
തഗ് ലൈഫ് എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ | ഫോട്ടോ: X
സിനിമയെന്ന വൈകാരിക മാധ്യമം രാഷ്ട്രീയ, സാമൂഹിക വിഷയങ്ങൾ തീക്ഷ്ണാനുഭവങ്ങളാക്കിയ ഒട്ടേറെ ചിത്രങ്ങൾ ചരിത്രത്തിന്റെ ഭാഗമായുണ്ട്. കഥയുടെ രുചി പകർന്ന് രാഷ്ട്രീയം പറഞ്ഞവയും പൊള്ളലേൽപ്പിച്ച സാമൂഹിക പ്രമേയങ്ങളുമെല്ലാം അവയിലുണ്ട്. മാറുന്ന സാമൂഹിക സാഹചര്യത്തിൽ, സാമൂഹിക മാധ്യമങ്ങളിലൂടെ വെറുപ്പിന്റെ വിഷം പ്രസരിപ്പിക്കാൻ കഴിയുന്ന സമകാലീന ഘട്ടത്തിൽ, സിനിമയും ദൃശ്യഭാഷയെ ഡീ കോഡ് ചെയ്ത് അനുഭവവേദ്യമാക്കാൻ പാകത്തിലേക്ക് മാറ്റുന്നു.
അടുത്തിടെ റിലീസ് ചെയ്ത തഗ് ലൈഫ് എന്ന മണിരത്‌നം- കമൽഹാസൻ ചിത്രം എന്തുകൊണ്ട് ഇന്റലെക്ച്വലി ഡീ കോഡ് ചെയ്യപ്പെടണമെന്ന ചോദ്യമാണിവിടെ ഉന്നയിക്കപ്പെടുന്നത്. തമിഴ് സ്വത്വവാദം രാഷ്ട്രീയ വിഷയമാക്കി ഒട്ടേറെ സിനിമകൾ ചെയ്തിട്ടുള്ള മണിരത്‌നത്തിന്റെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രവും അതിതീവ്രമായി ആ തനിമയെ വാഴ്ത്തുന്നുണ്ട് എന്നുള്ളതുകൊണ്ട് തന്നെ അത് അനിവാര്യവുമാണ്. പ്രത്യക്ഷത്തിൽ തഗ് ലൈഫ് ഒരു ഗ്യാങ്സ്റ്റർ മൂവി ആണ്. രംഗരായ ശക്തിവേൽ എന്ന ഗുണ്ടാ (തഗ്) നേതാവിന്റെ കുടുംബത്തിലുണ്ടാകുന്ന അധികാരത്തർക്കങ്ങളും കൊടുംപകയും രക്തരൂഷിത പോരാട്ടങ്ങളും രാഷ്ട്രീയ ഇടപെടലുകളുമൊക്കെ പറയുന്ന സിനിമ. കമൽഹാസൻ അവതരിപ്പിക്കുന്ന രംഗരായ ശക്തിവേലും സഹോദരൻ മാണിക്കവേൽ രംഗരായനും (നാസർ) തമ്മിലുള്ള ഭിന്നത വൈരമായി വളരുകയും പിന്നീട് ശക്തിവേലും ' ദത്തുപുത്രൻ ' അമരനും തമ്മിലുള്ള കൊടുംപകയിലേക്ക് എത്തുന്നതുമൊക്കെയാണ് സിനിമയുടെ ആന്തരികസത്ത. ചോരയ്ക്ക് ചോരയും അവിശ്വാസവും വഞ്ചനയും ഭ്രാന്തായി പടരുന്നപകയുമൊക്കെ സിനിമ പറയുന്നു.
ഇനിയാണ് തഗ് ലൈഫ് എന്ന സിനിമയുടെ രാഷ്ട്രീയ ഭൂമിക തിരിച്ചറിയേണ്ടത്. ഡൽഹിയാണ് ശക്തിവേലിന്റെ സാമ്രാജ്യം. സിനിമയിൽ ശക്തിവേൽ തന്നെ പറയുന്നു. അധികാരത്തിന് വേണ്ടി സഹോദരൻ സഹോദരനെ കൊല്ലുന്ന ഡെൽഹി. സാമ്രാജ്യം കൈപ്പിടിയിലാക്കാൻ അച്ഛനെ മകൻ കൊല്ലുന്ന ഡെൽഹി. മുഗൾ സാമ്രാജ്യമുൾപ്പെടെ ഉദാഹരിച്ച് ഡൽഹിയുടെ ചരിത്രം ശക്തിവേൽ ഓർമിപ്പിക്കുന്നുണ്ട്.
