ശ്രീലക്ഷ്മി മേനോൻ
15 August 2025, 03:41 PM IST

ദേവൻ, ശ്വേതാ മേനോൻ | ഫോട്ടോ: പി.പി. ബിനോജ്, ആർക്കൈവ്സ് | മാതൃഭൂമി
കൊച്ചി : വാശിയേറിയ പോരാട്ടത്തിനാണ് ഇക്കുറി താരസംഘടനയായ 'അമ്മ' സാക്ഷ്യം വഹിക്കുന്നത്. ഹേമാ കമ്മിറ്റി റിപ്പോർട്ടും തുടർന്നുള്ള വിവാദങ്ങൾക്കും സംഘടനയിലെ പൊട്ടിത്തെറികൾക്കും അതിനുപിന്നാലെ പ്രസിഡന്റ് മോഹൻലാലിന്റെ രാജിക്കുംശേഷം വന്ന തിരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് രേഖപ്പെടുത്തിയത് 298 പേരാണ്.
ആകെ 506 അംഗങ്ങൾക്കാണ് സംഘടനയിൽ വോട്ടവകാശം ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് ശതമാനം കുറവാണെങ്കിലും ഏവരും ഉറ്റുനോക്കുന്ന നിരവധി ഘടകങ്ങൾ ഇക്കുറിയുണ്ട്. സംഘടനാ തലപ്പത്തേക്ക് ഒരു വനിത മത്സരിക്കാനെത്തുന്നു എന്നതാണ് ഏറ്റവും പ്രധാനപെട്ടത്. ശ്വേതാ മേനോൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ ദേവൻ ആണ് എതിർ സ്ഥാനാർഥിയായി എത്തുന്നത്. ശ്വേതാ മേനോൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുകയാണെങ്കിൽ 31 വർഷത്തെ സംഘടനയുടെ യാത്രയിൽ ഈ തിരഞ്ഞെടുപ്പ് ചരിത്രമാകും.
കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന തിരഞ്ഞെടുപ്പ് അവസാനിച്ച് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. രാവിലെ 10 മുതൽ തുടങ്ങിയ തിരഞ്ഞെടുപ്പ് ഒരുമണിയോടെ അവസാനിക്കുമ്പോൾ ഏറ്റവും ഒടുവിൽ വോട്ട് രേഖപ്പെടുത്തി മടങ്ങിയത് നടൻ ഗിന്നസ് പക്രു ആണ്.
അതിരൂക്ഷമായ ചേരിപ്പോരാണു തിരഞ്ഞെടുപ്പിന്റെ പേരിൽ സംഘടനയിലുണ്ടായത്. ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളോടെയാണ് മോഹൻലാൽ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഓഗസ്റ്റ് 27ന് ഭരണസമിതി രാജിവച്ചൊഴിഞ്ഞു. ഏറെ നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള തീരുമാനമുണ്ടായത്. ഭരണസമിതിയിലേക്ക് ഇനിയില്ലെന്ന് മോഹൻലാൽ തീർത്തുപറഞ്ഞതോടെയാണ് വീണ്ടും ഒരു തിരഞ്ഞെടുപ്പിന് അമ്മ സാക്ഷ്യംവഹിക്കുന്നത്.
Content Highlights: AMMA Election 2025: Shwetha Menon Challenges Devan for Presidency, Marking a Historic Moment
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·