19 August 2025, 06:29 PM IST

Photo: PTI
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടി20 ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ വാര്‍ത്താ സമ്മേളനത്തില്‍ ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാര്‍ അജിത്ത് അഗാര്‍ക്കറിന് ഏറ്റവും കുടുതല്‍ ചോദ്യങ്ങള്‍ നേരിടേണ്ടിവന്നത് ശ്രേയസ് അയ്യരെ ഒഴിവാക്കിയതിനെക്കുറിച്ചായിരുന്നു. 2023 ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ശ്രേയസ് അവസാനമായി ഇന്ത്യയ്ക്കായി ടി20 മത്സരം കളിച്ചത്. പിന്നീട് നാളിതുവരെ താരത്തെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. 2024 ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ച അയ്യര്‍, 2025 സീസണില്‍ പഞ്ചാബ് കിങ്‌സിലേക്ക് മാറി ടീമിനെ ഫൈനലിലെത്തിച്ചിരുന്നു. പഞ്ചാബിനായി 17 കളികളില്‍ നിന്ന് 50.33 ശരാശരിയില്‍ 604 റണ്‍സടിച്ചുകൂട്ടിയ അയ്യര്‍, സീസണിലെ റണ്‍വേട്ടക്കാരില്‍ ആറാമനായിരുന്നു. 175 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. 39 സിക്‌സറുകളുമായി സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ രണ്ടാമത്തെ താരവും അയ്യരായിരുന്നു.
''ശ്രേയസ് അയ്യര്‍ക്ക് അവസരം നഷ്ടമായത് നിര്‍ഭാഗ്യകരമാണ്. അത് അദ്ദേഹത്തിന്റെയും ഞങ്ങളുടെയും തെറ്റല്ല. അദ്ദേഹത്തിന് അവസരത്തിനായി കാത്തിരിക്കേണ്ടി വരും. ടി20 ടീമില്‍ ഞങ്ങള്‍ക്ക് ഒരുപാട് ഓപ്ഷനുകളുണ്ടായിരുന്നു. തിരഞ്ഞെടുക്കാന്‍ എളുപ്പമുള്ള ടീമല്ല. എന്നാല്‍ നല്ലതെന്ന് തോന്നുന്ന ഒരു തലവേദനയുമാണത്.'' - എന്നായിരുന്നു അയ്യരെ ടീമിലെടുക്കാത്തതിനെക്കുറിച്ചുള്ള അഗാര്‍ക്കറിന്റെ പ്രതികരണം.
ടൂര്‍ണമെന്റിനായി അഞ്ചു കളിക്കാരെ സ്റ്റാന്‍ഡ്‌ബൈ ആയി തിരഞ്ഞെടുത്തതിലും അയ്യരുടെ പേര് ഉണ്ടായിരുന്നില്ല. എന്നിരുന്നാലും വരാനിരിക്കുന്ന 2026 ടി20 ലോകകപ്പിനുള്ള അവസാന ടീം ഇതല്ലെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി.
ബാറ്റിങ് ഓര്‍ഡറില്‍ മൂന്നാം സ്ഥാനത്തിനായി ശ്രേയസ് അയ്യരും തിലക് വര്‍മയും തമ്മിലായിരുന്നു മത്സരമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരേ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ നേടിയ സെഞ്ചുറികളും ഇംഗ്ലണ്ടിനെതിരേ പുറത്തെടുത്ത മാച്ച് വിന്നിങ് ഇന്നിങ്‌സും തിലകിന് തുണയാകുകയായിരുന്നു. മാത്രമല്ല ഐസിസി ടി20 റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള തിലകിനെ ഒഴിവാക്കാനാകാത്ത സാഹചര്യവുമായിരുന്നു. ഇതോടെയാകാം സെലക്ടര്‍മാര്‍ അയ്യരെ തഴഞ്ഞതെന്നാണ് വിലയിരുത്തല്‍.
Content Highlights: Agarkar addresses Shreyas Iyer`s exclusion from India`s Asia Cup T20 squad








English (US) ·