'അദ്ദേഹം ഒപ്പമുള്ളപ്പോൾ വലിയസ്വപ്നങ്ങൾ കാണാൻ ഭയക്കേണ്ടതില്ല, നമുക്ക് ഒരു മോഹൻലാൽ മാത്രമല്ലേയുള്ളൂ'

8 months ago 7

ലാൽസാർ എന്ന ധൈര്യം, ലാൽസാറിനൊപ്പം നിൽക്കുമ്പോൾ, ലാൽസാർ പറയുന്നതുപോലെ... ഒരു മണിക്കൂർനീണ്ട സംസാരത്തിനിടെ ആന്റണി പെരുമ്പാവൂർ എത്രതവണ ലാൽസാർ എന്ന പേര് ഉപയോഗിച്ചുകാണുമെന്ന് ഓർത്തുപറയുക പ്രയാസമാണ്. വിവാദങ്ങളും വിജയങ്ങളും ആന്റണി പെരുമ്പാവൂരിനെ കൂടുതൽ കരുത്തനാക്കിയിരിക്കുന്നു. മലയാളസിനിമയുടെ നാളെയെക്കുറിച്ച് മുൻപൊന്നുമില്ലാത്ത ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം സംസാരിച്ചത്.

രണ്ടുമാസത്തിനുള്ളിൽ രണ്ടു വലിയവിജയങ്ങൾ, ആശീർവാദ് നിർമിച്ച എമ്പുരാനും വിതരണത്തിനെത്തിച്ച ‘തുടരും’ സിനിമയും മലയാളത്തിന് വലിയ മുതൽക്കൂട്ടായിമാറി. ഇത്തരമൊരു സ്വീകാര്യത പ്രതീക്ഷിച്ചിരുന്നോ?

സിനിമയുടെ വിജയപരാജയങ്ങൾ മുൻകൂട്ടി പ്രവചിക്കുക സാധ്യമല്ല. പ്രേക്ഷകർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാ സിനിമകളും ആരംഭിക്കുന്നത്. നമുക്ക് എല്ലാതരം സിനിമകളും വേണം. എമ്പുരാൻ വലിയ ബജറ്റിൽ നിർമിച്ച സിനിമയാണ്. ആ സിനിമയുടെ കഥ അതെല്ലാം ആവശ്യപ്പെട്ടിരുന്നു. പ്രദർശനത്തിനെത്തി ദിവസങ്ങൾക്കുള്ളിൽ നിലവിലെ കളക്ഷൻ റെക്കോഡുകൾ പലതും മാറ്റിയെഴുതാൻ എമ്പുരാന് കഴിഞ്ഞു. എന്നാൽ, തുടരും വളരെ സാവധാനത്തിൽ നേട്ടങ്ങളോരോന്നായി സ്വന്തമാക്കുന്ന കാഴ്ചയാണ് കാണുന്നത്.

ഒരുമാസംകൊണ്ട് കേരളത്തിലെ തിയേറ്ററുകളിൽനിന്ന് ലഭിക്കുന്ന കളക്ഷൻ പത്തുദിവസംകൊണ്ട് നേടിയെടുക്കാനാണ് എമ്പുരാനിലൂടെ ശ്രമിച്ചത്. എത്രയും പെട്ടെന്ന് ആ സിനിമ കണ്ടേ മതിയാകൂ എന്നൊരു ചിന്ത പ്രേക്ഷകരിൽ ഉയർന്നിരുന്നു, അങ്ങനെയൊരു ആവേശത്തിലാണ് അവർ എമ്പുരാനെ സ്വീകരിച്ചത്, അതിനുള്ള അവസരം ഞങ്ങൾ സൃഷ്ടിച്ചു. കേരളത്തിലെ ഏതാണ്ട് നൂറുശതമാനംവരുന്ന തിയേറ്ററുകളിലും സിനിമ റിലീസ് ചെയ്തു. അതുകൊണ്ടുതന്നെ വലിയവലിയ നേട്ടങ്ങൾ ചുരുങ്ങിയ ദിവസത്തിനുള്ളിൽത്തന്നെ ചിത്രം സ്വന്തമാക്കി.