എന്തുകൊണ്ടാണ് ഡൽഹിയുടെ ഭൂമിക സിനിമയുടെ കേന്ദ്രബിന്ദുവായത്. ഡൽഹി കൈപ്പിടിയിലൊതുക്കിയിരിക്കുന്ന അധികാരകേന്ദ്രങ്ങൾ ഗ്യാങ്‌സറ്ററുകളുടേത് ആണോ. ഇവിടെ നിയമം അവരുടേതാണോ. രാഷ്ട്രീയ നേതാക്കളും സംഘടിതകുറ്റകൃത്യങ്ങളുടെ തലവന്മാരും ഒന്നാകുമ്പോൾ പോലീസിന് കാഴ്ചക്കാരുടെ റോൾ മാത്രം.
ശക്തിവേലിന്റെ ദത്തുപുത്രൻ അമരൻ (സിമ്പു) പറയുന്നുണ്ട്. ഇവിടെ രാഷ്ട്രീയവും ബിസിനസ്സും വ്യത്യസ്തമല്ല. ഒന്നാണ്. ഏറ്റവും നല്ല ബിസിനസ് രാഷ്ട്രീയമാണ്. ശക്തിവേൽ ജയിലിലായിരുന്നപ്പോൾ അമരൻ ബിസിനസ് സഖ്യമുണ്ടാക്കിയത് രാഷ്ട്രീയക്കാരനും ഗ്യാങ്‌സ്റ്ററുമായ സദാനന്ദു (മഹേഷ് മഞ്ജരേക്കർ) മായാണ്. ശക്തിവേലിന്റെ ചിരവൈരിയും വിശ്വാസവഞ്ചകനുമായ ഉത്തരേന്ത്യൻ രാഷ്ട്രീയക്കാരനുമായ സദാനന്ദുമായി സഖ്യമുണ്ടാക്കിയതിന് അമരൻ ശക്തിവേലിന്റെ വാക്കുകളെത്തന്നെയാണ് കൂട്ടുപിടിക്കുന്നത്. നമ്മുടെ ബിസിനസ്സിൽ സ്ഥിരമായി ശത്രുക്കളില്ല.
ഡൽഹിയെന്ന 'ലാൻഡ് സ്‌കേപ്പി' ലെ രാഷ്ട്രീയവും അധോലോകവും തമ്മിൽ അതിർവരമ്പുകളില്ലെന്ന് തഗ് ലൈഫിൽ പറയുന്നു. അധോലോകം എന്നൊന്നില്ല, പകരം രാഷ്ട്രീയവും ബിസിനസ്സും നെറികേടുകളും ചോരച്ചാലുകളും മാത്രമേയുള്ളുവെന്ന് സിനിമ അടിവരയിടുന്നു. ഡെൽഹിയിൽ റെഡ്‌ഫോർട്ടിന് മുന്നിൽ നടക്കുന്ന വധശ്രമവും ഗ്യാങ്‌സ്റ്റർ ഏറ്റുമുട്ടലുകളും പ്രതീകാത്മകമാണെന്ന് സിനിമയെ സൂക്ഷമമായി നോക്കുന്ന ആസ്വാദകന് തോന്നിയെങ്കിൽ യാദൃശ്ചികമല്ല.
ഇനിയുള്ള ഗ്യാങ്സ്റ്റർ ഏറ്റുമുട്ടലുകൾ നടക്കുന്ന സ്ഥലങ്ങൾ നോക്കുക. രാജസ്ഥാൻ, ഗോവ, കൈലാസയാത്രക്കിടെയുള്ള സ്ഥലം. ഈ പ്രദേശങ്ങൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം സിനിമയിൽ എടുത്തുപറയുന്നില്ല. പക്ഷേ ആ ലാൻഡ് സ്‌കേപ്പിലുണ്ടാകുന്ന ഏറ്റുമുട്ടലുകൾ ചിലത് പറയുന്നുണ്ട്. ഈ പ്രദേശങ്ങളിലെ അധികാര രാഷ്ട്രീയത്തെ ഇവിടെ വായിച്ചെടുക്കുന്നവരുമുണ്ട്. കൈലാസ യാത്രയ്ക്കിടയിൽ ശക്തിവേലിന്റെ ജീവനെടുക്കുന്ന ചോരക്കളി ഒന്നുകൂടി ഉറപ്പിക്കുന്നു. ആത്മീയതയുടെയും ഭക്തിയുടെയും പാതയിൽ ചോരച്ചാലുകൾ ഒഴുകുന്നു. മരണം പതിയിരിക്കുന്നു. നേപ്പാൾ കടന്നുവരുന്നതും ഒട്ടും യാദൃശ്ചികമായല്ല.
