Published: January 06, 2026 05:23 PM IST
1 minute Read
കൊച്ചി ∙ ഏഷ്യൻ ഗെയിംസ് പങ്കാളിത്തത്തിനുള്ള യോഗ്യതാ മാർക്ക് അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) പുതുക്കി നിശ്ചയിച്ചു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക്സ് ഇനങ്ങളിൽ ആറാം സ്ഥാനത്ത് എത്തിയവരുടെ പ്രകടനമെങ്കിലുമുള്ള അത്‌ലീറ്റുകളെ മാത്രം ഇത്തവണ ടീമിലേക്കു പരിഗണിച്ചാൽ മതിയെന്ന കായിക മന്ത്രാലയത്തിന്റെ നിർദേശം പരിഗണിച്ചാണു നടപടി.
ഏഷ്യൻ ഗെയിംസ് നടക്കുന്നതിന് ഒരു വർഷത്തിനുള്ളിലുള്ള പ്രകടനമാണു യോഗ്യതയ്ക്കു പരിഗണിക്കുക. ജപ്പാനിലെ ഐച്ചി– നാഗോയാ നഗരത്തിൽ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെയാണ് ഇത്തവണ ഏഷ്യൻ ഗെയിംസ്.പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ പുരുഷ വിഭാഗം 100 മീറ്ററിൽ ദേശീയ റെക്കോർഡുള്ള അനിമേഷ് കുജൂറിനു (10.18 സെക്കൻഡ്) പോലും ടീമിലിടമുണ്ടാകില്ല. 10.16 സെക്കൻഡാണ് എഎഫ്ഐ നിശ്ചയിച്ച യോഗ്യതാ മാർക്ക്.
പോൾവോൾട്ടിലെ ദേശീയ റെക്കോർഡുകാരൻ ദേവ് മീണയും (5.40 മീറ്റർ) ടീമിലിടം നേടാൻ പ്രകടനം മെച്ചപ്പെടുത്തണം. പുരുഷ വിഭാഗം പോൾവോൾട്ടിൽ 5.45 മീറ്ററാണു യോഗ്യതാ മാർക്ക്. വനിതകളുടെ മാരത്തണിലും ദേശീയ റെക്കോർഡ് മറികടക്കുന്ന പ്രകടനമുണ്ടായാൽ മാത്രമേ ടീമിലിടമുണ്ടാകൂ. 2:31.52 മണിക്കൂറാണ് യോഗ്യതാ മാർക്ക്. ഒ.പി. ജയ്ഷ 2015ൽ സ്ഥാപിച്ച റെക്കോർഡും (2:34.43 മണിക്കൂർ) മറികടന്നു യോഗ്യതാ മാർക്ക് പിന്നിട്ടാൽ മാത്രമേ ഈയിനത്തിൽ മത്സരിക്കാൻ ഇന്ത്യൻ താരങ്ങളെ അനുവദിക്കൂ.
English Summary:








English (US) ·