പെർത്ത് ∙ ക്യാപ്റ്റൻസിയുടെ അമിത ഭാരമുണ്ടായിരുന്ന രോഹിത് ശർമയെക്കാൾ അപകടകാരിയാകും സ്വതന്ത്ര ബാറ്ററായി ഇറങ്ങുന്ന ഹിറ്റ്മാൻ; ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള രോഹിത് ശർമയുടെ മടങ്ങിവരവിനെക്കുറിച്ച് മുൻതാരം അഭിഷേക് നായരുടെ വാക്കുകൾ ഓസ്ട്രേലിയൻ ടീമിനുള്ള അപായ സൂചന കൂടിയാണ്. കരിയറിലെ 32 ഏകദിന സെഞ്ചറികളിൽ എട്ടെണ്ണം രോഹിത് ശർമ നേടിയത് ഓസ്ട്രേലിയയ്ക്കെതിരെയാണ്. ഹിറ്റ്മാന്റെ ബാറ്റിങ്ങിനു വളക്കൂറുള്ള മണ്ണാണ് ഓസ്ട്രേലിയയിലേത്.
ഏകദിനത്തിൽ ഓസ്ട്രേലിയൻ മണ്ണിൽ ഓസീസിനെതിരെ 4 സെഞ്ചറികൾ നേടിയിട്ടുള്ള ഏക ബാറ്ററാണ് രോഹിത്. ക്രിക്കറ്റ് കരിയറിലെ തന്റെ ‘സെക്കൻഡ് ഹോമിൽ’ നാളെ ഒന്നാം ഏകദിന മത്സരത്തിനിറങ്ങുമ്പോൾ മറ്റൊരു നാഴികക്കല്ലും രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ രോഹിത് ശർമയുടെ 500–ാം മത്സരമാണ് നാളെ നടക്കുക. രാജ്യാന്തര ക്രിക്കറ്റിൽ 50 സെഞ്ചറികളെന്ന നേട്ടത്തിലേക്ക് ഹിറ്റ്മാന് ഇനി ഒരു സെഞ്ചറിയുടെ ദൂരം മാത്രമേയുള്ളൂ.
2013ൽ ബെംഗളൂരുവിൽ നടന്ന ഏകദിന മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ രോഹിത് നേടിയ ഇരട്ട സെഞ്ചറിയാണ് (209) ഇന്നും കംഗാരുപ്പടയ്ക്കെതിരെ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന ഏകദിന സ്കോർ. 2016ലെ ഏകദിനത്തിൽ രോഹിത്ത് 171 റൺസുമായി പുറത്താകാതെ നിന്ന പെർത്ത് സ്റ്റേഡിയത്തിലാണ് നാളെ ഒന്നാം ഏകദിന മത്സരം നടക്കുന്നത്. ഓസ്ട്രേലിയൻ മണ്ണിൽ ഓസീസിനെതിരെ ഒരു ഇന്ത്യക്കാരന്റെ ഉയർന്ന ഏകദിന സ്കോറും ഇതാണ്.
ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ നാട്ടിൽ ഇതുവരെ 19 ഏകദിന മത്സരങ്ങളിൽനിന്ന് 990 റൺസ് നേടിയിട്ടുണ്ട് രോഹിത്. ഈ നേട്ടത്തിൽ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യൻ ബാറ്റർ വിരാട് കോലിയാണ് (802 റൺസ്). പെർത്തിൽ പകൽ–രാത്രി മത്സരമായാണ് ആദ്യ ഏകദിനം നടക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 9 മണിക്കു തുടങ്ങും. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തൽസമയം കാണാം.
രോഹിത് ശർമയ്ക്ക് തൊട്ടരികെ റെക്കോർഡുകൾ
∙ 8 സിക്സുകൾ കൂടി നേടിയാൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സുകളുടെ റെക്കോർഡ് ഹിറ്റ്മാന്റെ പേരിലാകും. മുൻ പാക്കിസ്ഥാൻ താരം ശാഹിദ് അഫ്രീദിയുടെ (351) പേരിലാണ് നിലവിലെ റെക്കോർഡ്
∙ രാജ്യാന്തര ക്രിക്കറ്റിൽ കൂടുതൽ സെഞ്ചറികൾ നേടിയ ഇന്ത്യൻ ഓപ്പണർമാരുടെ പട്ടികയിൽ രോഹിത് രണ്ടാംസ്ഥാനത്താണ് (44). ഒന്നാമതുള്ള സച്ചിൻ തെൻഡുൽക്കറിന് ഒപ്പമെത്താൻ വേണ്ടത് ഒരു സെഞ്ചറി കൂടി.
∙ ഏകദിനത്തിൽ കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ സൗരവ് ഗാംഗുലിയെ മറികടന്ന് മൂന്നാമതെത്താൻ രോഹിത് ശർമയ്ക്കു വേണ്ടത് 54 റൺസ് കൂടി. 265 ഏകദിനങ്ങളിൽനിന്ന് 11,168 റൺസാണ് രോഹിത്തിന്റെ നേട്ടം.
∙ പരമ്പരയിൽ 12 സിക്സ് കൂടി നേടിയാൽ ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ 100 സിക്സുകൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും രോഹിത്തിന് സ്വന്തമാകും.
English Summary:








English (US) ·