അനന്തന്‍ കാട്

3 weeks ago 4

മുജീബുര്‍റഹ്മാന്‍ കരിയാടന്‍

നമുക്കുള്ള സ്വര്‍ഗ്ഗവും നമ്മുടെ നരകവും പണിയുന്നത് നമ്മള്‍ തന്നെയാണെന്ന ഉള്ളൂരിന്റെ വരികള്‍ ഓര്‍മപ്പെടുത്തിയാണ് അനന്തന്‍ കാട് ഓരോ തലച്ചോറിലേയും കാടുകളിലേക്ക് പ്രവേശിക്കുന്നത്. ഓരോരുത്തരുടേയും ഉള്ളിലുള്ള വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാട് അവരെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും അവരുടെ സ്വര്‍ഗ്ഗ നരകങ്ങള്‍ സൃഷ്ടിക്കപ്പെടുകയെന്ന് സാരം.

നാടുവാഴുന്നവരുടെ വെള്ളക്കൊട്ടാരം സ്ഥിതി ചെയ്യുന്ന അനന്തപുരി പണ്ടൊരു കാലത്ത് അനന്തന്‍ കാടായിരുന്നുവത്രെ. സിംഹവും പുലിയും കരടിയും വിഷപ്പാമ്പുകളും കീരിയും വേട്ടക്കാരനുമെല്ലാം സസുഖം വാണ കാട്. ആ വന്യഭൂമി പിന്നീട് വെട്ടിത്തെളിയിക്കപ്പെട്ട് അനന്തപുരിയായി മാറിയപ്പോള്‍ അവിടുത്തെ വെള്ളക്കൊട്ടാരത്തിലെ ഭരണാധികാരികള്‍ ആരോ അവരുടെ തലയിലേക്കാണ് ആ കാട് ചേക്കേറിയത്. അതിഭയങ്കരമായൊരു സങ്കല്‍പ്പത്തെ ചില യാഥാര്‍ഥ്യങ്ങളുമായി കൂട്ടിച്ചേര്‍ത്താണ് മുരളി ഗോപി അനന്തന്‍ കാടിനെ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ജിയെന്‍ കൃഷ്ണകുമാറിന്റെ വ്യത്യസ്ത രീതിയിലുള്ള സംവിധാനം കൂടി ചേര്‍ന്നപ്പോള്‍ രാഷ്ട്രീയവും സംഘര്‍ഷവും ത്രില്ലറുമൊക്കെ ഒന്നിച്ചു ചേരുന്ന രണ്ടര മണിക്കൂറിലേറെ നേരെ പ്രേക്ഷകര്‍ക്കു മുമ്പില്‍ തകര്‍ത്താടി.

മുരളി ഗോപിയെന്ന എഴുത്തുകാരനില്‍ നിന്നും കടലാസിലേക്ക് ഉതിര്‍ന്നു വീണ അക്ഷരങ്ങളും മുരളി ഗോപിയെന്ന നടന്‍ വെള്ളിത്തിരയില്‍ ചെയ്തുവെച്ച തങ്കരാജെന്ന കഥാപാത്രവും തമ്മില്‍ നേര്‍ക്കുനേരെ ഏറ്റുമുട്ടുന്ന മികച്ച കാഴ്ചകള്‍ ഈ സിനിമയുടെ പ്രത്യേകതയാണ്. തന്റെ ഉള്ളറിഞ്ഞ് സൃഷ്ടിച്ച കഥാപാത്രത്തെ തന്റെ ഉള്ളിലേക്കെടുത്താണ് മുരളി ഗോപി തങ്കരാജിനെ അവതരിപ്പിക്കുന്നത്. എഴുത്തുകാരനും അഭിനേതാവായും മാത്രമല്ല ഗായകനായും ഇതേ നടന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു. ഭരതന് ഗോപിയെന്ന നടന്‍ നിര്‍ത്തിയേടത്തു നിന്നാണ് മുരളി ഗോപി തുടങ്ങിയിരിക്കുന്നതെന്ന് തോന്നും.

