തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കായിക മേളയിൽ മത്സരിക്കാൻ പാലക്കാടുനിന്നുമെത്തിയതാണ് ഇരട്ടക്കുട്ടികളായ ശ്രേയയും ശ്രദ്ധയും. ശ്രേയ സീനിയർ 3 കിലോമീറ്റർ നടത്തത്തിൽ വെള്ളി നേടിയപ്പോൾ, അനുജത്തി ശ്രദ്ധ ജൂനിയർ വിഭാഗത്തിൽ പോരാടി വെങ്കലം സ്വന്തമാക്കി. ശനിയാഴ്ച രാവിലെ നടന്ന സീനിയർ െപൺകുട്ടികളുടെ നടത്തത്തിൽ 15:39 മിനിറ്റിലാണ് ശ്രേയ രണ്ടാം സ്ഥാനത്തേക്കു നടന്നെത്തിയത്. കണ്ണൂർ മാത്തിൽ ഹയർസെക്കൻഡറി സ്കൂളിലെ പി.വി. നിരഞ്ജനയ്ക്കാണ് ഈ ഇനത്തിൽ ഒന്നാം സ്ഥാനം. 15:24 മിനിറ്റാണ് നിരഞ്ജനയുടെ സമയം.
വെള്ളിയാഴ്ച രാവിലെ നടന്ന ജൂനിയർ വിഭാഗത്തിലെ മത്സരത്തിൽ മലപ്പുറത്തിന്റെ നിരഞ്ജന, ശിഖ എന്നിവർക്കു പിന്നിലായാണ് ശ്രദ്ധ മൂന്നാമത് ഫിനിഷ് ചെയ്തത്. 16:18 മിനിറ്റാണ് ശ്രദ്ധയുടെ സമയം. പാലക്കാട് ആർപിഎംഎച്ച്എസ് പനങ്ങാട്ടിരിയിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. ഇരട്ടകളാണെങ്കിലും മിനിറ്റുകളുടെ വ്യത്യാസത്തിൽ ആദ്യം പിറന്ന ശ്രേയയാണ് ചേച്ചി. അതുകൊണ്ടുതന്നെ ജൂനിയർ വിഭാഗത്തിൽ അനുജത്തി ശ്രദ്ധയ്ക്കൊപ്പം മത്സരിക്കാൻ യോഗ്യതയുണ്ടായിരുന്നിട്ടും ശ്രേയ അതു വേണ്ടെന്നുവച്ചു. സീനിയർ വിഭാഗത്തിൽ പോരാടാനും തീരുമാനിച്ചു.
കഴിഞ്ഞ സംസ്ഥാന മേളയിലും സീനിയർ വിഭാഗത്തിൽ പോരാടിയ ‘ജൂനിയറായ’ ശ്രേയ വെങ്കലം വിജയിച്ചിരുന്നു. ഇത്തവണ അതു വെള്ളിയാക്കിയതിന്റെ സന്തോഷത്തിലാണ് ശ്രേയ. ശനിയാഴ്ച രാവിലെ ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ വെള്ളിയിലേക്ക് ശ്രേയ നടന്നു കയറുമ്പോൾ, ലൈനിനു പുറത്ത് കട്ട സപ്പോർട്ടുമായി അനുജത്തി ശ്രദ്ധയുമുണ്ടായിരുന്നു.
കൊല്ലങ്കോട് സ്വദേശികളായ ഇരുവരും പാലക്കാട്ടേക്കു പോയാണ് പരിശീലിക്കുന്നത്. കായികാധ്യാപകൻ ബിജു വാസുദേവന്റെ കീഴിലാണു പരിശീലനം. ഡ്രൈവറായ ഉണ്ണികൃഷ്ണന്റെയും ശാന്തയുടേയും മക്കളാണ് ശ്രേയയും ശ്രദ്ധയും.
English Summary:








English (US) ·