Published: October 24, 2025 09:10 AM IST Updated: October 24, 2025 09:16 AM IST
1 minute Read
-
സ്കൂൾ കായികമേളയിലെ റെക്കോർഡ് ചരിത്രം തിരുത്തി 100 മീറ്റർ മത്സരങ്ങൾ
-
റെക്കോർഡ് തിരുത്തിയത് അതുലും ദേവപ്രിയയും
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സിന്റെ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന റെക്കോർഡുകൾ സെക്കൻഡുകളുടെ വ്യത്യാസത്തിൽ തകർത്ത് 100 മീറ്ററിലെ വേഗ താരങ്ങൾ. ജൂനിയർ ആൺകുട്ടികളിൽ 100 മീറ്ററിൽ 37 വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡ് തകർത്ത് ആലപ്പുഴയുടെ ടി.എം.അതുലാണ് (10.81 സെക്കൻഡ്) ആദ്യം മിന്നുംതാരമായത്. മിനിറ്റുകൾക്കുശേഷം നടന്ന സബ് ജൂനിയർ പെൺ 100 മീറ്ററിൽ 38 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഇടുക്കിയുടെ ദേവപ്രിയ ഷൈബു (12.69 സെക്കൻഡ്) സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിലേക്ക് ഓടിക്കയറി. കായികമേളയുടെ ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള റെക്കോർഡാണ് മറികടന്നത്.
ഉടൻ റെഡി പതിനായിരം!
1988ലാണ് മൈലം ജി.വി.രാജ സ്പോർട്സ് സ്കൂൾ താരമായിരുന്ന പി.രാംകുമാർ ജൂനിയർ ആൺ 100 മീറ്റർ 10.90 സെക്കൻഡിൽ പൂർത്തിയാക്കി റെക്കോർഡ് കുറിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാംകുമാർ തന്റെ റെക്കോർഡ് തകരുമെന്ന പ്രതീക്ഷയിൽ എല്ലാ കായികമേളയിലും നേരിട്ടെത്തി. ആ സ്വപ്ന നിമിഷം ഇന്നലെ യാഥാർഥ്യമായി. ആലപ്പുഴയുടെ ടി.എം.അതുൽ 10.81സെക്കൻഡിൽ മത്സരം പൂർത്തിയാക്കി റെക്കോർഡ് തിരുത്തിയപ്പോൾ ഉടൻ തന്നെ അഭിനന്ദനവുമായി രാംകുമാർ ട്രാക്കിലിറങ്ങി. മനോരമയുടെ ബ്രേക്ക് ദ് റെക്കോർഡ് ചാലഞ്ചിൽ പ്രഖ്യാപിച്ച 10,000 രൂപ ട്രാക്കിൽ വച്ച് തന്നെ അദ്ദേഹം അതുലിന് കൈമാറി.
ചാരമംഗലം ഡിവിഎച്ച്എസ്എസിന്റെ താരമായ അതുൽ ഹീറ്റ്സിലും മീറ്റ് റെക്കോർഡിനെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. കഴിഞ്ഞ സംസ്ഥാന കായികമേളയിൽ 100, 200 മീറ്റർ മത്സരങ്ങളിൽ വെള്ളി നേടിയിരുന്നു. ആലപ്പുഴ സ്പോർട്സ് കൗൺസിൽ പരിശീലകൻ സാം ജിയുടെ കീഴിലാണ് പരിശീലനം. ചെത്തി തയ്യിൽ വീട്ടിൽ ടി.എക്സ്. ജയ്മോന്റെയും മേരി സിനിമോളുടെയും മകനാണ് അതുൽ.
ദേവപ്രിയ യൂണിവേഴ്സ്
38 വർഷമായി ഇളക്കമില്ലാതിരുന്ന സബ് ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ റെക്കോർഡാണ് ഇന്നലെ ദേവപ്രിയ ഷൈബുവിന്റെ മിന്നൽ പ്രകടനത്തിൽ കടപുഴകിയത്. 1987ൽ ജിവിഎച്ച്എസ്എസ് കണ്ണൂരിന്റെ താരമായിരുന്ന ബിന്ദു മാത്യു സ്ഥാപിച്ച റെക്കോർഡിനെ ദേവപ്രിയ മറികടന്നത് സെക്കൻഡിന്റെ നൂറിലൊരു അംശത്തിന്.
സിഎച്ച്എസ് കാൽവരിമൗണ്ടിലെ വിദ്യാർഥിയായ താരം കാൽവരി മൗണ്ട് പാലത്തുംതലയ്ക്കൽ ഷൈബുവിന്റെയും ബിസ്മിയുടെയും മകളാണ്. കഴിഞ്ഞ ആഴ്ച നടന്ന ഇടുക്കി ജില്ലാ കായികമേളയിലും സംസ്ഥാന റെക്കോർഡിനെ മറികടക്കുന്ന പ്രകടനം ദേവപ്രിയ നടത്തിയിരുന്നു. കഴിഞ്ഞ വർഷവും സബ് ജൂനിയർ ഗേൾസ് 100 മീറ്ററിൽ ദേവപ്രിയ സ്വർണം നേടിയിരുന്നു. 80 മീറ്റർ ഹർഡിൽസ്, 200 മീറ്റർ എന്നീ ഇനങ്ങളിലും ദേവപ്രിയ മത്സരിക്കുന്നുണ്ട്.
English Summary:








English (US) ·