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങി ചിന്ന ചിന്ന ആശൈ എന്ന ചിത്രത്തില്‍ മാധവന്‍ മാഷെന്ന പാവത്താനും റൊമാന്റിക് കഥാപാത്രവുമായി ശാന്തമായൊഴുകുന്നൊരു നദിപോലെ വെള്ളിത്തിരയില്‍ വന്ന അതേ ഇന്ദ്രന്‍സ് തന്നെയാണ് അനന്തന്‍കാടില്‍ വന്ന് കൃഷ്ണന്‍കുട്ടിയെന്ന ഗുണ്ടാത്തലവനായി ആടിത്തിമര്‍ക്കുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസമാകും. ചോരയെ ചോരകൊണ്ട് കണക്കു തീര്‍ക്കുന്നതാണ് രീതിയെന്ന് ഇന്ദ്രന്‍സിനെ പോലൊരു പറയുമെന്ന് മലയാളി വിശ്വസിക്കാതിരുന്ന കാലമൊക്കെ കഴിഞ്ഞു പോയിരിക്കുന്നു. താനാരാണെന്ന് ഇതിനകം പല തവണ തെളിയിച്ചു കഴിഞ്ഞ ഇന്ദ്രന്‍സ് തന്റെ പഴയ 'കുടക്കമ്പി' ഇമേജൊക്കെ എന്നോ വലിച്ചെറിഞ്ഞിട്ടുണ്ട്.

അപ്പാനി ശരത്തിന്റെ ജാക്‌സണാണ് എടുത്തു പറയേണ്ടുന്ന മറ്റൊരു കഥാപാത്രം. പാട്ടും മേളവുമൊക്കെയായി നടക്കുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ നിന്നുള്ള ചില വിളികള്‍ ജാക്ക്‌സണ്‍ കേള്‍ക്കുന്നുണ്ട്. വില്ലത്തരത്തിന്റെ അങ്ങേയറ്റത്തേക്ക് പോകുന്ന അതേ ജാക്‌സണ്‍ തന്നെ തീവ്രമായ സെന്റിമെന്റല്‍ നിമിഷങ്ങളെ പ്രേക്ഷക ഹൃദയങ്ങളിലേക്കും എത്തിക്കുന്നുണ്ട്. അപ്പാനി ശരത്തിന്റെ വളരെ ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ജാക്‌സണ്‍.

മുരളി എന്ന കഥാപാത്രവുമായി വരുന്ന ദേവ് മോഹനാണ് ഗുണ്ടാ കളികള്‍ക്കിടയിലും സിനിമയില്‍ പ്രണയവും കാമുകിയുമൊക്കെ നല്‍കിയിരിക്കുന്നത്. കാമുകിയുടെ സ്‌നേഹത്തോടൊപ്പം തന്നെ അയാള്‍ തന്നെയേല്‍പ്പിച്ച കാര്യങ്ങളും ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്.

കെ കെ മേനോന്‍ എന്ന മുഖ്യമന്ത്രിയാണ് വിജയരാഘവന്‍ കഥാപാത്രം. നേരത്തേയും നിരവധി രാഷ്ട്രീയ നേതാക്കളേയും മുഖ്യമന്ത്രിമാരേയുമെല്ലാം അവതരിപ്പിച്ച വിജയരാഘവന് കെ കെ മേനോനെ കാഴ്ചവെക്കുമ്പോള്‍ ചില മാനറിസങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ മുന്‍ കഥാപാത്രങ്ങളില്‍ നിന്ന് മാറ്റമുണ്ടാക്കാനോ ശ്രമിച്ചിട്ടുണ്ട്. കാട്ടിലെ സിംഹമോ പുലിയോ കടുവയോ വിഷപ്പാമ്പോ ആകാതെ അനന്തന്‍ കാട് തലയില്‍ താങ്ങുന്നയാളായി അയാള്‍ തന്നെ സ്വയം അവരോധിക്കുന്നുണ്ട്.