തുടരും സിനിമയുടേത് മറ്റൊരു രീതിയായിരുന്നു, അത് തീർത്തും കുടുംബസിനിമയാണ്. പ്രേക്ഷകർ അവരവരുടെ സൗകര്യമനുസരിച്ച് വീടടച്ച് സിനിമകാണാൻ എത്തുകയായിരുന്നു. തുടരും തിയേറ്ററിൽപ്പോയി കാണണമെന്ന് പ്രേക്ഷകർ ഉറപ്പിച്ചെങ്കിലും പ്രദർശനത്തിനെത്തിയ ദിവസമോ അടുത്തദിവസമോതന്നെ കാണണമെന്ന ഒരു വാശി അവർക്കുണ്ടായിരുന്നില്ല. രണ്ടുസിനിമകളും രണ്ടുരീതിയിലാണ് പ്രേക്ഷകരിലേക്കെത്തിയത്. എമ്പുരാൻ റിലീസ്‌ചെയ്തത്രയും തിയേറ്ററുകളിൽ തുടരും റിലീസിങ്ങിനെത്തിക്കേണ്ടതില്ലെന്ന് നിർമാതാവ് രഞ്ജിത്തേട്ടൻ തീരുമാനിക്കുകയായിരുന്നു. ടിക്കറ്റ് കിട്ടാത്തവർ അടുത്തദിവസംവന്ന് സിനിമകാണട്ടെ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

തുടരും എന്ന ചിത്രത്തിൽനിന്നൊരു രം​ഗം

എമ്പുരാൻ സിനിമയുടെ റിലീസിനോടനുബന്ധിച്ചുള്ള പ്രതിസന്ധികളും പ്രയാസങ്ങളും വലിയ വാർത്തകളായിരുന്നു, സിനിമയ്ക്കൊരു തുടർച്ചയുണ്ടാകും എന്നുപറഞ്ഞാണ് ചിത്രം അവസാനിപ്പിച്ചത്, മൂന്നാം ഭാഗത്തെക്കുറിച്ച്...

ഞങ്ങൾക്ക് അദ്‌ഭുതകരമായ വിജയം സമ്മാനിച്ച ചിത്രമാണ് എമ്പുരാൻ. അതുകൊണ്ടുതന്നെ എമ്പുരാന് തീർച്ചയായും തുടർച്ചയുണ്ടാകും. കഥ അങ്ങനെയാണ് പറഞ്ഞുനിർത്തിയത്. നിലവിൽക്കണ്ട കാഴ്ചകൾ പലതും പൂർത്തിയാക്കാൻ മൂന്നാംഭാഗം വന്നേ മതിയാകൂ. പ്രേക്ഷകരും അത് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്.

എമ്പുരാന്റെ റിലീസ് തീയതി പ്രഖ്യാപിക്കപ്പെട്ടതിനുശേഷമാണ് അതുവരെ ചേർന്നു പ്രവർത്തിച്ചവരുമായി ചില ബുദ്ധിമുട്ടുകളുണ്ടാകുന്നത്. സിനിമാജീവിതത്തിൽ ഏറ്റവുമധികം മാനസികസമ്മർദത്തിലൂടെ കടന്നുപോയ ദിവസങ്ങളാണ് അത്. സമാനതകളില്ലാത്ത വരവേൽപ്പാണ് പലയിടങ്ങളിലും സിനിമയ്ക്കായി ഒരുക്കിയിരുന്നത്. റിലീസ് ഡേറ്റ് മാറ്റി അവരെയെല്ലാം നിരാശപ്പെടുത്താൻ പറ്റില്ലായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച ആ ദിവസം മാറിപ്പോയാൽ പിന്നീട് അത്തരത്തിലൊരവസരം ലഭിക്കണമെന്നുമില്ല.

പ്രശ്നങ്ങളുണ്ടായിരുന്നെന്നും നേരിട്ടത് വലിയ വെല്ലുവിളികളായിരുന്നെന്നുമുള്ള സത്യം മറച്ചുവെക്കുന്നില്ല. എന്നാൽ, ഞങ്ങൾ ഒറ്റക്കെട്ടായി പ്രതിസന്ധികളെ മറികടന്നു. ഗോകുലം ഗോപാലൻസാറിനെപ്പോലുള്ളവർ ഈ സിനിമയുടെ വിശേഷങ്ങൾ ആദ്യംമുതൽതന്നെ അന്വേഷിച്ചറിഞ്ഞവരാണ്. ലാൽസാറുമായി അദ്ദേഹത്തിനെല്ലാം വലിയ അടുപ്പമുണ്ട്. മുന്നോട്ടുള്ള യാത്രയുമായി അവർ സഹകരിക്കാൻ തയ്യാറായി. കൃഷ്ണമൂർത്തിയെപ്പോലുള്ളവർ ഒപ്പംചേർന്ന് പ്രവർത്തിച്ചു.

