Published: January 06, 2026 10:05 AM IST
1 minute Read
മാഞ്ചസ്റ്റർ ∙ വാവിട്ട വാക്കിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് റൂബൻ അമോറിം പരിശീലക സ്ഥാനവും കൈവിട്ടു. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ കഴിഞ്ഞ ദിവസം ലീഡ്സ് യുണൈറ്റഡിനോട് 1–1 സമനില വഴങ്ങിയതിനു പിന്നാലെ റൂബൻ നടത്തിയ പ്രകോപനപരമായ പ്രതികരണങ്ങളുടെ തുടർച്ചയായി ക്ലബ് മാനേജ്മെന്റ് കോച്ചിനെ പുറത്താക്കുകയായിരുന്നു. ലീഗിൽ നിലവിൽ ആറാം സ്ഥാനത്താണ് യുണൈറ്റഡ്.
ഇത്തവണ പ്രിമിയർ ലീഗിൽ മികച്ച പ്രകടനം നടത്തി ഫിനിഷ് ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും തുടർന്നുമൊരുക്കുമെന്നു ക്ലബ് അറിയിച്ചു. ബുധനാഴ്ച ബേൺലിക്കെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം. ഇതിനായി യൂത്ത് ടീം കോച്ച് ഡാരൻ ഫ്ലെച്ചർക്കു താൽക്കാലിക പരിശീലകന്റെ ചുമതല നൽകിയതായും ക്ലബ് അറിയിച്ചു.
2024 നവംബർ 11നു യുണൈറ്റഡിന്റെ പരിശീലകനായി ചുമതലയേറ്റ റൂബൻ അമോറിം 63 മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. ഇതിൽ ജയിച്ചത് 24 മത്സരങ്ങൾ. കഴിഞ്ഞ സീസണിൽ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും മോശം നിലയായ 15–ാം സ്ഥാനത്തേക്കു വീണ ക്ലബ് ഈ വർഷം ഭേദപ്പെട്ട നിലയിലായിരുന്നു ഇതുവരെ. കഴിഞ്ഞ സീസണിൽ മോശം പ്രകടനത്തിന് ആരാധകരോടു മാപ്പു പറഞ്ഞ റൂബൻ കഴിഞ്ഞ ദിവസം മത്സരശേഷം നടത്തിയ പരാമർശം വിനയായി.
‘‘ ഞാൻ യുണൈറ്റഡിന്റെ കോച്ച് മാത്രമല്ല, മാനേജർ കൂടിയാണ്. എന്താണു ചെയ്യേണ്ടത് എന്ന് എനിക്കറിയാം. പുതിയൊരാൾ വരും വരെ ഞാൻ ഇവിടെയുണ്ടാകും’’– എന്നായിരുന്നു റൂബന്റെ പ്രതികരണം. 2013ൽ സർ അലക്സ് ഫെർഗൂസൻ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തുനിന്നു വിരമിച്ചതിനു ശേഷം സ്ഥിരം പരിശീലകരും ഇടക്കാല പരിശീലകരുമായി പത്തുപേരാണ് ഓൾഡ് ട്രാഫഡിലെത്തിയത്.
English Summary:








English (US) ·