങ്ങളിൽ നേർക്കു നേർ പോരിനിറങ്ങുന്നു എന്നതാണ് മൂന്നാമത്തെ ചരിത്രം.
നാളെയും ഇന്ത്യ വിജയം ആവർത്തിച്ചാൽ, ഒരു ടൂർണമെന്റിൽ ഒരേ ടീമിനെ തുടർച്ചയായി മൂന്നു തവണ തോൽപ്പിച്ചതിന്റെ മറ്റൊരു ചരിത്രം കൂടി പിറക്കും. ടീമുകൾ പരസ്പരം കൈകൊടുക്കാത്ത ചരിത്രത്തിന്റെ മൂന്നാം എപ്പിസോഡും ഞായറാഴ്ച കാണാം. ഇന്ത്യയാണ് വിജയിക്കുന്നതെങ്കിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് കൂടിയായ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ട്രോഫി സ്വീകരിക്കുമോ എന്നതാണ് കാണേണ്ട മറ്റൊരു കാര്യം.
ട്രോഫി സ്വീകരിക്കില്ലെന്നു പറഞ്ഞാൽ എന്താകും സമ്മാനദാന ചടങ്ങിന്റെ ഭാവിയെന്നതു മറ്റൊരു ചരിത്രം. ഇടയ്ക്കു പിണങ്ങിപ്പോകാൻ നിന്ന പാക്കിസ്ഥാനു പക്ഷേ, ഇത് ആദ്യത്തെ കാര്യമൊന്നുമല്ല. മുൻപും ഇന്ത്യയുമായുള്ള യുദ്ധത്തിന്റെ പേരിൽ പാക്കിസ്ഥാൻ ഏഷ്യാ കപ്പിൽ ഇടഞ്ഞിട്ടുണ്ട്. ബഹിഷ്കരിച്ചിട്ടുണ്ട്. മൽസരം ഞായറാഴ്ചയാണെങ്കിലും വാക്കുകൾ കൊണ്ടുള്ള കൊടുക്കൽ വാങ്ങലുകൾ തുടങ്ങിയിട്ടുണ്ട്.
English Summary:








English (US) ·