Published: November 10, 2025 08:41 PM IST
1 minute Read
ചെന്നൈ ∙ സഞ്ജു സാംസൺ – രവീന്ദ്ര ജഡേജ താരക്കൈമാറ്റം ഏറെക്കുറെ ഉറപ്പായിരിക്കെ ചെന്നൈ സൂപ്പർ കിങ്സിന്റെ മറ്റൊരു ട്രാൻസ്ഫർ ചർച്ചയ്ക്കു തിരിച്ചടി. രവീന്ദ്ര ജഡേജ രാജസ്ഥാൻ റോയൽസിലേക്കു മാറിയാൽ ഓൾറൗണ്ടർ വിഭാഗത്തിലെ വിടവ് നികത്താൻ ചെന്നൈയ്ക്ക് ഒരു താരത്തെ ആവശ്യമായിരുന്നു. ആർ.അശ്വിൻ വിരമിച്ചതിനാൽ സ്പിൻ വിഭാഗത്തിന്റെ ശക്തിയും ചോരാതെ നോക്കണം. നിലവിൽ അഫ്ഗാനിസ്ഥാൻ താരം നൂർ അഹമ്മദ് മാത്രമാണ് ടീമിലെ സ്പെഷലിസ്റ്റ് സ്പിന്നർ.
ഇതിനു പരിഹാരമായി ഗുജറാത്ത് ടൈറ്റൻസിൽനിന്ന് വാഷിങ്ടൻ സുന്ദറിനെ എത്തിക്കാനായിരുന്നു ചെന്നൈയുടെ നീക്കം. മൂന്നു ഫോർമാറ്റുകളിലും ഇന്ത്യൻ ടീമിൽ അംഗമായ ചുരുക്കം താരങ്ങളിൽ ഒരാളാണ് വാഷിങ്ടൻ സുന്ദർ. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ ആശ്രയിക്കാവുന്ന താരമാണ് ചെന്നൈ സ്വദേശി കൂടിയായ വാഷിങ്ടൻ. ഇതാണ് ജഡേജയ്ക്കു പകര വാഷിങ്ടനെ ടീമിലെത്തിക്കാൻ ചെന്നൈയെ പ്രേരിപ്പിച്ചത്. റൈസിങ് പുണെ സൂപ്പർജയന്റ്സിൽ കളിക്കുന്ന കാലം മുതൽ തന്നെ സിഎസ്‌കെ ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങുമായും വാഷിങ്ടൻ സുന്ദറിന് നല്ല ബന്ധമുണ്ട്.
എന്നാൽ രണ്ടു തവണ സമീപിച്ചെങ്കിലും വാഷിങ്ടനെ വിട്ടുതരില്ലെന്ന് ഗുജറാത്ത് നിലപാട് എടുക്കുകയായിരുന്നു. താരക്കൈമാറ്റത്തിലൂടെ അല്ലെങ്കിൽ പണം നൽകിയും വാഷിങ്ടനെ ടീമിലെടുക്കാൻ ചെന്നൈ സന്നദ്ധമായിരുന്നു. കഴിഞ്ഞവർഷത്തെ ഐപിഎൽ മെഗാ ലേലത്തിൽ 3.2 കോടി രൂപയ്ക്കാണ് വാഷിങ്ടനെ ഗുജറാത്ത് ടീമിലെത്തിച്ചത്. സീസണിൽ ആറു മത്സരങ്ങൾ മാത്രമാണ് കളിച്ചതെങ്കിലും ഇന്ത്യൻ ടീമിൽ അടുത്തകാലത്ത് വാഷിങ്ടൻ നടത്തുന്ന മികച്ച പ്രകടനം മുതൽകൂട്ടാകുമെന്ന് കണ്ടാണ് ഗുജറാത്തിന്റെ കടുംപിടിത്തം.
English Summary:








English (US) ·