അത്യുന്നതങ്ങളിൽ അയ്റ്റാന; ഫുട്ബോളി‍ൽ മാത്രം ഒതുങ്ങില്ല ഈ വിജയക്കുതിപ്പ്

3 months ago 4

ഷീന കെ.തോമസ്

Published: September 24, 2025 12:16 PM IST

1 minute Read

അയ്റ്റാന ബോൺമറ്റി, ഉസ്മാൻ ഡെംബലെ (Photo by Franck FIFE / AFP)
അയ്റ്റാന ബോൺമറ്റി, ഉസ്മാൻ ഡെംബലെ (Photo by Franck FIFE / AFP)

സന്തോഷവും ദുഃഖവും ആകാംക്ഷയും കാത്തിരിപ്പും സമാസമം ചാലിച്ച സാഹിത്യ രചനകൾ വായിക്കാൻ മണിക്കൂറുകൾ ചെലവഴിക്കാറുണ്ട് സ്പാനിഷ് വനിതാ ഫുട്ബോളർ അയ്റ്റാന ബോൺമറ്റി. ഭാഷാ അധ്യാപകരായിരുന്ന മാതാപിതാക്കളാണ് അയ്റ്റാനയിൽ സാഹിത്യസ്നേഹത്തിന്റെ വിത്തിട്ടത്. പക്ഷേ, മകൾ പോയതു മറ്റൊരു വഴിക്കാണ്. ആ യാത്ര ഇപ്പോൾ എത്തിനിൽക്കുന്നത് തുടർച്ചയായ 3–ാം വട്ടവും ബലോൻ ദ് ഓർ പുരസ്കാരം എന്ന ചരിത്രനേട്ടത്തിലാണ്.

അയ്റ്റാന എന്ന സ്പാനിഷ് വാക്കിന് അത്യുന്നതം, കൊടുമുടി എന്നൊക്കെയാണ് അർഥം. 27 വയസ്സിനുള്ളിൽ ബലോൻ ദ് ഓർ പുരസ്‌കാരം (2023, 24, 25), ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം (2023, 24, 25), ലോകകപ്പിലെ മികച്ച ഫുട്‌ബോളർക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം (2023), സ്പോർട്സ് ഓസ്‌കർ എന്ന വിളിപ്പേരുള്ള ലോറസ് പുരസ്‌കാരം (2024), വിമൻസ് യൂറോ കപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം (2025) തുടങ്ങിയവ നേടി തന്റെ പേരിന്റെ അർഥം തെറ്റിപ്പോയിട്ടില്ലെന്നു തെളിയിച്ചുകൊണ്ടിരിക്കുകയാണ് അയ്റ്റാന.

തുടർച്ചയായി 3 ബലോൻ ദ് ഓർ പുരസ്‌കാരം നേടിയ ആദ്യ വനിതാ ഫുട്ബോളറാണ് അയ്റ്റാന. പുരസ്‌കാരം നേടിയതിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ, ഈ വർഷം നടന്ന വിമൻസ് ചാംപ്യൻസ് ലീഗ് ഫൈനലിലെയും യൂറോ കപ്പിലെയും തോൽവിയെക്കുറിച്ചാണ് അയ്റ്റാന സംസാരിച്ചത്. ചെറുപ്പം മുതൽ വീറോടും വാശിയോടും ഫുട്‌ബോൾ കളിച്ചിരുന്ന അയ്റ്റാനയെ പിതാവ് വിസന്റ കോൻക സംശയത്തോടെയാണു നോക്കിയിരുന്നത്. അമിതാവേശം ഭാരമാകുമോ എന്നതായിരുന്നു സംശയം. എന്നാൽ ഓരോ തോൽവിയും തിരിച്ചുവരവിനുള്ള മാർഗമായാണ് അയ്റ്റാന കണ്ടത്. 

ആദ്യം ബാസ്‌കറ്റ്്‌ബോൾ കളിച്ചിരുന്ന അയ്റ്റാന ഏഴാം വയസ്സിലാണ് ഫുട്‌ബോളിലേക്കു തിരിയുന്നത്. 400 ആൺകുട്ടികളുള്ള സി.ഡി.റൈബ്‌സ് എന്ന ലോക്കൽ ക്ലബ്ബിലെ ഏക പെൺതാരമായിരുന്നു അയ്റ്റാന. ആൺകുട്ടികൾ കളിക്കുന്നതു നോക്കി പഠിച്ച അയ്റ്റാന, പിന്നീട് അവരോടൊപ്പം മത്സരിക്കാൻ ഇറങ്ങി. 13-ാം വയസ്സുവരെ ആൺകുട്ടികൾക്കൊപ്പമായിരുന്നു പരിശീലനം. ഡിഫൻഡർ ആയിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് മിഡ്ഫീൽഡറായി. അറ്റാക്കിങ് മിഡ്ഫീൽഡറായ അയ്റ്റാന ബാർസിലോനയ്ക്കായി 311 കളികളിൽ 110 ഗോളുകളും സ്‌പെയിനു വേണ്ടി 83 കളികളിൽ 31 ഗോളുകളും നേടിയിട്ടുണ്ട്.

സ്പാനിഷ് നിയമം അനുസരിച്ച് സ്വന്തം പേരിനൊപ്പം പിതാവിന്റെ കുടുംബപ്പേരാണു ചേർക്കേണ്ടത്. എന്നാൽ, അയ്റ്റാന അമ്മയുടെ കുടുംബപ്പേരായ ബോൺമറ്റി സ്വന്തം പേരിനൊപ്പം ചേർത്തു. ഇതോടെ അയ്റ്റാന ബോൺമറ്റി എന്ന പേര് ലിംഗസമത്വത്തിനു വേണ്ടി നടത്തുന്ന പോരാട്ടത്തിന്റെ പ്രതീകവുമായി. 2022 മാർച്ചിൽ തന്റെ ആത്മകഥയുടെ ആദ്യഭാഗം അയ്റ്റാന പുറത്തിറക്കിയിരുന്നു. ഒരുവർഷത്തിനകം ഇതിന്റെ ഒരു ലക്ഷത്തിലേറെ കോപ്പികളാണ് വിറ്റഴിഞ്ഞത്.

English Summary:

Aitana Bonmatí: The Reigning Queen of Football with Three Consecutive Ballon d'Or Awards

Read Entire Article