അനായാസം ആർസിബി, വിജയലക്ഷ്യം പത്തോവറിൽ‍ മറികടന്നു, നാലാം ഫൈനലിലേക്ക് മാസ് എൻട്രി; കപ്പുയർത്താൻ കോലി

7 months ago 8

ഓൺലൈൻ ഡെസ്‌ക്

Published: May 29 , 2025 09:18 PM IST Updated: May 29, 2025 10:25 PM IST

1 minute Read

rcb
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ആർസിബി താരങ്ങൾ. Photo: X@IPL

മൊഹാലി∙ പഞ്ചാബ് കിങ്സിനെ തകര്‍ത്തെറിഞ്ഞ് ഐപിഎലിലെ നാലാം ഫൈനലിലേക്ക് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മാസ് എൻട്രി. ഒന്നാം ക്വാളിഫയറിൽ എട്ട് വിക്കറ്റ് വിജയമാണ് ആർസിബി സ്വന്തമാക്കിയത്. പഞ്ചാബ് ഉയർത്തിയ 102 റൺസ് വിജയലക്ഷ്യം പത്തോവറിൽ‍ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടന്നു. തോറ്റെങ്കിലും ഫൈനല്‍ യോഗ്യത ഉറപ്പാക്കാൻ പഞ്ചാബിന് ഒരു അവസരം കൂടി ലഭിക്കും. വെള്ളിയാഴ്ച നടക്കുന്ന മുംബൈ ഇന്ത്യൻസ്– ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തിലെ വിജയികളിലെ രണ്ടാം ക്വാളിഫയറിൽ തോൽപിച്ചാൽ പഞ്ചാബിന് കലാശപ്പോരിലേക്ക് കടക്കാം.

ഐപിഎല്ലിൽ ആർസിബിയുടെ നാലാം ഫൈനലാണിത്. 2009,2011, 2016 സീസണുകളിൽ ഫൈനലിലെത്തിയിട്ടുള്ള ആർസിബിക്ക് മൂന്നു വട്ടവും കിരീടം നഷ്ടമായിരുന്നു. സൂപ്പർ താരം വിരാട് കോലി ഐപിഎൽ ട്രോഫി നേടുന്നതു കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. 27 പന്തുകൾ നേരിട്ട ഫിൽ സോൾട്ട് 56 റൺസെടുത്തു പുറത്താകാതെനിന്നു. വിരാട് കോലി (12 പന്തിൽ 12), മയങ്ക് അഗർവാൾ (13 പന്തിൽ 19), രജത് പാട്ടീദാർ (എട്ടു പന്തിൽ 15) എന്നിങ്ങനെയാണു മറ്റു ബാറ്റർമാരുടെ സ്കോറുകൾ.മറുപടി ബാറ്റിങ്ങിൽ അനായാസമായിരുന്നു ആര്‍സിബിയുടെ ബാറ്റിങ്. സ്കോര്‍ 30 ൽ നില്‍ക്കെ വിരാട് കോലിയുടെ നഷ്ടമായെങ്കിലും ടീം പതറിയില്ല. പവർപ്ലേയിൽ ടീം നേടിയത് 61 റൺസ്. ഫിൽ സോൾട്ട് അർധ സെഞ്ചറി നേടി പുറത്താകാതെ നിന്നതോടെ 10 ഓവറിൽ ആർസിബി വിജയ റൺസ് കുറിച്ചു. മുഷീർ ഖാന്റെ പത്താം ഓവറിലെ അവസാന പന്തിൽ സിക്സർ തൂക്കി രജത് പാട്ടീദാറാണ് ആർസിബിക്കായി വിജയ റൺസ് കുറിച്ചത്.

phil-salt

ആർസിബി താരം ഫിൽ സോൾട്ടിന്റെ ബാറ്റിങ്. Photo: X@RCB

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സ് 14.1 ഓവറിൽ 101  റൺസെടുത്തു പുറത്തായി. 17 പന്തിൽ 26 റൺസടിച്ച മാർകസ് സ്റ്റോയ്നിസാണ് പഞ്ചാബ് കിങ്സിന്റെ ടോപ് സ്കോറർ. പ്രബ്സിമ്രൻ സിങ് (10 പന്തിൽ 18), അസ്മത്തുല്ല ഒമർസായി (12 പന്തിൽ 18) എന്നിവരാണ് പഞ്ചാബിന്റെ മറ്റു പ്രധാന സ്കോറർമാർ. പ്രിയൻഷ് ആര്യ (ഏഴ്), ജോഷ് ഇംഗ്ലിഷ് (നാല്), ശ്രേയസ് അയ്യർ (രണ്ട്), നേഹൽ വധേര (എട്ട്), ശശാങ്ക് സിങ് (മൂന്ന്), ഹർപ്രീത് ബ്രാർ (നാല്) എന്നിവരെല്ലാം ബാറ്റിങ്ങിൽ നിരാശപ്പെടുത്തി.

പ്രിയന്‍ഷ് ആര്യമുതൽ ജോഷ് ഇംഗ്ലിഷ് വരെയുള്ള പഞ്ചാബ് ടോപ് ഓർഡർ ബാറ്റർമാരുടെ വിക്കറ്റുകൾ പവർപ്ലേയിൽ തന്നെ ആർസിബി തൂക്കിയിരുന്നു.നിർണായക മത്സരത്തിൽ ബെംഗളൂരു ബോളർമാരെല്ലാം അവസരത്തിനൊത്ത് ഉയർന്നതോടെ പഞ്ചാബ് പ്രതിരോധത്തിലായി. ജോഷ് ഹെയ്സൽവുഡും സുയാഷ് ശർമയും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. യാഷ് ദയാൽ രണ്ടു വിക്കറ്റുകളും ഭുവനേശ്വർ കുമാറും റൊമാരിയോ ഷെഫേർഡും ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

പഞ്ചാബ് കിങ്സ് പ്ലേയിങ് ഇലവൻ– പ്രിയൻഷ് ആര്യ, പ്രബ്സിമ്രൻ സിങ്, ജോഷ് ഇംഗ്ലിഷ്, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നേഹൽ വധേര, മാർകസ് സ്റ്റോയ്നിസ്, ശശാങ്ക് സിങ്, മുഷീർ ഖാൻ, അസ്മത്തുല്ല ഒമർസായി, ഹർപ്രീത് ബ്രാർ, കൈൽ ജാമീസൻ.

റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു പ്ലേയിങ് ഇലവൻ– ഫില്‍ സോൾട്ട്, വിരാട് കോലി, രജത് പാട്ടീദാർ (ക്യാപ്റ്റൻ), ലിയാം ലിവിങ്സ്റ്റൻ, ജിതേഷ് ശർമ, റൊമാരിയോ ഷെഫേഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യഷ് ദയാൽ, ജോഷ് ഹെയ്സൽ‍വുഡ്.

English Summary:

Punjab Kings vs Royal Challengers Bengaluru, IPL 2025 Match, Qualifier 1 - Live Updates

Read Entire Article