'എമ്പുരാനി'ൽ മോഹൻലാൽ

ഇന്ത്യയിലും വിദേശരാജ്യങ്ങളിലും മലയാളസിനിമയുടെ സ്വീകാര്യത വർധിപ്പിക്കുന്നതിൽ എമ്പുരാൻ വഹിച്ച പങ്ക് എത്രമാത്രം വലുതാണ്?

മലയാള സിനിമയ്ക്ക് അന്യനാടുകളിൽ വലിയ സ്വീകാര്യത നേടിക്കൊടുക്കാൻ എമ്പുരാൻ സിനിമയിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ പേരെടുത്ത കമ്പനികളുമായി കൈകോർത്താണ് ഓരോസംസ്ഥാനത്തും ചിത്രം പ്രദർശനത്തിനെത്തിച്ചത്. രാജ്യത്തിനുപുറത്ത് നമ്മൾ ഉദ്ദേശിക്കുന്ന വലുപ്പത്തിൽ പലപ്പോഴും മലയാള സിനിമകൾ റിലീസ് ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു മുൻപ്. അവിടത്തെ വലിയകമ്പനികൾ മറ്റുഭാഷയിലുള്ള സിനിമകൾ സ്വീകരിക്കാനാണ് കൂടുതലായി താത്‌പര്യപ്പെട്ടത്. അമേരിക്കയിലെല്ലാം ചുരുക്കം തിയേറ്ററുകളാണ് ഇതുവരെ ലഭിച്ചിരുന്നത്. അതിനെല്ലാം എമ്പുരാനിലൂടെ വലിയൊരു മാറ്റംവന്നു. എമ്പുരാൻ സിനിമയുടെ വലുപ്പവും മറ്റുകാര്യങ്ങളും മനസ്സിലാക്കിയാണ് പലരും ചിത്രം സ്വീകരിക്കാൻ മുന്നോട്ടുവന്നത്. ചിത്രത്തിന് വിദേശരാജ്യങ്ങളിൽ ലഭിച്ച കളക്ഷൻ മലയാളസിനിമയ്ക്ക് ആവേശം പകരുന്നതാണ്. മലയാള സിനിമയുടെ ഓവർസീസ് മാർക്കറ്റ് എമ്പുരാൻ മാറ്റിയെഴുതി. അന്യദേശങ്ങളിൽ വലിയരീതിയിൽ മലയാള സിനിമ റിലീസ് ചെയ്യാൻ മുൻപും ചർച്ചകൾ നടത്തിയിരുന്നെങ്കിലും, പലതും എത്തിപ്പിടിക്കാൻ കഴിയാത്തത്ര ദൂരത്തായിരുന്നു. വലിയ വിജയങ്ങൾ നേടുമ്പോൾ ആളുകൾ നമ്മളെ അംഗീകരിക്കുന്നു. എമ്പുരാൻ നേടിയ കളക്ഷൻ വിദേശരാജ്യങ്ങളിൽ മലയാളസിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിമറിച്ചു.

ഒടിടി പ്ലാറ്റ് ഫോമുകൾ മലയാളസിനിമയുടെ ഓവർസീസ് മാർക്കറ്റിന് ഗുണംചെയ്തെന്ന വാദം ശരിയാണോ?