ടര്‍ബോയിലൂടെ മലയാളത്തിലേക്കെത്തിയ തെലുങ്ക് താരം സുനിലിന്റെ പെര്‍ഫോമന്‍സിനും കൊടുക്കണം കയ്യടി. ഒരേ സമയം ഭരണകൂടത്തിന്റെ വിനീത വിധേയനും അതേസമയം തന്നെ കൊടുംക്രൂരനായ പൊലീസ് ഓഫിസറും മാത്രമല്ല വ്യക്തി ജീവിതത്തില്‍ അതിഭീകരനായ സൈക്കോ കൂടിയാണ് അയാള്‍. ഇതെല്ലാം ചേരുന്ന വിധത്തില്‍ തന്റെ ഡി ഐ ജി റാവുവിനെ സുനില്‍ മെരുക്കിയെടുത്തിട്ടുണ്ട്.

ananthankaadu og

സിനിമയിലെ നായകനാണോ മുരളി ഗോപിയും ദേവ് മോഹനും ഇന്ദ്രന്‍സും അപ്പാനി ശരത്തും ചേര്‍ന്ന സംഘത്തിലെ സഹകഥാപാത്രമാണോ എന്നൊക്കെ സംശയം തോന്നിക്കുന്ന വിധത്തിലാണ് ആര്യയുടെ വെട്രിയെ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം സിനിമയ്ക്ക് വേരോ്ട്ടമുണ്ടാക്കാനാവുന്ന വിധത്തിലാണ് സിനിമ എഴുതിയിരിക്കുന്നതും അവതരിപ്പിച്ചിരിക്കുന്നതും.

മലയാളത്തിന് പുറമേ തമിഴും ശ്രീലങ്കന്‍ തമിഴും തെലുങ്കുമെല്ലാം അനന്തന്‍ കാടില്‍ യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. ഇവയൊന്നും പക്ഷേ, ഭാഷയറിയില്ലെന്ന കടമ്പയില്‍ പ്രേക്ഷകന് മനസ്സിലാകാതെ പോവുകയുമില്ല.

പഴയകാല കഥ പറയുന്ന കൂട്ടത്തില്‍ കേരള രാഷ്ട്രീയത്തിലെ ചില നിമിഷങ്ങളും കൂടി സിനിമ അവതരിപ്പിക്കുന്നുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ പറയുന്നതുപോലെ അതിശക്തമായ രാഷ്ട്രീയമാണ് കഥാഗതിയില്‍ സിനിമ ചേര്‍ത്തുവെച്ചിരിക്കുന്നത്. തിരക്കഥയ്ക്ക് മാത്രമല്ല സംഭാഷണങ്ങളിലുമുണ്ട് അതിശക്തമായ ഭാഷ. എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും കേരള രാഷ്ട്രീയം മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയവും ശ്രീലങ്കന്‍ രാഷ്ട്രീയവും കൂടി അറിയുന്നവര്‍ക്കായിരിക്കും സിനിമ കൂടുതല്‍ മനസ്സിലാവുക.

എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും തുടക്കത്തിലും തിരുവനന്തപുരത്ത് കണ്ടതും കേട്ടതും അറിഞ്ഞതുമൊക്കെയാണ് മുരളി ഗോപി സിനിമയ്ക്കായി കരുതിവെച്ചത്. അറിയുന്ന ദേശത്തിന്റെ അറിയാത്ത കഥയാണ് അനന്തന്‍ കാട് പറയുന്നത്. മലയാളം സിനിമകള്‍ ദേശങ്ങള്‍ വിട്ട് സഞ്ചാരം തുടങ്ങിയതിനാല്‍ അനന്തന്‍ കാടിലും ദേശാന്തര ഗമനങ്ങളുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളിലും രാജസ്ഥാനിലെ മരുഭൂമിയിലും മാത്രമല്ല ശ്രീലങ്കയിലെ ജാഫ്‌നയിലൂടേയും കഥ സഞ്ചരിക്കുന്നുണ്ട്.

