Published: November 13, 2025 03:52 PM IST Updated: November 13, 2025 04:00 PM IST
1 minute Read
ലഹോർ∙ ഇസ്‍ലാമാബാദിൽ ബോംബ് സ്ഫോടനമുണ്ടായതിനെ തുടർന്ന് പാക്കിസ്ഥാൻ വിടാനൊരുങ്ങിയ ശ്രീലങ്കൻ താരങ്ങൾക്കെതിരെ ഭീഷണിയുമായി ശ്രീലങ്ക ക്രിക്കറ്റ് ക്രിക്കറ്റ് അസോസിയേഷൻ. അസോസിയേഷന്റെ അനുമതിയില്ലാതെ നാട്ടിലേക്കു പോകുന്നവർക്കെതിരെ നടപടിയെടുക്കുമെന്നാണ് ശ്രീലങ്ക ക്രിക്കറ്റ് അധികൃതരുടെ മുന്നറിയിപ്പ്.ഇസ്‍ലാമാബാദിൽ സ്ഫോടനം ഉണ്ടായതിനു പിന്നാലെ എട്ട് ശ്രീലങ്കൻ താരങ്ങളാണ് ഏകദിന പരമ്പരയിൽനിന്നു പിൻമാറാൻ ഒരുങ്ങിയത്.
‘‘സുരക്ഷാ ആശങ്കകളുള്ളതു കാരണം പല ശ്രീലങ്കൻ താരങ്ങളും നാട്ടിലേക്കു മടങ്ങാൻ അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ശ്രീലങ്ക ക്രിക്കറ്റ്, ടീം മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി ചേർന്ന് ഈ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് താരങ്ങൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്. പാക്കിസ്ഥാന്‍ പര്യടനം നടത്തുന്ന സംഘത്തിലെ ഓരോ അംഗത്തിനും പരമാവധി സുരക്ഷ ലഭിക്കുമെന്ന ഉറപ്പു നമുക്ക് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ താരങ്ങളും സ്റ്റാഫുകളും പരമ്പര തീരുംവരെ ടീമിനൊപ്പം തുടരണം.’’– ശ്രീലങ്ക ക്രിക്കറ്റ് പ്രസ്താവനയിൽ പ്രതികരിച്ചു.
‘‘മാനേജ്മെന്റിന്റെ നിർദേശം മറികടന്ന് ഏതെങ്കിലും താരങ്ങളോ, സപ്പോർട്ട് സ്റ്റാഫോ തിരിച്ചുപോയാൽ ഇവരുടെ നീക്കം പരിശോധിച്ച ശേഷം നടപടി വരും’’– ശ്രീലങ്ക ക്രിക്കറ്റ് പ്രതികരിച്ചു. ശ്രീലങ്കൻ താരങ്ങൾ മടങ്ങിപ്പോകാൻ അഭ്യർഥിച്ചതിനു പിന്നാലെ പാക്കിസ്ഥാൻ മന്ത്രിയും പാക്ക് ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്‍വി ശ്രീലങ്കൻ ഹൈക്കമ്മിഷനറെ കണ്ടിരുന്നു. രാജ്യത്തെ പ്രസിഡന്റിനു നൽകുന്നതിനു സമാനമായ സുരക്ഷാ സംവിധാനങ്ങൾ താരങ്ങൾക്കും ഏർപ്പെടുത്താമെന്ന് നഖ്‍വി ശ്രീലങ്കയ്ക്ക് ഉറപ്പു നൽകിയതായാണു വിവരം.
ഇസ്‍ലാമാബാദിൽ കഴിഞ്ഞദിവസം 12 പേരുടെ മരണത്തിനിടയാക്കിയ ചാവേർ ആക്രമണത്തിനു പിന്നാലെയാണ് പാക്കിസ്ഥാനിൽ പര്യടനം നടത്തുന്ന ശ്രീലങ്കൻ ക്രിക്കറ്റ് ടീമംഗങ്ങൾ സുരക്ഷ സംബന്ധിച്ച് ആശങ്കയുന്നയിച്ചത്. ഭീകരാക്രമണമുണ്ടായ ഇസ്‌ലാമാബാദിന് സമീപമാണ് മത്സരവേദിയെന്നതാണ് കളിക്കാരെ ആശങ്കയിലാക്കുന്നതെന്നും നാട്ടിലേക്കു മടങ്ങുന്നവർക്ക് പകരക്കാരെ അയയ്ക്കുമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.
ഏകദിന പരമ്പരയ്ക്കുശേഷം സിംബാബ്‍വെ കൂടി ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റും പാക്കിസ്ഥാനിൽ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ ടൂർണമെന്റും അനിശ്ചിതത്വത്തിലാണ്. ശ്രീലങ്കൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിൽ സുരക്ഷാ ഭീഷണി നേരിടുന്നത് ഇതാദ്യമല്ല. 2009ൽ പാക്കിസ്ഥാനിൽ പര്യടനം നടത്തിയ ലങ്കൻ ടീമിന്റെ ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 8 പൊലീസുകാർ കൊല്ലപ്പെടുകയും ശ്രീലങ്കൻ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ലഹോറിൽ മത്സരം നടക്കേണ്ട സ്റ്റേഡിയത്തിന് പുറത്തുവച്ചാണ് അക്രമികൾ ലങ്കൻ ടീം ബസിനു നേരെ നിറയൊഴിച്ചത്.
English Summary:








English (US) ·