താരപദവിയുടെ ഉന്നതിയിൽ നിൽക്കുമ്പോൾ അധോലോകത്തുനിന്ന് തനിക്ക് ക്ഷണം ലഭിച്ചിരുന്നെന്ന് വെളിപ്പെടുത്തി ആമിർ ഖാൻ. പണമുൾപ്പെടെ പലതും വാഗ്ദാനം ചെയ്തെങ്കിലും താനത് നിരസിച്ചുവെന്ന് താരം ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. തന്നെ ആകർഷിക്കാനായി വലിയ ഓഫറുകളാണ് അവർ മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
1990-കളുടെ അവസാനം നടന്ന സംഭവമാണ് ആമിർ ഖാൻ ഇപ്പോൾ ഓർത്തെടുത്തത്. മിഡിൽ ഈസ്റ്റിൽ നടന്ന ഒരു പാർട്ടിയിലേക്കാണ് അധോലോക സംഘാംഗങ്ങൾ തന്നെ ക്ഷണിച്ചതെന്ന് ആമിർ പറഞ്ഞു. പങ്കെടുക്കാൻ സമ്മർദ്ദമുണ്ടായിട്ടും താൻ വഴങ്ങിയില്ല. പണമുൾപ്പെടെ കൂടുതൽ വലിയ വാഗ്ദാനങ്ങളുമായി അവർ വീണ്ടും വന്നുകൊണ്ടേയിരുന്നു. വരാൻ വീണ്ടും വിസമ്മതിച്ചപ്പോൾ അവരുടെ സ്വരം മാറിയെന്നും ആമിർ കൂട്ടിച്ചേർത്തു.
"അവർ ഒരുപാട് ശ്രമിച്ചു. അവർ എനിക്ക് പണം വാഗ്ദാനം ചെയ്തു, ഞാൻ പറയുന്ന ഏതു കാര്യവും ചെയ്തുകൊടുക്കാമെന്നും പറഞ്ഞു. ഞാൻ അപ്പോഴും വരാൻ വിസമ്മതിച്ചു. പാർട്ടിയിൽ ഞാൻ പങ്കെടുക്കുമെന്ന് അതിനകം പ്രഖ്യാപിക്കപ്പെട്ടതിനാൽ വരേണ്ടി വരുമെന്നും ഇത് അന്തസ്സിന്റെ പ്രശ്നമാണെന്നും പറഞ്ഞ് അവർ പെട്ടെന്ന് നിലപാട് മാറ്റി. ഞാൻ പറഞ്ഞു, നിങ്ങൾ ഒരു മാസമായി കാണുന്നു. ഞാൻ വരില്ലെന്ന് തുടക്കം മുതൽ നിങ്ങളോട് പറയുകയാണ്. നിങ്ങൾ വളരെ ശക്തരായതുകൊണ്ട് എന്നെ തല്ലിച്ചതയ്ക്കാം, തലയ്ക്കടിക്കാം, കയ്യും കാലും കെട്ടി, നിങ്ങൾ ആഗ്രഹിക്കുന്നിടത്തേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോകാം, പക്ഷേ ഞാൻ സ്വയം വരില്ലെന്ന്.' അങ്ങനെ അതിനുശേഷം അവർ എന്നെ ബന്ധപ്പെടുന്നത് നിർത്തി." അദ്ദേഹം പറഞ്ഞു.
ശക്തമായ നിലപാടെടുത്തിരുന്നെങ്കിലും ഭയമുണ്ടായിരുന്നെന്നും ആമിർ ഓർത്തെടുത്തു. അന്ന് താൻ റീന ദത്തയെ വിവാഹം കഴിച്ചിരിക്കുകയായിരുന്നു. "എനിക്ക് അന്ന് രണ്ട് ചെറിയ കുട്ടികളുണ്ടായിരുന്നു. എന്റെ മാതാപിതാക്കൾക്ക് വലിയ ആശങ്കയുണ്ടായിരുന്നു. അവർ പറഞ്ഞു, നീ എന്താണ് ചെയ്യുന്നത്? അവർ വളരെ അപകടകാരികളാണെന്ന്. അപ്പോൾ ഞാൻ അവരോട് ഒരൊറ്റ കാര്യമേ പറഞ്ഞുള്ളൂ, 'എനിക്ക് എന്റെ ജീവിതം എനിക്കിഷ്ടമുള്ള രീതിയിൽ ജീവിക്കണം. എനിക്ക് അങ്ങോട്ട് പോകാൻ താൽപ്പര്യമില്ല എന്ന്. അടുത്തുണ്ടായിരുന്നവരെ ഓർത്താണ് എനിക്ക് കൂടുതൽ ആശങ്കയുണ്ടായിരുന്നത്." അദ്ദേഹം കൂട്ടിച്ചേർത്തു.
സിതാരെ സമീൻ പർ എന്ന ചിത്രമാണ് ആമിറിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയത്. ഏതാനും ദിവസങ്ങൾക്കുമുൻപ് പുറത്തിറങ്ങിയ ചിത്രം ആഗോളതലത്തിൽ 100 കോടി കളക്ഷൻ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. ജെനിലിയ ആണ് നായിക.
Content Highlights: Aamir Khan reveals his terrifying brushwood with the underworld successful the 1990s
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·