ഇനിയാണ് തമിഴിന്റെ ലാൻഡ് സ്‌കേപ്പ് കടന്നുവരുന്നത്. അത് അതിജീവനത്തിന്റേതാണ്. കർഷകന്റേതാണ്. വിളവെടുപ്പിന്റേതാണ്.
തിരുച്ചെന്തൂരിൽ ഓർമനഷ്ടപ്പെട്ട് കഴിയുകയാണ് ശക്തിവേലിന്റെ ഭാര്യ ജീവ (അഭിരാമി). കൈലാസയാത്രക്കിടയിൽ ഭർത്താവിന്റെ ജീവൻ നഷ്ടപ്പെട്ടുവെന്ന വാർത്ത അവരുടെ തലച്ചോറിന് ആഘാതമേൽപ്പിച്ചിരിക്കുന്നു. ശിഷ്ടജീവിതം തിരുച്ചെന്തൂരിൽ മകൾക്കൊപ്പം. ജീവൻ തിരികെപ്പിടിച്ച് പ്രതികാരദാഹിയായെത്തുന്ന ശക്തിവേൽ പച്ചപ്പിന്റെയും ശുദ്ധവായുവിന്റെയും കടൽത്തെളിമയുടെയും നടുവിൽ സ്വയം നഷ്ടപ്പെട്ട് നിൽക്കുന്ന ജീവയെ കാണുന്നു. സാമ്രാജ്യം മുച്ചൂടും നശിപ്പിച്ച് ശക്തിവേൽ തിരികെയെത്തി, ശിഷ്ടജീവിതം നയിക്കുന്നതും വിളവെടുപ്പിന്റെയും പച്ചപ്പിന്റെയും തമിഴക മണ്ണിൽ. പ്രകടമായ തമിഴ് സ്വത്വവാദം. സമകാലിക രാഷ്ട്രീയത്തിൽ തമിഴ് സ്വത്വവാദത്തിന് ഏറെ പ്രസക്തിയുമുണ്ട്.
ഇനിയും ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങൾ കോർത്തിണക്കിയിട്ടുണ്ട് സിനിമയിൽ. ഗ്യാങ്‌സറ്റർ-പോലീസ് ഏറ്റുമുട്ടലുകൾക്കിടയിൽ ' ന്യൂസ് പേപ്പർ വിതരണക്കാരനായ' അച്ഛനെ നഷ്ടപ്പെട്ട അമരനും സഹോദരി ചന്ദ്ര (ഐശ്വര്യലക്ഷ്മി)യും തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ സ്വയം നഷ്ടപ്പെടുകയാണ്. സഹോദരൻ ശക്തിവേലിന്റെ 'ദത്തുപുത്രനായ' ഗുണ്ടാത്തലവൻ ആകുന്നു. ചന്ദ്രയാകട്ടെ പോലീസ് ഉദ്യോഗസ്ഥന്റെ ദത്തുപുത്രിയും പിന്നീടു പീഡിയാട്രീഷ്യനുമായി മാറുന്നു.
മണിരത്‌നം ചിത്രങ്ങളുടെ രാഷ്ട്രീയം തിരിച്ചറിയണമെങ്കിൽ പലപ്പോഴും ഡീ കോഡ് ചെയ്യേണ്ടിവരും. പൊന്നിയിൻ സെൽവൻ തമിഴ്‌സ്വത്വ-ദേശീയവാദത്തിന്റെ ശക്തമായ ആവിഷ്‌ക്കാരമാണെങ്കിൽ രാവണൻ എന്ന സിനിമ രാജ്യത്തെ പോലീസ് സംവിധാനം എത്രമാത്രം ക്രൗര്യം നിറഞ്ഞതാണെന്നും മനുഷ്യമനസ്സുകളിൽ ഭീതിവിതയ്ക്കുന്നതുമാണെന്ന് കാട്ടിത്തരുന്നുണ്ട്. അധോലോകവും രാഷ്ട്രീയവും രണ്ടല്ല, ഒന്നു തന്നെയാണെന്ന് ആവർത്തിച്ചുറപ്പിക്കുന്ന ഒട്ടേറെ ചിത്രങ്ങൾ മണിരത്‌നത്തിന്റേതായുണ്ട്. ഈ സിനിമകൾക്കെല്ലാം തുടർച്ചയുമുണ്ട്.
Content Highlights: Mani Ratnam`s Thug Life explores Delhi`s powerfulness dynamics
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·