കോവിഡ്‌കാലത്ത് എല്ലാവരും വീടടച്ചിരുന്നസമയത്താണ് ദൃശ്യം2 നേരിട്ട് ഒടിടിയിലൂടെ പ്രദർശനത്തിനെത്തിയത്. സിനിമ ഏറെ സ്വീകരിക്കപ്പെട്ടു. മലയാളം അറിയാത്തവരും കേരളത്തെക്കുറിച്ച് കേട്ടിട്ടില്ലാത്തവർപോലും നമുടെ സിനിമ ആസ്വദിച്ചു. അതിന്റെ ഗുണം ആ സിനിമയ്ക്കുമാത്രമല്ല മലയാള സിനിമയ്ക്ക് മൊത്തമായി പിന്നീട് ലഭിച്ചെന്നാണ് വിശ്വസിക്കുന്നത്. ഒടിടിയിലൂടെ ദൃശ്യം2 കൂടുതൽ പേരിലേക്കെത്തി. സിനിമയുടെ സ്വീകാര്യത അന്യദേശത്തുള്ളവരെ മലയാളസിനിമയിലേക്ക് അടുപ്പിച്ചു. നമ്മൾ കൊറിയൻ സിനിമകളെല്ലാം കാണുന്നതുപോലെ അന്യഭാഷക്കാർ മലയാളസിനിമകൾ അന്വേഷിച്ച് തേടിപ്പിടിച്ച് കാണാൻതുടങ്ങി. കോവിഡ്കാലത്ത് സിനിമാമേഖലയിൽനടന്ന വലിയൊരു മാറ്റമായാണ് ഞാനിതിനെ കാണുന്നത്. ഇന്ന് മലയാളസിനിമയുടെ ഓവർസീസ് മാർക്കറ്റ് വലുതാക്കുന്നതിൽ ഒടിടി റിലീസുകളെല്ലാം സഹായിച്ചിട്ടുണ്ട്. സിനിമ മുതലായി എന്ന അവസ്ഥയല്ല, മറിച്ച് ലാഭത്തിലായി എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറേണ്ടതുണ്ട്. വലിയ ബജറ്റിൽ സിനിമകൾ നിർമിക്കുമ്പോൾ സാധാരണരീതിയിലുള്ള കളക്ഷൻകൊണ്ടുമാത്രം ലാഭം സാധ്യമാകുകയില്ല. അന്യദേശങ്ങളിൽ മറ്റുഭാഷാചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത മലയാളസിനിമകൾക്കും ലഭിച്ചുതുടങ്ങിയിട്ടുണ്ട്. മോഹൻലാൽസാറിനെപ്പോലൊരാൾ ഒപ്പമുള്ളപ്പോൾ വലിയസ്വപ്നങ്ങൾ കാണാൻ ഭയക്കേണ്ടതില്ല.

തുടരും എന്ന ചിത്രത്തിൽ മോഹൻലാൽ

വിജയചിത്രങ്ങൾ ഒരുക്കുന്ന ആശീർവാദിന്റെ യാത്രയിൽ ചിലപ്പൊഴെല്ലാം തിരിച്ചടികളും ഉണ്ടായിട്ടുണ്ട്, പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്താൻ കഴിയാത്ത, വിമർശനങ്ങൾ നേരിട്ട സിനിമകളും നിർമിച്ചിട്ടുണ്ട്

പ്രേക്ഷകർ ലാൽസാറിൽ അർപ്പിച്ചിട്ടുള്ള സ്നേഹവും വിശ്വാസവുമാണ് ആശീർവാദിന്റെ കരുത്ത്. അത് നിലനിർത്തുന്ന സിനിമകളുമായി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. ചില കഥകൾ കേൾക്കുമ്പോൾ വളരെ മികച്ചതായിത്തോന്നും, പ്രേക്ഷകർ സ്വീകരിക്കും, ശ്രദ്ധിക്കപ്പെടും എന്നെല്ലാമുള്ള വിശ്വാസത്തിലാണ് കഥയുമായി മുന്നോട്ടുപോകുന്നത്. പറഞ്ഞുകേൾക്കുമ്പോഴും ചർച്ചചെയ്യുമ്പോഴും വലിയ ആവേശംതോന്നിയ ചിലകഥകൾ എടുത്തുവരുമ്പോൾ നന്നാകണമെന്നില്ല. ഒരു സിനിമ നിർമിക്കാൻ തീരുമാനമെടുത്താൽ പിന്നീട് ടീമിനെ വിശ്വസിച്ച് പോകുകയാണ് ചെയ്യേണ്ടത്. നിർമിച്ച സിനിമകളിൽ ചിലത് പ്രതീക്ഷയ്ക്കൊത്ത് ഉയരാതെവന്നപ്പോൾ വിഷമമുണ്ടായിട്ടുണ്ട്. ഈ യാത്രയ്ക്കിടെ പൂർണമായി സന്തോഷംനൽകാത്ത സിനിമകളും നിർമിക്കേണ്ടിവന്നിട്ടുണ്ട്. അതിന്റെപേരിൽ ഒപ്പം പ്രവർത്തിച്ചവരോട് പരാതിയോ പരിഭവമോ ഒന്നുമില്ല. ചില പരിശ്രമങ്ങൾ വേണ്ടരീതിയിൽ ഫലംകണ്ടില്ലെന്നുമാത്രം.

