Published: September 22, 2025 02:45 PM IST Updated: September 22, 2025 03:57 PM IST
1 minute Read
ദുബായ് ∙ കളത്തിലെ കളിമികവിനേക്കാൾ കളിക്കളത്തിലെ വിവാദങ്ങളാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടങ്ങളിൽ പലപ്പോഴും ചർച്ചയാകാറുള്ളത്. ഏഷ്യാകപ്പിലും അതിനു മാറ്റമില്ല. സൂപ്പർ ഫോർ മത്സരത്തിൽ പാക്കിസ്ഥാനെ ഇന്ത്യ ആറു വിക്കറ്റിനു തകർത്തെങ്കിലും മത്സരത്തിനിടെ പാക്ക് താരങ്ങൾ നടത്തിയ ‘പ്രകോപനങ്ങളുടെ’ വാർത്തകളാണ് ചർച്ചാവിഷയം. കളി തോറ്റെങ്കിലും വാക്പോരും ആംഗ്യങ്ങളുമായി മുന്നിൽനിന്നത് പാക്ക് താരങ്ങൾ തന്നെയാണ്. മത്സരത്തിനിടെ തങ്ങളെ ‘ചൊറിഞ്ഞ’ പാക്കിസ്ഥാൻ പേസർ ഹാരിസ് റൗഫിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങളായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും.
അനാവശ്യമായി പാക്ക് താരങ്ങൾ പ്രകോപിപ്പിച്ചതാണ് തകർത്തടിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് പ്ലെയർ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ടശേഷം സമ്മാനദാനച്ചടങ്ങില്‍ അഭിഷേക് ശർമ പറഞ്ഞു. ‘‘ഒരു കാരണവുമില്ലാതെ അവർ ഞങ്ങളുടെ അടുത്തേക്ക് വന്നു, എനിക്ക് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് തിരിച്ചടിച്ചത്. ടീമിനായി ഡെലിവർ ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. ഗില്ലിനൊപ്പം സ്കൂൾ കാലം മുതൽ ഒരുമിച്ചു കളിക്കുന്നതാണ്. ഈ കമ്പനി ഞാൻ ആസ്വദിക്കുന്നു. ഞങ്ങൾ ചെയ്യുമെന്ന് ഉറപ്പിച്ചു, ഇന്ന് ഞങ്ങളുടെ ദിവസമായിരുന്നു. അദ്ദേഹത്തിന്റെ പിന്തുണ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. ഇങ്ങനെ കളിക്കുന്നുണ്ടെങ്കിൽ അതു ടീം നൽകുന്ന പിന്തുണയുള്ളതുകൊണ്ടാണ്’’– അഭിഷേക് പറഞ്ഞു.
മത്സരശേഷം സമൂഹമാധ്യമത്തിൽ പങ്കുവച്ച് പോസ്റ്റിലും അഭിഷേകിന്റെ മറുപടി കൃത്യമായിരുന്നു. ‘നിങ്ങൾ സംസാരിക്കും, ഞങ്ങൾ ജയിക്കും’ എന്ന കുറിപ്പോടെയാണ് അഭിഷേക്, മത്സരത്തിലെ ചിത്രങ്ങൾ പങ്കുവച്ചത്. ‘വാക്കുകളല്ല സംസാരിക്കുന്നത്, മത്സരമാണ്’ എന്നായിരുന്നു ശുഭ്മാൻ ഗില്ലിന്റെ പോസ്റ്റ്. ഇരുവർക്കും പിന്തുണയുമായി ഇന്ത്യൻ ആരാധകരും കമന്റുമായി എത്തി.
ഇന്ത്യൻ ഇന്നിങ്സിൽ അഞ്ചാം ഓവറിലായിരുന്നു സംഭവം. പാക്ക് പേസർ ഹാരിസ് റൗഫ് എറിഞ്ഞ ആദ്യ ഓവറായിരുന്നു അത്. രണ്ടു ഫോറടക്കം 12 റൺസാണ് ആ ഓവറിൽ റൗഫ് വഴങ്ങിയത്. ഓവറിലെ അവസാന പന്തിൽ ഗിൽ ഫോറടിച്ചതിനു പിന്നാലെ റൗഫ് പ്രകോപനവുമായി എത്തുകയായിരുന്നു. ഗിൽ ചുട്ടമറുപടി നൽകിയതോടെ അഭിഷേകും എത്തി. പിന്നാലെ അഭിഷേകും റൗഫും തമ്മിലായി വാക്പോര്. ഇതോടെ അംപയർ ഗാസൽ സോഹൽ ഇടപെട്ട് ഇരുവിഭാഗത്തെയും ശാന്തരാക്കുകയായിരുന്നു.
39 പന്തിൽ 5 സിക്സും 6 ഫോറുമടക്കം 74 റൺസുമായി തകർത്തടിച്ച അഭിഷേകിന്റെ ബലത്തിൽ ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചത്. 7 പന്ത് ബാക്കി നിൽക്കെ 6 വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ വീഴ്ത്തിയത്. സ്കോർ: പാക്കിസ്ഥാൻ 20 ഓവറിൽ 5ന് 171. ഇന്ത്യ 18.5 ഓവറിൽ 4ന് 174. ഒന്നാം വിക്കറ്റിൽ ശുഭ്മൻ ഗില്ലിനൊപ്പം (28 പന്തിൽ 47) സെഞ്ചറിക്കൂട്ടുകെട്ടുമായി (59 പന്തിൽ 105) ഇന്ത്യൻ ചേസിന് അടിത്തറയിട്ട അഭിഷേകാണ് പ്ലെയർ ഓഫ് ദ് മാച്ച്.
English Summary:








English (US) ·