അതോടെ ലക്ഷ്മണ്‍ മൂന്നു മാസത്തോളം എന്നോട് സംസാരിച്ചില്ല; വെളിപ്പെടുത്തലുമായി ഗാംഗുലി

7 months ago 7

2003-ലെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ വിവിഎസ് ലക്ഷ്മണ്‍ മൂന്നു മാസക്കാലത്തോളം തന്നോട് സംസാരിച്ചില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ വെളിപ്പെടുത്തല്‍. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗാംഗുലിയുടെ വെളിപ്പെടുത്തല്‍.

2003 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ലക്ഷ്മണ് പകരം ഓള്‍റൗണ്ടര്‍ ദിനേശ് മോംഗിയയെയായിരുന്നു ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം, അന്നത്തെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന കിരണ്‍ മോറെ താനും അഞ്ച് സെലക്ടര്‍മാരും ലക്ഷ്മണെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഗാംഗുലിക്കും അന്നത്തെ പരിശീലകന്‍ ജോണ്‍ റൈറ്റിനും മറ്റ് പദ്ധതികളുണ്ടായിരുന്നുവെന്നും മോറെ പറഞ്ഞിരുന്നു.

''2003-ലെ ഏകദിന ലോകകപ്പ് സെലക്ഷന്‍ മീറ്റിങ്ങിനു മുമ്പ് ഇന്ത്യന്‍ ടീം ന്യൂസീലന്‍ഡില്‍ കളിക്കുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ വലിയ തകര്‍ക്കമുണ്ടായി. ക്യാപ്റ്റനില്‍ നിന്നും പരിശീലകനില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഞങ്ങള്‍ 14 അംഗ ടീമിനെ തിരഞ്ഞെടുത്ത് അവരോട് അതിനെക്കുറിച്ച് എന്ത് തോന്നുന്നുവെന്ന് ചോദിച്ചു. കോണ്‍ഫറന്‍സ് കോളില്‍ ഗാംഗുലിക്ക് വ്യത്യസ്ത അഭിപ്രായമായിരുന്നു. ഗാംഗുലി വളരെ മിടുക്കനായിരുന്നു. അദ്ദേഹം മികച്ചൊരു ക്യാപ്റ്റനും കൂടിയായിരുന്നു. മികച്ച ക്രിക്കറ്റ് ബ്രെയിനുള്ളയാളും. നമുക്ക് ഒരു ഓള്‍റൗണ്ടറെ വേണമെന്നായിരുന്നു ഗാംഗുലിയുടെ ആവശ്യം.'' - മോറെ ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യയ്ക്കായി 86 ഏകദിനങ്ങള്‍ കളിച്ച ലക്ഷ്മണിന് ഒരിക്കല്‍പോലും ഒരു ലോകകപ്പ് മത്സരത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ടീമില്‍ നിന്ന് ഒഴിവാക്കിയതിനു ശേഷം ലക്ഷ്മണ്‍ ഹൃദയം തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്ന് ഗാംഗുലി ഓര്‍മിച്ചു. കാര്യങ്ങള്‍ പറഞ്ഞ് മധ്യസ്ഥതയിലാക്കും വരെ മൂന്ന് മാസത്തേക്ക് ലക്ഷ്മണ്‍ തന്നോട് സംസാരിച്ചില്ലെന്നും ഗാംഗുലി പറഞ്ഞു.

''ഞങ്ങള്‍ കളിക്കാര്‍ക്ക് വിശ്രമം നല്‍കുമ്പോള്‍ പലതവണ ഇത് സംഭവിച്ചിട്ടുണ്ട്. കാരണം അവര്‍ അസന്തുഷ്ടരായിരുന്നു. ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായപ്പോള്‍ ലക്ഷ്മണ്‍ മൂന്ന് മാസത്തേക്ക് എന്നോട് സംസാരിച്ചില്ല. പിന്നെ ഞാന്‍ അദ്ദേഹവുമായി ഒത്തുതീര്‍പ്പിലെത്തി. ആരും ലോകകപ്പ് ടീമില്‍ ഇടംലഭിക്കാത്തതില്‍ അസ്വസ്ഥരാകാം. പ്രത്യേകിച്ചും ലക്ഷ്മണിന്റെ നിലവാരത്തിലുള്ള ഒരു കളിക്കാരന്‍. അദ്ദേഹം അസ്വസ്ഥനാകുന്നത് തികച്ചും സ്വാഭാവികമാണ്.'' - പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു.

Content Highlights: VVS Laxman didn`t talk to Sourav Ganguly for 3 months aft being dropped from the 2003 World Cup

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article