മോഹൻലാൽസിനിമകളുടെ കഥകൾ തിരഞ്ഞെടുക്കുന്നതിൽ ആന്റണിക്ക്‌ വലിയ പങ്കില്ലേ?

ആന്റണി കഥകേൾക്കുന്നു, കഥയുടെ തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നു എന്നത് പകുതി ശരിയും പകുതി തെറ്റുമാണ്. കാരണം ആശീർവാദ് നിർമിക്കുന്ന സിനിമകളുടെ കഥകളെല്ലാം ഞാനും ലാൽസാറും ചേർന്നാണ് കേൾക്കാറ്. ആ കഥകളുടെ ചർച്ചകളിൽ പങ്കെടുക്കാറുണ്ട്. മറ്റുനിർമാതാക്കൾ ഒരുക്കുന്ന സിനിമകളുടെ കഥകൾ ലാൽസാർ തന്നെയാണ് കേൾക്കുക. അത്തരം ചർച്ചകളിൽ ഞാനിരിക്കാറില്ല. ആ സിനിമകൾ പിന്നീടെന്തെങ്കിലും കാരണത്താൽ മുടങ്ങിയാൽ എനിക്കിഷ്ടപ്പെടാത്തതിന്റെ പേരിലാണ് സിനിമ നടക്കാതെപോയതെന്ന് പറയരുതല്ലോ.

മോഹൻലാൽസാറിനെവെച്ച് സിനിമചെയ്യാൻ ഒരുപാട് പേർക്ക് ആഗ്രഹമുണ്ട്, ആഗ്രഹങ്ങൾ തള്ളുന്നില്ല. അവസരം നൽകണമെന്നുണ്ട്. പക്ഷേ, നമുക്ക് ഒരു മോഹൻലാൽസാർ മാത്രമല്ലേയുള്ളൂ. ഒരുപാടുപേർ ഒരാളെത്തേടിവരുമ്പോൾ എന്തുചെയ്യും. എല്ലാവർക്കും കിട്ടണമെന്നില്ലല്ലോ.

സത്യൻ അന്തിക്കാടിനും മോഹൻലാലിനുമൊപ്പം

തുടരും സിനിമയുടെ കഥ 2012-ലാണ് ആദ്യമായി കേൾക്കുന്നത്. രചയിതാവ് കെ.ആർ.സുനിലും നിർമാതാവ് രഞ്ജിത്തേട്ടനുംകൂടി വന്നാണ് ലാൽസാറോട് കഥപറഞ്ഞത്. മലയാളത്തിലെ മുൻനിരയിൽനിൽക്കുന്ന അഞ്ചു സംവിധായകരുമായി കഥ ചർച്ചചെയ്തിട്ടുണ്ട്. എന്നാൽ, ഞങ്ങളെല്ലാവരും മനസ്സിൽക്കണ്ട കഥയ്ക്കോ ദൃശ്യങ്ങൾക്കോ മുകളിലേക്കെത്താൻ അവർക്കാർക്കും കഴിഞ്ഞില്ല. ഞങ്ങൾ ആ കഥയെ മനസ്സിലാക്കിയപോലെ തുടക്കത്തിൽവന്നവരാരും ആ കഥയെ ഉൾക്കൊണ്ടില്ല. കഥയിൽ മുറുകെപ്പിടിച്ചുള്ള രഞ്ജിത്തേട്ടന്റെ കാത്തിരിപ്പാണ് ഇന്നത്തെ ഈ വിജയം.

ഒന്നരവർഷംമുൻപാണ് തരുൺമൂർത്തി തുടരും സിനിമയിലേക്കെത്തുന്നത്. അദ്ദേഹം കഥാകൃത്ത് സുനിലുമായി സംസാരിച്ച് ഇരുവരുംചേർന്ന് തിരക്കഥ പൂർത്തിയാക്കി. റെക്കോഡ്‌ചെയ്ത തിരക്കഥയാണ് തരുണിൽനിന്ന്‌ ലാൽസാർ കേൾക്കുന്നത്. വോയ്‌സ് മോഡുേലഷനെല്ലാമുള്ള തിരക്കഥയുടെ റെക്കോഡ് വേർഷൻ. ഒരു സിനിമ കാണുന്നതുപോലെ അതാസ്വദിക്കാൻ പറ്റി. അത് ഞങ്ങൾക്കെല്ലാം പുതിയ അനുഭവമായിരുന്നു.

Content Highlights: Antony Perumbavoor discusses the monolithic occurrence of Empuraan & Thudarum, Mohanlal`s role

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article