അനന്തന്‍ കാടിന്റെ സെറ്റുകളും എടുത്തു പറയേണ്ടതുണ്ട്. ജാഫനയിലെ കേന്ദ്രങ്ങളും തമിഴ്‌നാട്ടിലെ രംഗങ്ങളും മാത്രമല്ല രാജസ്ഥാനിലെ മരുഭൂമി പോലും മനോഹര പശ്ചാതലങ്ങളായി മാറ്റിയിട്ടുണ്ട്.

മാര്‍ക്കോയിലേതു പോലെ അതിഭീകര വയലന്‍സ് രംഗങ്ങള്‍ അനന്തന്‍ കാടിലില്ലെങ്കിലും ചില രംഗങ്ങള്‍ അതിക്രൂരമോ നിഷ്ഠൂരമോ ആയതിനാലാവണം സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. മാത്രമല്ല 18ന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് സിനിമ കാണാനുള്ള അനുവാദവുമുള്ളത്.

കുഞ്ചാക്കോ സംവിധാനം നിര്‍വഹിച്ച കണ്ണപ്പനുണ്ണി എന്ന ചിത്രിത്തിലെ 'പൊന്നിന്‍കട്ടയാണെന്നാലും' എന്ന ഗാനം അരനൂറ്റാണ്ട് തികയുന്ന സന്ദര്‍ഭത്തില്‍ അനന്തന്‍ കാടില്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രേം നസീറും ഷീലയും നായികാ നായകന്മാരായി വേഷമിട്ട നൂറാമത് ചിത്രമായിരുന്നു കണ്ണപ്പനുണ്ണി. പി ഭാസ്‌ക്കരന്റെ രചനയില്‍ കെ രാഘവന്‍ സംഗീതമിട്ട പതിമൂന്ന് ഗാനങ്ങളാണ് കണ്ണപ്പനുണ്ണിയിലുണ്ടായിരുന്നത്. യേശുദാസും പി ജയചന്ദ്രനും ചേര്‍ന്ന് പാടിയാ അതിലൊരു ഗാനമാണ് മുരളി ഗോപിയും ദീപക് ബ്ലൂവും ചേര്‍ന്ന് അനന്തന്‍ കാടില്‍ പാടിയിരിക്കുന്നത്.

യുവയുടെ ക്യാമറ നല്‍കുന്ന ചടുല രംഗങ്ങളെ രോഹിത് വി എസ് വാരിയത്താണ് കാഴ്ചക്കാരനിലേക്ക് എഡിറ്റ് ചെയ്ത് എത്തിച്ചിരിക്കുന്നത്. കാന്താരയുടെ സംഗീത സംവിധായകന്‍ ബി അജനീഷ് ലോക്‌നാഥ് ആദ്യമായി മലയാളത്തില്‍ നല്‍കിയ സംഗീതം സിനിമയുടെ തേരോട്ടത്തിന് അനുസരിച്ച് ഉച്ഛസ്ഥായിയിലാണ് ഇടം പിടിച്ചിരിക്കുന്നത്. സിനിമയുടെ മൂഡ് സൃഷ്ടിക്കുന്നതില്‍ സംഗീതത്തിന് പ്രധാന സ്ഥാനമുണ്ട്.

മലയാളത്തിനു പുറമേ തമിഴിലും അനന്തന്‍കാട് റിലീസ് ചെയ്തിട്ടുണ്ട്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ് വിനോദ് കുമാറും ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ദി ഷോ പീപ്പളും ചേര്‍ന്നാണ് അനന്തന്‍ കാട് നിര്‍മിച്ചിരിക്കുന്നത്.

അശ്വിനി പി

ഓതറിനെ കുറിച്ച്

അശ്വിനി പി

സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കൂ

Read Entire Article